
രണ്ടുദിവസം മുൻപാണ് തെലുങ്ക് നടൻ നാഗാർജുന അക്കിനേനി മുംബൈ വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരാളെ തള്ളിവീഴ്ത്തിയതിന്റെ പേരിലാണ് നാഗാർജുനയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയാൻ കാരണം. നാഗാർജുന പിന്നീട് ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജയ് മേത്തയും അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ഹൻസൽ മേത്തയും പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റ് ചർച്ചയാവുകയാണ്.
സെലിബ്രിറ്റികൾ തങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടത് എങ്ങനെയെന്നാണ് ജയ് മേത്ത തന്റെ പോസ്റ്റിൽ പറയുന്നത്. ഡൗൺ സിൻഡ്രോം ബാധിച്ച തൻ്റെ സഹോദരൻ പല്ലവയെ ആളുകൾ എങ്ങനെ കാണുന്നുവെന്ന് അറിയാവുന്നതുകൊണ്ടാണ് ആ വീഡിയോ തനിക്ക് വേദനയുളവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. “ആൾക്കൂട്ടത്തെ എങ്ങനെ മികച്ചതും കൂടുതൽ ആദരവോടെയും നിയന്ത്രിക്കാമെന്ന് സുരക്ഷാ ഗാർഡുകൾക്ക് അറിവുണ്ടായിരിക്കണം. സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവർ കുറച്ച് വിട്ടുകൊടുക്കാൻ തുടങ്ങണം. ഈ ഘട്ടത്തിൽ എന്നെ തെറ്റിദ്ധരിക്കരുത്. ഈ നടനെ എനിക്കിഷ്ടമാണ്. അതെപ്പോഴും അങ്ങനെതന്നെ. എന്നാൽ തന്റെയടുത്തേക്ക് വന്ന ആളെ നോക്കാൻ പോലും അദ്ദേഹം മെനക്കെടാത്തതും സെക്യൂരിറ്റി ഗാർഡ് ആട്ടിയിറക്കിയ ആ വ്യക്തിയെ തിരിഞ്ഞുനോക്കാൻ പോലും തയ്യാറാകാതിരുന്നതും ഞാൻ വെറുക്കുന്നു”, ജയ് മേത്ത കുറിച്ചു.
തന്റെ സഹോദരൻ പല്ലവ ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയാണെന്നതാണ് ആ വീഡിയോ കണ്ടപ്പോൾ അലോസരപ്പെടാൻ കാരണമെന്ന് ജയ് ചൂണ്ടിക്കാട്ടി. “അത് ജനിതകമായി സംഭവിക്കുന്നതാണ്. സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെയും വലിയ ആരാധകനാണ് പല്ലവ. അവരുടെ ചിത്രങ്ങളും പാട്ടുകളുമെല്ലാം അവനറിയാം. ഞങ്ങളുടെ പേരുപോലും ശരിയായി ഉച്ചരിക്കാത്ത അവൻ അവരുടെ പേരും സിനിമയും പാട്ടുമെല്ലാം നന്നായി പറയുന്നു. കഴിഞ്ഞദിവസം കണ്ട വീഡിയോ ശരിക്ക് ഞെട്ടിച്ചു.
വിദ്യാസമ്പന്നരെന്ന് കരുതുന്നവർപോലും എന്റെ സഹോദരനെ വിചിത്രമായ രീതിയിലാണ് നോക്കുന്നത്. അതെനിക്ക് ശീലമായി. എൻ്റെ സഹോദരൻ്റെ അവസ്ഥകണ്ട് അവനെ ആരെങ്കിലും ആ വഴിക്ക് തള്ളിക്കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ആരായാലും. ഞങ്ങളുടെ ഒരു സ്ക്രീനിംഗിനും അദ്ദേഹം ഒരിക്കലും വരാത്ത ഒരേയൊരു കാരണം, ആരെങ്കിലും അവനെക്കുറിച്ച് മോശം അഭിപ്രായം പറയുകയോ അല്ലെങ്കിൽ അയാൾ ‘വിചിത്രനാണ്’ എന്ന് കരുതി അവനെ തള്ളുകയോ ചെയ്താലോ എന്നതിനാലാണ്. നാഗാർജുന സാർ ഉൾപ്പെടെ ടിവിയിൽ കണ്ടിട്ടുള്ള ഏതൊരു വ്യക്തിയോടും എൻ്റെ സഹോദരൻ ഇതേ കാര്യം ചെയ്യുന്നത് എനിക്ക് മനസിൽ കാണാൻ കഴിയും. വിദ്യാസമ്പന്നനായ ഒരു വ്യക്തിയെ കുറച്ചുകൂടി ബോധവാന്മാരും സൗമ്യതയും ഉള്ളവരായിരിക്കാൻ പഠിപ്പിക്കുന്നതിനുപകരം, തല താഴ്ത്തിയും വായ അടച്ചും ഇരിക്കാൻ ഭിന്നശേഷിയുള്ള ഒരു കുട്ടിയെ പഠിപ്പിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നത്.” ജയ് കൂട്ടിച്ചേർത്തു. ഈ കുറിപ്പാണ് ഹൻസൽ മേത്ത പങ്കുവെച്ചത്.
“ഇതൊരു യഥാർത്ഥ കഥയാണ്. എൻ്റെ മകൻ പല്ലവൻ ഈ വലിയ താരത്തിൻ്റെ ആരാധകനാണ്. അദ്ദേഹത്തെ ഒന്നുവന്നുകാണുന്നത് അവന്റെ ലോകത്തെ അർത്ഥപൂർണമാക്കുമെന്ന് ഞാൻ അവൻ്റെ സഹോദരനിലൂടെയും അടുത്ത സുഹൃത്തുക്കളിലൂടെയും പല സമയത്തും അഭ്യർത്ഥിച്ചിരുന്നു. അത് എൻ്റെ കുട്ടിക്കുള്ള എൻ്റെ സമ്മാനമായിരിക്കും. നേത്ര ശസ്ത്രക്രിയ ചെയ്തപ്പോൾ പത്രത്തിൽ ആദ്യം തിരിച്ചറിഞ്ഞത് ആ താരത്തെയാണ്. പക്ഷെ താരത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ പ്രതികരണമൊന്നും ഉണ്ടായില്ല. ഇപ്പോൾ വർഷങ്ങളായി പല്ലുവിൻ്റെ വൈജ്ഞാനികമായ കഴിവുകൾ കുറഞ്ഞിരിക്കുകയാണ്. ഇനി ആ കൂടിക്കാഴ്ച എപ്പോഴെങ്കിലും സംഭവിച്ചാലും അർത്ഥമില്ല”. ഹൻസൽ മേത്ത കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]