
ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ഹെയര്‍ സ്റ്റൈലിസ്റ്റുകളായ മൂന്നുപേരാണ് സമരം ചെയ്യുന്നത്. ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്ത ഓള് കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിസ്റ്റ്സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിലാണ് ഇവരുടെ സമരം.
തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിനാണ് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് റിമ കല്ലിങ്കല്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റില്‍ പറഞ്ഞു. 2025-ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണ് ഇവര്‍ എന്ന് ഊന്നിപ്പറഞ്ഞ റിമ, മുഖ്യമന്ത്രിയുടെ ഓഫീസ്, പിണറായി വിജയന്, സി.പി.എം. നേതാവ് കെ.കെ. ശൈലജ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. സമരത്തിന്റെ ചിത്രങ്ങളും റിമ പങ്കുവെച്ചിട്ടുണ്ട്.
‘മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍. ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവിമാരില്‍ നിന്ന് സ്വതന്ത്രരാകാനും മേക്കപ്പ് മേധാവിമാരായി ജോലി ചെയ്യാനും അതിക്രമങ്ങളില്ലാത്ത സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുമെല്ലാമുള്ള അവകാശം ചോദിക്കുന്നു. എന്നാല്‍ ശബ്ദമുയര്‍ത്തിയതിന് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഉറക്കെ സംസാരിച്ചതിന് മാറ്റിനിര്‍ത്തപ്പെട്ടു. കമ്യൂണിസ്റ്റ് കേരളത്തിലെ 2025-ലെ വനിതാ തൊഴിലാളികളാണ് ഇവര്‍.’ -റിമ കല്ലിങ്കല്‍ കുറിച്ചു.
ബി. ഉണ്ണികൃഷ്ണന്, പ്രദീപ് രംഗന് എന്നിവര്‍ രാജിവെക്കുക, സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, മേക്കപ്പ് വിഭാഗം മേധാവികള്‍ക്ക് കീഴില്‍നിന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ സമരം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]