
ഇടുക്കിയുടെ മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ ഒരു മലയാളചിത്രം കൂടി എത്തിയിരിക്കുന്നു. തിരക്കഥയെഴുതിയിരിക്കുന്നതും ഇടുക്കിക്കാരന്. പറഞ്ഞുവരുന്നത് അം അഃ എന്ന ചിത്രത്തേക്കുറിച്ചും തിരക്കഥാകൃത്തായ കവിപ്രസാദ് ഗോപിനാഥിനെക്കുറിച്ചുമാണ്. എഞ്ചിനീയറായ കവിപ്രസാദ് തന്റെ ജോലിയില്‍നിന്നും അവധിയെടുത്താണ് സിനിമാ രംഗത്തെത്തിയത്. കൂടുതല്‍ തിരക്കഥകളെഴുതാന്‍ തന്നെയാണ് സിനിമ സ്വപ്നം കാണുന്ന ഈ ചെറുപ്പക്കാരന്റെ തീരുമാനം. കവിപ്രസാദ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കുടിയേറ്റം നടന്നയിടത്ത് കുടിയിറക്കം നടക്കുന്നു
ഒറ്റപ്പെട്ട ഒരു മലയോരഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അം അഃ എന്ന സിനിമയുടേത്. ഇടുക്കി ജില്ലയിലെ മൂലമറ്റം എന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. മൂലമറ്റം ഈസ്റ്റില്‍, ആശ്രമം ഭാഗത്തു നടക്കുന്ന കഥയാണിത്. ഇനിയും പണി പൂര്‍ത്തിയാവാത്ത, എന്നാല്‍ ടാര്‍ ചെയ്താല്‍ ഇടുക്കിയുടെ മറ്റു സ്ഥലങ്ങളിലേക്കെത്താനുള്ള ദൂരം കുറയ്ക്കുന്ന ഒരു റോഡുണ്ടിവിടെ – മൂലമറ്റം-കോട്ടമല റോഡ്. അത് ഏതാണ്ട് അമ്പത് വര്‍ഷത്തിനു മുകളിലായിട്ടും ഇപ്പോഴും പണി പൂര്‍ത്തിയാവാതെ കിടക്കുകയാണ്. ആ റോഡിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിനുവേണ്ടി ദിലീഷ് പോത്തന്റെ കഥാപാത്രം വരുന്നതാണ് സിനിമ. പണ്ട് കുടിയേറ്റം നടന്നതുപോലെ ഇപ്പോള്‍ കുടിയിറക്കം നടക്കുകയാണ്. പലയിടങ്ങളിലും കാടു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വീടുകളില്‍ പ്രായമായവര്‍ മാത്രമാവുന്നു. ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങളെ കൊണ്ടുവരാനാണ് ശ്രമിച്ചത്. രണ്ടുകാരണങ്ങളാലാണ് ഈ പ്രദേശം കഥാപശ്ചാത്തലമാക്കിയത്. കഥയിലെ മിസ്റ്ററി എലമെന്റാണ് ഒരു കാരണം. എനിക്ക് പരിചയമുള്ള പശ്ചാത്തലമാണെങ്കില്‍ അവിടുത്തെ ജനജീവിതം കുറച്ചുകൂടി റിയലിസ്റ്റിക്കായി പറയാന്‍ പറ്റുമല്ലോ എന്നതാണ് മറ്റൊന്ന്.
കവന്ത എന്ന ‘ഹിഡന്‍ സ്പോട്ട്’
സിനിമയില്‍ പറയുന്ന കവന്ത എന്ന സ്ഥലം ഒരു ഹിഡന്‍ സ്പോട്ടാണ്. ഈ സിനിമയില്‍ ഇരുപതോളം സ്ഥലപ്പേരുകള്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചുപോകുന്നുണ്ട്. അതെല്ലാം ഒറിജിനലാണ്. സിനിമയില്‍ കവന്തയായി കാണിച്ചിരിക്കുന്ന ആ സ്ഥലം സത്യത്തില്‍ കവന്തയുടേയും മുകളിലാണ്. കവന്ത ടോപ്പ് എന്നാണ് ആ സ്ഥലത്തിന്റെ പേര്. ഉളുപ്പൂണി ടോപ്പ് എന്നും പറയാറുണ്ട്.
ചിത്രീകരണ സമയത്തെ വെല്ലുവിളികള്‍
കവന്ത ടോപ്പിലേക്ക് ഷൂട്ടിങ് സാമഗ്രികള്‍ എത്തിച്ചതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നിര്‍മാണച്ചിലവും അധ്വാനവും കൂടുതലായിരുന്നു. മേമുട്ടം എന്നൊരു വഴി കൂടിയുണ്ട് ഇവിടേക്കെത്താന്‍. പ്രദേശത്തെ വിദഗ്ധരായ ജീപ്പുകാരുടെ വലിയ സഹായമുണ്ട് സാധനങ്ങളെത്തിച്ചതിനുപിന്നില്. ഭാരം ഒരേപോലെയാക്കാന്‍ ജീപ്പിന്റെ മുന്നിലും പിന്നിലും സാധനസാമഗ്രികള്‍ കെട്ടിവെച്ചാണ് മുകളിലെത്തിച്ചത്. കുറേ തലച്ചുമടായി കയറ്റി. പക്ഷേ ഈ കഷ്ടപ്പാടുകള്‍ പടത്തെ സഹായിച്ചു. ഒരുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ പോലും മുഴുവന്‍ ദിവസമെടുത്താണ് ചിത്രീകരിച്ചത്.
കഥ പ്രധാന രൂപത്തിലേക്കെത്തിയത് രണ്ടുദിവസം കൊണ്ട്
കഥ എപ്പോഴാണ് മനസില്‍ രൂപപ്പെട്ടതെന്ന് പറയാന്‍ പറ്റില്ല. കഥ അറിയാതെ എപ്പോഴോ സംഭവിച്ചതാണ്. പക്ഷേ കഥ അതിന്റെ പ്രധാന രൂപത്തിലേക്കാക്കാന് രണ്ടുദിവസമേ വേണ്ടിവന്നുള്ളൂ. തിരക്കഥ മൊത്തം പൂര്‍ത്തിയാക്കാന്‍ ഒരുമാസം വേണ്ടിവന്നു.
ദേവദര്‍ശിനി നായികയായി മലയാളത്തിലേക്ക്
തിരക്കഥ വികസിപ്പിക്കുന്ന സമയത്ത് എത്രയൊക്കെയായാലും ചില അഭിനേതാക്കള്‍ മനസിലേക്ക് വരും. ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം അദ്ദേഹത്തെ തന്നെ മനസില്‍ കണ്ട് എഴുതിയതാണ്. ദേവദര്‍ശിനി എന്ന കഥാപാത്രമായി വേറെ ചിലര്‍ മനസിലുണ്ടായിരുന്നു. രണ്ട് കാര്യങ്ങളാണ് ഈ കഥാപാത്രത്തിനായി മനസില്ക്കണ്ടിരുന്നത്. നന്നായി പെര്‍ഫോം ചെയ്യണം. രണ്ടാമത്തേത് മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ഒരാള്‍. കാരണം അമ്മിണിയമ്മ എന്ന കഥാപാത്രത്തെ നാട്ടുകാര്‍ക്കുപോലും ശരിക്കറിയില്ല. അതുപോലെത്തന്നെ പ്രേക്ഷകര്‍ക്കും ഇവരെക്കുറിച്ച് ഒരു നിഗൂഢത തോന്നണം. ഇവര്‍ വില്ലത്തിയാണോ നായികയാണോ എന്ന് ആദ്യമേ മനസിലാവരുത്. ആ അന്വേഷണത്തിനൊടുവിലാണ് ദേവദര്ശിനിയിലെത്തിയത്. കഥ കേട്ടപ്പോള്‍ത്തന്നെ അവര്‍ക്കിഷ്ടപ്പെട്ടു. മലയാളത്തിലെ തന്റെ തുടക്കം ഇതായിരിക്കണമെന്നും അവര്‍ തീരുമാനിച്ചു.
സ്റ്റീഫനായി ദിലീഷ് പോത്തനെത്തുന്നു
സ്റ്റീഫന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ദിലീഷ് പോത്തനെ സമീപിക്കുന്നതും അവിചാരിതമായാണ്. മറ്റുപലരേയും ആലോചിച്ച ശേഷമാണ് ദിലീഷ് പോത്തനിലേക്കെത്തിയത്. ആ കഥാപാത്രം എഴുതുമ്പോള്‍ പലരും മനസില്‍ വന്നിരുന്നു. അതൊക്കെ മാറ്റിവിട്ട് തിരക്കഥ പരിപൂര്‍ണ സ്വതന്ത്രമായി എഴുതാനാണ് ശ്രമിച്ചത്. ചിത്രം അമ്മിണിയമ്മയുടെ കഥയാണ് പറയുന്നത്. ചിത്രം മുന്നോട്ടുകൊണ്ടുപോവുന്ന ഒരു വിദൂഷകന്റെ റോളാണ് തനിക്കെന്ന് ദിലീഷ് തന്നെ അടുത്ത് പറഞ്ഞിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സ്റ്റീഫന്റെ ഉദ്ദേശമെന്ന് ഒരു പ്രതീതി സൃഷ്ടിച്ചെടുക്കണമെന്നതായിരുന്നു മനസില്‍. മറ്റേതൊരു മുഖ്യധാരാ നടനാണെങ്കിലും അയാളെ നമ്മള് വില്ലനാക്കില്ല എന്ന് കാണികള്‍ക്ക് മനസിലാവും. സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ ശരിക്കുമുള്ള ഉദ്ദേശമെന്തെന്ന് പ്രേക്ഷകരില്‍ സംശയമുണ്ടാക്കണം. അങ്ങനെയൊരു നടനുവേണ്ടിയുള്ള അന്വേഷണമായിരുന്നു നടത്തിയത്. ദിലീഷ് പോത്തന് ഇപ്പോഴൊരു ഹീറോ ഇമേജ് വന്നിട്ടുണ്ട്. പക്ഷേ ഈ പടം ചെയ്യുന്ന സമയത്ത് അങ്ങനെയൊന്നും ആയിരുന്നില്ല. നായക പരിവേഷമില്ലാത്ത, നന്നായി അഭിനയിക്കുന്ന ഒരാളെയായിരുന്നു ആവശ്യം. പലരേയും ആലോചിച്ചു. ചിലര്‍ ചില രംഗങ്ങള്‍ ചെയ്യാന്‍ ഓക്കെയാണ്. പക്ഷേ മറ്റു ചിലപ്പോള്‍ ഫിറ്റാകുന്നുമില്ല. അങ്ങനെയാണ് ദിലീഷ് പോത്തനിലെത്തിയത്. കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ബോധ്യപ്പെട്ടു. ദിലീഷിനെപ്പോലെ ഇത്രയും വിജയിച്ചുനില്‍ക്കുന്ന ഒരു സംവിധായകന് ഇങ്ങനെയൊരു കഥാപാത്രം ഇഷ്ടപ്പെടുക എന്നുപറഞ്ഞപ്പോള്‍ ഈ സിനിമ സംഭവിക്കേണ്ടതാണ് എന്നൊരു തോന്നല്‍ നമ്മള്‍ക്കുണ്ടായി.
ഏറ്റവും കഷ്ടപ്പെട്ട് കാസ്റ്റ് ചെയ്തയാള്‍
ഏറ്റവും കഷ്ടപ്പെട്ട് കാസ്റ്റ് ചെയ്തത് ജിന്‍സിയെ അവതരിപ്പിച്ച ശ്രുതി ജയനെയായിരുന്നു. കാരണം ഈ കഥാപാത്രം പാളിപ്പോയാല്‍ അത് മൊത്തം പടത്തെ ബാധിക്കും.
മാതൃത്വത്തിന്റെ വിവിധ വശങ്ങള്
ചിത്രത്തില്‍ മൊത്തം നാല് അമ്മമാരുണ്ട്. ഇതില്‍ ഒരമ്മയെ നമ്മള് കാണിച്ചിട്ടില്ല. ആ അമ്മയായിരിക്കാം ഈ കഥയില്‍ ഏറ്റവും അധികം വേദന അനുഭവിച്ചിട്ടുണ്ടാവുക. സ്ക്രീനില്‍ കാണിച്ചിട്ടില്ലെങ്കിലും ആ അമ്മയും വളരെ ശക്തയായൊരു കഥാപാത്രമാണ്. അവരുടെ ബാക്സ്റ്റോറി തല്ക്കാലം എന്റെ മനസില്ത്തന്നെയിരിക്കട്ടെ. പിന്നെ ഒരു സറോഗേറ്റ് മദറുണ്ട്, വളര്ത്തമ്മയുണ്ട്, ഇനിയങ്ങോട്ട് വളര്‍ത്താന്‍ പോകുന്ന മറ്റൊരമ്മയുമുണ്ട്. കൂടാതെ കാണിക്കാതിരുന്ന ആ കഥാപാത്രത്തിന്റെ അമ്മയായ മറ്റൊരു കഥാപാത്രം കൂടിയുണ്ട്. മാതൃത്വത്തിന്റെ വിവിധ വശങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സിനിമയ്ക്ക് ‘അം അഃ’ എന്ന പേരിടുവാനുള്ള അനവധി കാരണങ്ങളില്‍ ഒന്ന് തീര്‍ച്ചയായും അമ്മ എന്ന റഫറന്‍സ് തന്നെയാണ്. കുഞ്ഞി എന്ന കഥാപാത്രത്തിന്റെ അമ്മയാകുമ്പോള്‍ ആ പേരിന് അര്‍ത്ഥതലങ്ങള്‍ കൂടുന്നുമുണ്ട്.
സംഗീത സംവിധായകനെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല
പ്രീ പ്രൊഡക്ഷന്റെ സമയത്തോ പ്രൊഡക്ഷന്റെ സമയത്തോ സംഗീത സംവിധായകനെ നിശ്ചയിച്ചിരുന്നില്ല. ക്ലൈമാക്സില്‍ ഞാനെഴുതിയ ഒരു പാട്ടുണ്ട്. അതുമാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചിലയിടങ്ങളില്‍ പാട്ടുവെയ്ക്കാമെന്ന് തോന്നിയത്. അതിനനുസരിച്ച് വിഷ്വലുകളെടുത്തു. ഒരുപാട് ആലോചിച്ച ശേഷം സംവിധായകന് തോമസ് സാറാണ് പറഞ്ഞത് ഗോപി സുന്ദറിനെ സമീപിക്കാമെന്ന്. ജമ്നാപ്യാരി എന്ന ചിത്രത്തിന് രണ്ടുപേരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഞാനും സമ്മതിച്ചു. പടം കാണിച്ചപാടേ അദ്ദേഹത്തിന് വളരെ ഇഷ്ടമാവുകയും അപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ തിരക്ക് കഴിഞ്ഞിട്ട് ചെയ്തുതരാമെന്ന് പറയുകയും ചെയ്തു. പിന്നെ ഗോപി ഇരുന്നൊരു പിടിപിടിച്ചു. കാര്യമായിത്തന്നെ പുള്ളി ജോലി ചെയ്തു. എല്ലാം നമ്മള് ആഗ്രഹിച്ച രീതിയില്‍ത്തന്നെ വന്നു.
കവന്ത ഗ്രാമത്തിലെ നായകനും വില്ലനും
ജയരാജ് കോഴിക്കോട് അവതരിപ്പിച്ച ആശാന് എന്ന കഥാപാത്രം ഒരര്‍ത്ഥത്തില്‍ ഈ ചിത്രത്തിലെ നായകനാണ്. അമ്മിണിയമ്മയാണ് ഇതിലെ നായിക. അമ്മിണിയമ്മയുടെ നായകന് ആശാനാണ്. അവരെ സംരക്ഷിക്കുന്നത് ഇദ്ദേഹമാണ്. ഇതിനൊപ്പം മറ്റൊരു ആംഗിളില്‍ ചിന്തിക്കുകയാണെങ്കില്‍ ദിലീഷ് പോത്തന്റെ കഥാപാത്രം വില്ലനുമാണ്. പിന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം മനസില്‍ക്കണ്ടത് ഇന്ദ്രന്സേട്ടനെയായിരുന്നു. പിന്നെ വേറൊരു സിനിമയില്‍ സമാന സവിശേഷതകളുള്ള ഒരു കഥാപാത്രത്തെ അദ്ദേഹം അടുത്തിടെ അവതരിപ്പിച്ചിരുന്നതുകൊണ്ട് മാറിച്ചിന്തിച്ചു. പിന്നെ തോമസ് സാറാണ് ജയരാജേട്ടനെ തിരഞ്ഞെടുത്തത്. ഈ കഥാപാത്രത്തിന്റെ നേരേ വിപരീതമായ കഥാപാത്രമാണ് ടി.ജി.രവി സാര്‍ ചെയ്തത്. ഒരാള്‍ക്ക് കണ്ണു കാണില്ല, മറ്റേയാള്‍ക്ക് ചെവിയും കേള്‍ക്കില്ല. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ചിലപ്പോള്‍ ഈഗോ ക്ലാഷ് ഉണ്ടായിരിക്കാം. അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കേ അറിയൂ. എന്തായാലും അവര്‍ക്കിടയില്‍ ഒരു ‘സംഘട്ടനം’ നടന്നിട്ടുണ്ടെന്നു തീര്‍ച്ചയാണ്. അതിനു കാരണങ്ങളും ഉണ്ടാവാതെ തരമില്ലല്ലോ. അത്തരം ബാക്സ്റ്റോറികളും തല്ക്കാലം എന്റെ മനസ്സില്ത്തന്നെയിരിക്കട്ടെ. എങ്ങാനും ഒരു സീക്വല്‍ വരികയാണെങ്കില്‍ നമുക്ക് അപ്പോള്‍ എല്ലാം പുറത്തെടുക്കാം.
മൂന്ന് ആശയങ്ങള്‍ മനസിലുണ്ട്
അടുത്തതായി മൂന്ന് സിനിമകളുടെ ത്രെഡ് മനസിലുണ്ട്. ഐ.ടി പശ്ചാത്തലത്തിലുള്ള സമ്പൂര്‍ണ കോമഡി ചിത്രമാണ് ഒന്ന്. പിന്നൊരെണ്ണം സയന്‍സ് ഫിക്ഷനാണ്. അത് ചെയ്യാന്‍ വലിയ തയ്യാറെടുപ്പുവേണം. വേറൊരു നാട്ടില്‍ പറഞ്ഞാലാവും കുറച്ചുകൂടി നന്നാവുക. പിന്നൊരു മാസ് പടവും മനസിലുണ്ട്. അം അഃയില്നിന്ന് ഒന്ന് ഇറങ്ങിയിട്ടുവേണം പുതിയ ചിത്രങ്ങളുടെ പണിയിലേക്ക് കടക്കാന്‍. നിലവില്‍ എഞ്ചിനീയറാണ്. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും ജോലി ചെയ്യുന്നുണ്ട്. അതിന് ചെറിയ അവധികൊടുത്തിട്ടാണ് സിനിമ ചെയ്യാനിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net