കാഞ്ഞങ്ങാട്: ‘ഈ പ്രായത്തിലായിരിക്കും സിനിമയിലെത്താനുള്ള നിയോഗം. ഇപ്പോള്‍ മൂന്നെണ്ണത്തില്‍ അഭിനിയച്ചു’. 77 വയസ്സുള്ള രാവണേശ്വരം വാണിയമ്പാറയിലെ തയ്യല്‍ത്തൊഴിലാളി എ.വി. ബാലകൃഷ്ണന് സിനിമാനടനായതിലുള്ള സന്തോഷം അത്രയേറെയുണ്ട്.
‘ഡിജിറ്റല്‍ വില്ലേജി’ലെ നായകന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ 30 വയസ്സുള്ള ഋഷികേശ് തന്റെ പുതിയ സിനിമയെക്കുറിച്ചാണ് പറയുന്നത്. 20 സിനിമികളില്‍ അഭിനയിച്ച നടന് പി.പി. കുഞ്ഞികൃഷ്ണന് പറയാനുള്ളതത്രയും അടുത്ത ദിവസമിറങ്ങുന്ന ‘ഒരു ജാതി ജാതകം’ സിനിമയെക്കുറിച്ചായിരുന്നു. ‘ഖുശ്ബു’ എന്ന സിനിമയുടെ ലൊക്കേഷനില്‍നിന്നാണ് ചിത്രാ നായരെത്തിയത്.
തിയേറ്ററുകളിലോടിക്കൊണ്ടിരിക്കുന്ന ‘അന്‍പോട് കണ്മണി’യിലെ ഖദീജ ഉമ്മൂമ്മ കലക്കിയിട്ടുണ്ടെന്ന് പറഞ്ഞ് നടി സി.പി. ശുഭയ്ക്ക് അഭിനന്ദനം. ‘കാസ്രോട്ടെ സില്‍മക്കാര്‍’ എന്ന പേരില്‍ സി.പി.എം. ജില്ലാ സമ്മേളന സംഘാടക സമിതി ഒരുക്കിയ കൂട്ടായ്മ ജില്ലയുടെ സിനിമാചരിത്രത്തില്‍ ആദ്യാനുഭവമായി. അമ്മയും മകനുമായും സഹോദരങ്ങളായും കൂട്ടുകാരായുമൊക്കെ ഷൂട്ടിങ് ലൊക്കേഷനില്‍ ഒന്നിച്ചവര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടിയ വൈകാരികമായ സായാഹ്നം.
ചിലര്‍ സിനിമാത്തിരക്കിലേക്ക് ചേക്കേറി. മറ്റു ചിലര്‍ക്കാകട്ടെ, ജീവിതപ്രാരാബ്ധത്തില്‍ സൗഹൃദത്തെ കൂട്ടിയിണക്കാനുമായില്ല. പതിറ്റാണ്ടുകളുടെ ഇടവേളയില്‍ അവര്‍ ഒരിക്കല്‍ കൂടി കണ്ടുമുട്ടിയപ്പോള്‍, കെട്ടിപ്പിടിച്ചും സൗഹൃദത്തെ പുതുക്കിയും സ്നേഹം പങ്കിട്ടു. പുതിയ സിനിമയില്‍ അവസരം നല്‍കുമെന്ന് ഉറപ്പുനല്‍കി സംവിധായകരും അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായ്മയെ കൂടുതല്‍ അര്‍ഥവത്താക്കി. നൂറിലേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഉത്പല്‍ വി. നായനാരുടെ ചോദ്യം, ‘ഞാന്‍ പനയാല്‍ സ്വദേശിയാണെന്ന് എത്രപേര്‍ക്കറിയാം’.
ജില്ലയൊട്ടാകെയുള്ള സിനിമാക്കാരെ ഒരുമിപ്പിക്കുകയെന്നത് ശ്രമകരമാണെന്നും മലയാള സിനിമാലോകത്ത് മാതൃകയായി പുതിയൊരു കൂട്ടായ്മയ്ക്കുള്ള തുടക്കമാകട്ടെ ഇതെന്നും സംവിധായകന് അമീര്‍ പള്ളിക്കാല്‍. ‘പൊറാട്ടുനാടകടത്തിലെയും ‘1098’-ലെയും മികവാര്‍ന്ന പ്രകടനത്തെ പങ്കുവെച്ച് നടന് അഡ്വ. സി. ഷുക്കൂറിനും ‘പ്രാവിന്കൂട് ഷാപ്പി’ലെ പോലീസ് വേഷം അടിപൊളിയാക്കിയെന്ന് പറഞ്ഞ് രാജേഷ് അഴീക്കോടനും അഭിനന്ദനം ചൊരിഞ്ഞു.
ഒത്തുകൂടിയവര്‍ 50-ലേറെപ്പേര്‍
കാഞ്ഞങ്ങാട് പൈതൃത ചത്വരത്തിലാണ് കാസര്‍കോടന്‍ സിനിമക്കാര്‍ ഒത്തുചേര്‍ന്നത്. അമീര്‍ പള്ളിക്കാലിന് പുറമെ ജില്ലയിലെ സിനിമാ സംവിധായകരായ ഗോപി കുറ്റിക്കോല്‍, ജയന് മാങ്ങാട്, വിനു കോളിച്ചാല്‍, കെ.പി. സുധാകരന്, എ.കെ. കുഞ്ഞിരാമപ്പണിക്കര്‍, സജു വി. സാമുവല്‍, റഫീഖ് പറമ്പത്ത് തുടങ്ങിയവരും പങ്കെടുത്തു. വൈശാഖന്, സെന്ന ഹെഗ്ഡെ, സുധീഷ് ഗോപിനാഥ്, രാജേഷ് മാധവന് തുടങ്ങിയവരെയെല്ലാം ക്ഷണിച്ചെങ്കിലും ഷൂട്ടിങ് ലൊക്കേഷനിലായതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ഷുക്കൂര്‍ വക്കീലിനും രാജേഷ് അഴീക്കോടനുമൊപ്പം കൂട്ടായ്മയുടെ സംഘാടകരായി ‘രാമനും ഖദീജ’യിലും അഭിനയിച്ച ടി.കെ. നാരായണന്, ‘മദനോത്സവ’ത്തില്‍ അഭിനയിച്ച രാജന് പാറക്കോല്‍ തുടങ്ങിയവരുമുണ്ടായിരുന്നു. സുനില്‍ സൂര്യ, മോഹനന് കുന്നുമ്മല്‍, ബീനാ കൊടക്കാട്, ഷൈനി വിജയന്, മോഹന്‍രാജ്, രവി പട്ടേന, വിജയന് പള്ളിപ്പാറ, ദിവാകരന് വിഷ്ണമംഗലം, ടി.കെ. പ്രഭാകരന്, കൂക്കിള്‍ രാഘവന്, അമ്മിണി ചന്ദ്രാലയം, ചന്ദ്രന്ആറങ്ങാടി, കെ. പ്രസേന്നന്, ഇ.വി. വിജയന്, ടി. പ്രമോദിനി, ഗീതാ അശോക്, തമ്പാന് കൊടക്കാട്, ലോഹി പെരിയങ്ങാനം തുടങ്ങിയവരും സംബന്ധിച്ചു.
സിനിമാക്കാര്‍ക്കിടയില്‍ ഇടമില്ലാത്ത നാടാണ് കാസര്കോടെന്ന പൊതുബോധത്തെ മാറ്റിമാറിക്കാന്‍ കാസര്‍കോട്ടുകാര്‍ക്ക് കഴിഞ്ഞെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് നടന് ഇര്‍ഷാദ് അലി പറഞ്ഞു. നടന് സന്തോഷ് കീഴാറ്റൂര്‍ മുഖ്യാഥിതിയായി. മുന്‍ എം.പി. പി. കരുണാകരന് താരങ്ങളെ ആദരിച്ചു. അഡ്വ. സി. ഷുക്കൂര്‍ അധ്യക്ഷനായി.
സംഘാടകസമിതി ചെയര്മാന് വി.വി. രമേശന്, ജനറല്‍ കണ്‍വീനര്‍ അഡ്വ. രാജ്മോഹന്‍, സാബു എബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, എം. രാഘവന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]