കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന അതിക്രമങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ കൂടുതല്‍ പേര് വെളിപ്പെടുത്തലുമായി രംഗത്ത് വരികയാണ്. ഇപ്പോഴിതാ നടി ഡോ. ശിവാനി ഭായിയും ഇത്തരത്തില്‍ സിനിമാ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍. പ്രതികരിച്ചപ്പോള്‍ സിനിമയില്‍ അവസരം ലഭിക്കാതെ വന്നെന്നും ശിവാനി പറഞ്ഞു.
”ഒരേയൊരു അനുഭവം മാത്രമാണ് എനിക്കുണ്ടായത്. ഞാന്‍ ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടന് വന്ന് രാത്രി വാതില്‍ മുട്ടുമായിരുന്നു. ആരാണെന്ന് നോക്കുമ്പോഴേക്കും ഓടിപ്പോകും. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഹോട്ടല്‍ റിസപ്ഷനില്‍ കാര്യം പറഞ്ഞു. അവിടെ എന്തോ പാര്‍ട്ടി നടക്കുന്നുവെന്ന് പറഞ്ഞു. മദ്യപിച്ച് വല്ലവരും ചെയ്യുന്ന പണിയായിരിക്കും എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ഞങ്ങള്‍ റിസ്ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. സിനിമയുടെ സംവിധായകനോടും നിര്‍മാതാവിനോടും കാര്യം പറഞ്ഞു. അയാള്‍ ആരാണെന്ന് മനസ്സിലാകുകയും ചെയ്തു. പിന്നീട് ഈ സംഭവം ഉണ്ടായില്ലെങ്കിലും കുറച്ച് നാളത്തേക്ക് സിനിമ ഉണ്ടായിരുന്നില്ല. എന്നെ അഭിനയിപ്പിക്കരുതെന്ന് ആ നടന് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.
ഒരുപാട് കാലത്തിന് ശേഷം ചൈനാ ടൗണ്‍ എന്ന സിനിമയില്‍ അവസരം കിട്ടി. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ ഈ നടനെയും കണ്ടു. എന്നോട് കാര്യമായി വന്ന് സംസാരിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം അസ്വസ്ഥനായി നടക്കുന്നത് കണ്ടു. റാമോജി റാവു ഫിലിം സിറ്റിയില്‍ എത്തിയതിന് ശേഷം നാല് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഷൂട്ടിങ്. ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു, ഈ വ്യക്തിയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഈ വ്യക്തിയ്ക്ക് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത് ഇഷ്ടമില്ലെന്നാണ് പറഞ്ഞത്. ആ നടന് അങ്ങനെ പറഞ്ഞപ്പോള്‍, ലാല്‍ സാര്‍ (ലാലേട്ടന്) സമ്മതിച്ചില്ല. അങ്ങനെ പറഞ്ഞുവിടാന്‍ പറ്റില്ലെന്നും അഭിനയിക്കാന്‍ വന്ന കുട്ടിയെ തിരികെ അയക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
ദേഷ്യവും വാശിയുമുള്ളവര്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ ഓരോരുത്തരുടെ അനുഭവം കേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു. സിനിമയുടെ ഇഷ്ടം കൊണ്ടാണ് വരുന്നത്. ആര്‍ക്കും ഇത് സംഭവിച്ചു കൂടാ. അതേസമയം, പേരിനും പ്രശസ്തിയ്ക്കുമായി വ്യക്തികള്‍ക്കെതിരേ വ്യാജ ആരോപണം ഉന്നയിക്കരുത്. അത് അതിജീവിതരുടെ പോരാട്ടത്തെ ബാധിക്കും”- ശിവാനി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]