
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ… ഈ പേര് കേൾക്കുമ്പോൾ ഒറ്റമുഖമേ മലയാളികളായ സിനിമാ പ്രേമികൾക്ക് മനസിൽ വരൂ. സുരേഷ് ഗോപി എന്ന ആ താരത്തിന് ഇന്ന് അറുപത്താറ് വയസ് തികയുന്നു. ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ആയതിനാൽ പാർലമെന്റിലായിരിക്കും പിറന്നാൾ ദിവസം സുരേഷ് ഗോപി. വിനോദസഞ്ചാരം, പെട്രോളിയം–പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയുമാണ് ഇന്ന് അദ്ദേഹം.
കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സുരേഷ് ജി. നായർ എന്ന സുരേഷ് ഗോപി. ആറാം വയസ്സിൽ ‘ഓടയിൽ നിന്ന്’ എന്ന സിനിമയിൽ ബാലതാരമായാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. മുതിർന്ന ശേഷം ‘നിരപരാധികൾ’ എന്ന ചിത്രത്തിൽ ആദ്യമായി അവസരം നൽകിയ സംവിധായകൻ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. ടി.പി.ബാലഗോപാലൻ എം.എയിലെ വേഷത്തിലൂടെ ശ്രദ്ധനേടി.
വില്ലൻവേഷങ്ങളായിരുന്നു പിന്നീട്. ഇരുപതാം നൂറ്റാണ്ട്, നാടോടി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാൽ പിന്നീട് ഓരോ ചിത്രങ്ങൾ കഴിയുന്തോറും സുരേഷ് ഗോപിയിൽനിന്ന് കൂടുതൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ വന്നുകൊണ്ടേയിരുന്നു. ഇന്നലെയിലെ ഡോ നരേന്ദ്രനും മനു അങ്കിളിലെ എസ്.ഐ മിന്നൽ പ്രതാപനും വടക്കൻ വീരഗാഥയിലെ ആരോമലുണ്ണിയും മണിച്ചിത്രത്താഴിലെ നകുലനും കളിയാട്ടത്തിലെ കണ്ണൻ പെരുമലയനും ഇതിനുദാഹരണം.
80-ഓളം ചിത്രങ്ങളിൽ അഭിനയിച്ചശേഷമായിരുന്നു സുരേഷ് ഗോപിയുടെ ഉള്ളിലെ യഥാർത്ഥ തീപ്പൊരി എന്തെന്ന് മലയാളി പ്രേക്ഷകർ കണ്ടത്. അതിന് തുടക്കമിട്ടത് 1992-ൽ പുറത്തിറങ്ങിയ ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിലിറങ്ങിയ തലസ്ഥാനം എന്ന ചിത്രം. ഇതേ കൂട്ടുകെട്ടിൽ തൊട്ടുപിന്നാലെയെത്തിയ ഏകലവ്യനും ബോക്സോഫീസിൽ വെന്നിക്കൊടി പാറിച്ചപ്പോൾ മലയാളത്തിൽ പുതിയൊരു സൂപ്പർതാരം ഉദയംകൊണ്ടു. കമ്മീഷണർ കൂടി പുറത്തിറങ്ങിയതോടെ പോലീസ് വേഷം ഇത്രത്തോളം ഇണങ്ങുന്ന മറ്റൊരുതാരം വേറെയില്ല എന്ന വിശേഷണവുമായി. കമ്മീഷണറിലെ തീ പാറുന്ന സംഭാഷണങ്ങൾ ഇന്നത്തെ തലമുറയ്ക്കുപോലും മനഃപാഠമാണ്. ഓർമയുണ്ടോ ഈ മുഖം എന്ന ഡയലോഗ് നിത്യജീവിതത്തിൽപ്പോലും നമ്മളിൽ പലരും ഉപയോഗിച്ചു. കമ്മീഷണറും അതിലെ നായകൻ ഭരത്ചന്ദ്രൻ ഐ.പി.എസും തെലുങ്കിലും വെന്നിക്കൊടി പാറിച്ചു. സുരേഷ് ഗോപിയുടെ ചിത്രം വരുന്നുവെന്നറിഞ്ഞാൽ സൂപ്പർതാരം ചിരഞ്ജീവിയുടെ ചിത്രത്തിന്റെ റിലീസ് പോലും മാറ്റിവച്ച ചരിത്രമുണ്ട്.
കരിയറിന്റെ ഒരു ഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ 2015-ൽ സിനിമയോട് സുരേഷ് ഗോപി താത്ക്കാലികമായി വിടപറഞ്ഞു. 2019-ൽ വിജയ് ആന്റണി നായകനായ തമിഴരസൻ എന്ന തമിഴ് ചിത്രത്തിൽ. കോവിഡ് കാരണം 2021-ലാണ് ചിത്രം റിലീസായത്. എന്നാൽ 2020-ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം വരവിലെ ചിത്രങ്ങളിൽ ജോഷി സംവിധാനംചെയ്ത പാപ്പനും അരുൺ വർമ ഒരുക്കിയ ഗരുഡനും ബോക്സോഫീസിൽ ബ്ലോക്ക് ബസ്റ്ററുകളായി.
സിനിമയ്ക്ക് പുറമേ ഗായകനായും അവതാരകനായുമെല്ലാം തിളങ്ങി അദ്ദേഹം. ഇതിനിടെ പൊതുപ്രവർത്തനവും ലോക്സഭാ തിരഞ്ഞെടുപ്പിലെ മത്സരവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞ തൃശ്ശൂർ എനിക്കുവേണം, തൃശ്ശൂർ നിങ്ങളെനിക്ക് തരണം, ഈ തൃശ്ശൂർ ഞാനിങ്ങെടുക്കുവാ എന്ന സംഭാഷണം സിനിമയെ വെല്ലുംവിധത്തിലാണ് വൈറലായത്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ തവണ തൃശ്ശൂർ സുരേഷ് ഗോപിയെ കൈവിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 74686 വോട്ടുകൾക്കാണ് സുരേഷ് ഗോപി സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്. ഇതോടെ കേരളത്തിൽനിന്ന് ബിജെപിക്കായി ലോക്സഭയിലേക്ക് ആദ്യം അക്കൗണ്ട് തുറന്ന സ്ഥാനാർത്ഥി എന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]