പ്രായമായാല്‍ സിനിമാതാരങ്ങള്‍ക്ക് ഒന്നിച്ചുകൂടി താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ താരസംഘടനയായ അമ്മ. ഇതിനുള്ള ശ്രമം ആരംഭിച്ചതായി നടന് ബാബുരാജ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു. ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍ നമ്മള് ഗ്രാമമല്ല, ഒരുപ്രദേശം മുഴുവന്‍ വാങ്ങും. അതിനുള്ള ധൈര്യം നമുക്കുണ്ട്’, വേദിയിലിരിക്കുന്ന മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയേയും ചൂണ്ടി ബാബുരാജ് പറഞ്ഞു.
‘ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം. പണ്ട് തമിഴ്നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല’, പിന്നീട് സംസാരിച്ച മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച നടന്ന പരിപാടിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പുറമേ മഞ്ജു വാര്യരും ചടങ്ങില്‍ പ്രധാന അതിഥികളായിരുന്നു. കൊച്ചിയിലെ ഓഫീസില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ്. നടന് ശ്രീനിവാസനും പരിപാടിയുടെ ഭാഗമായി.
സംഘടനയിലെ 82 അംഗങ്ങള്‍ക്ക് സ്ഥിരമായി ജീവന്‍രക്ഷാ- ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി. ഒരംഗത്തിന് പ്രതിവര്‍ഷം ഒരുലക്ഷം രൂപയുടെ മരുന്നാണ് സംഘടന എത്തിച്ചുനല്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]