ചലച്ചിത്രമേഖലയിൽ എ.ഐയുടെ ഉപയോഗമാണ് ഇപ്പോഴത്തെ ട്രെൻഡ്. നടന്മാരുടെ പ്രായം കുറയ്ക്കാനും മരിച്ചുപോയവരുടെ ശബ്ദമുപയോഗിച്ച് പാട്ടുണ്ടാക്കാനുമെല്ലാം എ.ഐയെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധർ ആശ്രയിക്കുന്നു. ഇക്കൂട്ടത്തിലേക്കെത്തുകയാണ് രജനികാന്ത് ചിത്രമായ വേട്ടയനും. ചിത്രത്തിലെ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന് തമിഴിൽ സംസാരിക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വേട്ടയന്റെ പ്രിവ്യൂ പുറത്തിറങ്ങിയത്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തത് നടൻ പ്രകാശ് രാജ് ആയിരുന്നു. അമിതാഭ് ബച്ചന്റെ യഥാർത്ഥ ശബ്ദവുമായി പ്രകാശ് രാജിന്റെ ശബ്ദം യോജിക്കുന്നില്ലെന്ന് പ്രിവ്യൂ പുറത്തിറങ്ങിയതിനുപിന്നാലെ വിമർശനമുയർന്നു. ഇതോടെയാണ് അമിതാഭ് ബച്ചന്റെ തനതായ ശബ്ദത്തിൽ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താൻ വേട്ടയന്റെ അണിയറപ്രവർത്തകർ നിർബന്ധിതരായത്.
അമിതാഭ് ബച്ചന്റെ എ.ഐ സഹായത്തോടെ പുനസൃഷ്ടിച്ച ശബ്ദത്തിലുള്ള തമിഴ് സംഭാഷണങ്ങളടങ്ങിയ പ്രിവ്യൂ ആണ് ഇപ്പോൾ യൂട്യൂബിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത്. നേരത്തേ ഈ ചിത്രത്തിലെ മനസിലായോ എന്ന ഗാനത്തിൽ അന്തരിച്ച ഗായകൻ മലേഷ്യാ വാസുദേവന്റെ ശബ്ദം എ.ഐ സഹായത്തോടെ പുനഃസൃഷ്ടിച്ചിരുന്നു. അനിരുദ്ധ് ഈണമിട്ട ഗാനം ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു.
രജനികാന്തിന്റെ 170-ാം ചിത്രമാണ് വേട്ടയൻ. ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വില്ലനായെത്തുന്നത് മലയാളികളുടെ പ്രിയ കൊമേഡിയനായ സാബുമോൻ ആണ്. ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.
ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]