തിരുവനന്തപുരം: എന്നും തന്നേക്കാൾ സ്ഥാനം പുരുഷന്മാർക്കേ കൊടുത്തിട്ടുള്ളുവെന്നും ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്നും നടി പ്രിയങ്ക അനൂപ്. എന്തിനാണ് എല്ലാക്കാര്യത്തിലും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്നും അവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. രാഹുൽ ഈശ്വറും അവർക്കൊപ്പമുണ്ടായിരുന്നു.
പുരുഷന്മാരും സ്ത്രീകളും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾ തുല്യമായി രണ്ടുപേരേയും പുറത്തുകാണിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. സ്ത്രീകൾ തെറ്റുചെയ്താൽ പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ശിക്ഷ നൽകണം. പുരുഷന്മാരെ മാറ്റിനിർത്തുകയല്ലല്ലോ വേണ്ടത്. ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആളുകളല്ല പുരുഷന്മാർ, പ്രത്യേകിച്ച് ഭർത്താക്കന്മാർ. പുരുഷന്മാർക്ക് സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാമെന്ന അഭിപ്രായക്കാരിയാണ് താനെന്നും അവർ പറഞ്ഞു.
പുരുഷന്മാർക്ക് ഒപ്പം നിൽക്കുന്നയാളാണ് ഞാൻ. കാരണം നിങ്ങൾക്കൊരിക്കലും നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓരോ കാര്യങ്ങളും എന്തെങ്കിലും പറഞ്ഞ് നിങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. മെൻസ് കമ്മീഷൻ വരികയാണെങ്കിൽ അത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. ചില പോയിന്റുകൾ നോക്കുകയാണെങ്കിൽ നിങ്ങളുടെ ഭാഗത്ത് ഒരുപാട് ന്യായങ്ങളുണ്ട്. ഒരു സ്ത്രീ ഹോട്ടൽ മുറിയിൽ പോകുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആ സ്ത്രീതന്നെ ഏറ്റെടുക്കണം. അല്ലാതെ പുരുഷന്മാരെയല്ല കുറ്റം പറയേണ്ടത്.
ഒരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ പുരുഷന്മാരുടെ മുഖം മാത്രം അങ്ങ് കാണിക്കും. സ്ത്രീയുടെ മുഖം മറയ്ക്കും. രണ്ടുപേരും തുല്യ കുറ്റക്കാരല്ലേ? സ്ത്രീകളാണെങ്കിൽപ്പോലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കുകതന്നെ വേണം. 20 വർഷം കേസ് നടത്തി വിജയിച്ചയാളാണ് താനെന്നും താനെത്ര സഹിച്ചിട്ടുണ്ടാവുമെന്നും അവർ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ പുരുഷ കമ്മീഷന്റെ കരട് പ്രിയങ്കയ്ക്ക് രാഹുൽ ഈശ്വർ കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]