മലയാള സിനിമ തിരകഥകള്‍ എം.ടിക്ക് മുന്‍പും ശേഷവും എന്ന് നിസ്സംശയം പറയാനാകുംവിധമുള്ള സ്വാധീനം അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എം.ടിയുടെയും സംവിധായകന് ഹരിഹരന്റെയും കോമ്പിനേഷനില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പിറവിയെടുത്തു. അതില്‍ ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിച്ച സിനിമയായിരുന്നു 1994-ല്‍ പുറത്തിറങ്ങിയ പരിണയം. മികച്ച തിരക്കഥയ്ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി നാല് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രത്തിന് ഇന്നും പ്രസക്തിയേറെയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ നടക്കുന്ന കഥയാണ് പരിണയം പറയുന്നത്. ഫ്യൂഡൽ കാലഘട്ടത്തിലെ സ്മാര്‍ത്തവിചാരം എന്ന സാമൂഹിക തിന്മയും സ്ത്രീകള്‍ അനുഭവിച്ചിരുന്ന വിവേചനവും യാഥാസ്ഥിക സമൂഹത്തിന്റെ ചട്ടക്കൂടുകളുമെല്ലാം ഉണ്ണിമായയെന്ന പതിനേഴുകാരിയിലൂടെ എം.ടി വരച്ചുകാട്ടുന്നു. അറുപതുകാരന് പാലകുന്നത്ത് നമ്പൂതിരിയുടെ നാലാമത്തെ ഭാര്യയായിട്ടാണ് കിഴക്കേടത്ത് മനയിലെ ഉണ്ണിമായ (മോഹിനി) എത്തുന്നത്.
ആദ്യരാത്രിയില്‍ ഉണ്ണിമായയോട് ലൈംഗിക ആസക്തിയോടെ അയാള്‍ അടുക്കുമ്പോള്‍ ഒരു ജീവച്ഛവം പോലെ കിടക്കുന്ന അവളോട് നമുക്ക് സഹതാപം തോന്നും. അയാള്‍ പിന്മാറി എണീറ്റ് പോകുമ്പോഴും അവളുടെ മുഖത്ത് ഭാവവ്യത്യാസമില്ല. തന്റെ വിധിയെ എങ്ങനെ നോക്കി കാണണമെന്ന് പോലും അറിയാത്ത ഒരു നിസ്സഹായ അവസ്ഥ. ഉണ്ണിമായ മെല്ലെ ജനലരികില്‍ വന്ന് പുറത്തേക്ക് കണ്ണുകള്‍ നട്ട്, പിന്നെ വീണ്ടും അകത്ത് കടക്കുന്ന ഭര്‍ത്താവിനെയും നോക്കി ഒരു പായ വിരിച്ച് നിലത്ത് കിടക്കുന്നു. അവളുടെ മൗനത്തിന് പോലും നമ്മുടെ ഉള്ളുലയ്ക്കാന്‍ കഴിയും.
എം.ടിയുടെ തിരക്കഥകളില്‍ പലപ്പോഴും ഒരു നോട്ടത്തിനോ മൗനത്തിനോ എന്തിന് ചെറിയൊരു ചിരിക്കോ പോലും നീണ്ട സംഭാഷണങ്ങളെക്കാള്‍ അർഥമുണ്ടാകും. ആ സവിശേഷതകൾ ഏറെയുള്ള ചിത്രമാണ് പരിണയം. ഉണ്ണിമായയുടെ ഭര്‍ത്താവ് അയാളുടെ മുന്‍ഭാര്യയോട് ക്രൂരമായി പെരുമാറുമ്പോള്‍ ഒരു ഞെട്ടലോടെയും ഭയത്തോടെയുമാണ് ഉണ്ണിമായ അത് കണ്ടുനില്ക്കുന്നത് .
സമൂഹത്തില്‍ നമ്പൂതിരി സ്ത്രീകളുടേത് ദയനീയമെന്നു വിളിക്കാവുന്ന ജീവിതസാഹചര്യങ്ങളായിരുന്നു. ജോലിക്കാരിയായിരുന്ന മാതുവുമായിട്ടുള്ള ഉണ്ണിമായയുടെ സംഭാഷണത്തില്‍നിന്ന് മറ്റു ജാതിയിലുള്ള സ്ത്രീകള്‍ ധൈര്യത്തോടെ വിവേചനങ്ങളെ നേരിട്ടിരുന്നു എന്ന് പറഞ്ഞുവെക്കുന്നുണ്ട്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ താന്‍ അയാളെ ഉപേക്ഷിച്ചു എന്ന് നിസ്സാരമായി പറയുന്ന, സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന മാതു അത്തരത്തിലൊരു കഥാപാത്രമാണ്. നിശബ്ദമായി കരയുന്ന സ്ത്രീകളെ മാത്രം കണ്ടു പരിചയിച്ച ഉണ്ണിമായ അത്ഭുതത്തോടെയാണ് മാതുവിനെ കേട്ടുനിൽക്കുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം മനയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഉണ്ണിമായ ഒറ്റപ്പെടുകയാണ്. വിധവയാകുന്ന ഒരു സ്ത്രീയോടുള്ള സമൂഹത്തിന്റെ പെരുമാറ്റം, ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ശിഷ്ടകാലം ശ്വാസംമുട്ടി ജീവിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ണിമായയെ ഏറെ തളര്‍ത്തുന്നുണ്ട്. ഇവിടെയും അവള് മൗനം പാലിക്കുന്നു. സംസാരിക്കാന്‍ പോലും അവള് മറന്നു പോയോയെന്ന് തോന്നുംവിധമുള്ള മൗനം. പിന്നീട് ഉണ്ണിമായയെ കാണിക്കുമ്പോഴൊക്കെ അവള്‍ക്ക് ചുറ്റും ഇരുട്ട് മാത്രമാണ്, അവളുടെ ജീവിതത്തിന്റെ ഒരു നേര്കാഴ്ചപോലെ.
നമ്പൂതിരിയുടെ മൂത്തമകനാണ് കുഞ്ചുണ്ണി (മനോജ് കെ ജയന്), സാമൂഹിക പരിഷ്കാരങ്ങളുടെ ഭാഗമായ ഇയാളാണ് ഉണ്ണിമായയോട് അകത്തളങ്ങളില്‍ നിന്ന് പുറത്തേക്കുവരാന്‍ ആവശ്യപെടുന്ന ആദ്യ വ്യക്തി. വേണ്ടത് വേണ്ട സമയത്ത് പറയാന്‍ കഴിയണം എന്നയാള്‍ അവളോട് ഉപദേശിക്കുന്നുമുണ്ട്. അത്രയും വ്യാപ്തിയോടെയാണ് കുഞ്ചുണ്ണിയേ എം.ടി എഴുതിയിരിക്കുന്നത്. പുറംലോകം കണ്ട് തെറ്റും ശരിയും തിരിച്ചറിഞ്ഞ വ്യക്തി, അയാളിലൂടെ അവളിലേക്ക് മാറ്റത്തിന്റെ വെളിച്ചം പകരുകയാണ്. കുഞ്ചുണ്ണി അവള്‍ക്ക് പുസ്തകങ്ങള്‍ നല്കുമ്പോള്, കണ്ണൂര്‍ ജയിലിലെ തടവുകാരും പുസ്തകങ്ങള്‍ ആവശ്യപെടാറുണ്ടെന്ന് അയാള്‍ പറയുന്നുണ്ട് , ഇതിലൂടെ ഉണ്ണിമായയുടെ ജീവിതവും ഒരു തടവുകാരിക്ക് സമമെന്ന് പറയാതെ പറയുന്നു.
കഥകളി കലാകാരനായ മാധവനുമായി (വിനീത്) പ്രണയത്തിലാകുന്ന ഉണ്ണിമായ വീണ്ടും സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുകയാണ്. കലയോടും സംഗീതത്തോടുമൊക്കെ ഏറെ ഇഷ്ടമുള്ള ഉണ്ണിമായയും അയാളും തമ്മിലുള്ള ബന്ധം കൂടുതൽ ദഢമാകുന്നു. എന്നാൽ, അയാളിൽനിന്ന് അവൾ ഗർഭംധരിക്കുന്നതോടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഒരു ദുരാചാരങ്ങളിലൊന്നായ സ്മാർത്തവിചാരത്തിന് അവൾ ഇരയാക്കപ്പെടുകയാണ്. ഒരു നമ്പൂതിരി സ്ത്രീ ഭര്‍ത്താവല്ലാത്ത ഒരാളുമായി ബന്ധം പുലർത്തിയാൽ അവളെ കുറ്റവിചാരണ നടത്തിയിരുന്ന സമ്പ്രദായത്തെയാണ് സ്മാര്‍ത്തവിചാരമെന്ന് പറഞ്ഞിരുന്നത്.
വളരെ വിശദമായാണ് സ്മാര്‍ത്തവിചാരത്തിന്റെ രംഗങ്ങള്‍ കാണിക്കുന്നത്. ഇങ്ങനെ ഒക്കെ നമ്മുടെ നാട്ടില്‍ എന്നത് ആത്മിന്ദയോടെയല്ലാതെ നമുക്ക് കണ്ടിരിക്കാനാകില്ല. ഒരു ഇരുട്ടറയിലേക്ക് തള്ളി മുറിയുടെ പുറത്തേക്ക് വരാന്‍ അനുവദിക്കാതെ ദാസിയിലൂടെയാണ് ഉണ്ണിമായയുമായി സംവദിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവാരാണെന്ന് പല കുറി ചോദിക്കുന്നു, ശാരീരികവും മാനസികവുമായി അവളെ ഉപദ്രവിക്കുന്നു, സമ്മര്‍ദ്ദം ചെലുത്തുന്നു. അവിടെയും മൗനം മാത്രമായിരുന്നു അവളുടെ മറുപടി.
കേരള ചരിത്രത്തിലെ സുപ്രധാന ഏടുകളില്‍ ഒന്നായ കുറിയേടത്ത് താത്രിയുടെ ആറ് മാസം നീണ്ടുനിന്ന സ്മാര്‍ത്തവിചാരം കേരള ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളാണ്. അതിന്റെ സാമൂഹ്യപശ്ചാത്തലവും എം.ടിയുടെ തിരക്കഥയ്ക്ക് അടിസ്ഥാനമായിരിക്കാം. മാധവന്റെ അമ്മയിലൂടെ താത്രിയുടെ ചരിത്രം സിനിമയില്‍ പറയുന്നുമുണ്ട്. താത്രിയുടെ സ്മാര്‍ത്തവിചാരത്തിലൂടെ കലാ ജീവിതം നഷ്ടപെട്ട കഥകളി ആചാര്യന് തെക്കുന്തല ഗോവിന്ദനേക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മാധവന് ഭയക്കുകയാണ്.
ഉണ്ണിമായക്ക് തെളിവായി ഉപയോഗിക്കാവുന്ന ഒരു മോതിരം സമ്മാനിച്ചത് ഓര്‍ക്കുന്ന മാധവന് ഒരു രാത്രി അവളെ കാണാനെത്തുന്നുണ്ട്. അവനെ കാണുന്നതോടെ അവളുടെ പ്രതീക്ഷകള്‍ വീണ്ടും ഉണരുന്നു. പക്ഷെ, തന്റെ പേര് പറയരുതെന്ന് അപേക്ഷിക്കാനാണ് അയാൾ വന്നത് എന്ന് മനസ്സിലാക്കുന്നതോടെ താന്‍ അരങ്ങത്തുകണ്ട വീരനായകനല്ല, പകരം കണ്ടു പരിചയിച്ച പുരുഷന്മാരിൽ ഒരുവന് മാത്രമാണ് മാധവനെന്ന് അവള് തിരിച്ചറിയുന്നു. പുച്ഛത്തോടെയുള്ള ഒരു ചിരിയാണ് അയാളോടുള്ള അവളുടെ മറുപടി. നൂറു വാക്കുകളേക്കാൾ മൂർച്ചയുള്ള ആ ചിരി തുളച്ചുകയറുന്നത് പ്രേക്ഷകരിലേയ്ക്കുകൂടിയാണ്.
മാധവന്റെ വഞ്ചനയും അവജ്ഞയും ഉണ്ണിമായയെ കരുത്തയാക്കുകയാണ്. അടുത്ത ദിവസം നമ്മള് കാണുന്നത് ആൺകോയ്മയുടെയും പുരുഷാധിപത്യത്തിന്റെയും പുറംതോട് പൊട്ടിച്ച് സധൈര്യം സംസാരിക്കുന്ന പതിനേഴുകാരിയെയാണ്. അതുവരെ മൗനം മാത്രം തുടര്‍ന്ന ഉണ്ണിമായ ആദ്യമായി അവള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു.
തെറ്റ് ചെയ്തട്ടില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം നല്കുന്നു.
സിനിമയിലെ ഏറ്റവും ശക്തമായ ഈ രംഗത്ത് അവള് പറയുന്നുണ്ട്, ‘ഗര്‍ഭമുണ്ടാകും, പ്രസവിക്കും, സ്ത്രീകളെ സൃഷ്ടിച്ചത് അങ്ങനെയല്ലേ, അത് ഈശ്വരന്റെ കുറ്റം’. പേരുപോലും വിളിക്കാതെ ‘സാധനം’ എന്നുവിളിച്ച് തന്നെ അഭിസംബോധനചെയ്ത ശ്രേഷ്ഠന്മാര്ക്ക് മുന്നില്‍ ചങ്കൂറ്റത്തോടെ അവള് അവള്‍ക്കുവേണ്ടി വാദിക്കുന്നു. വലിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ലാതെതന്നെ, സംഭാഷണങ്ങളിലൂടെ ഈ രംഗം പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്നു.
സ്മാര്‍ത്തവിചാരത്തിന് ശേഷം ഭ്രഷ്ട് കല്പിച്ച് പുറത്താക്കിയ ഉണ്ണിമായ അവിടെയുള്ള ഓരോ പുരുഷന്മാരെയും മാറിമാറി നോക്കുന്നുണ്ട്. അവളുടെ കണ്ണുകളിലെ തീഷ്ണതക്ക് മുന്നില്‍ മുഖം കുനിക്കാനേ അവര്ക്കാകുന്നുള്ളു. സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറന്ന് അവള് പുറത്തേക്ക് പോകുമ്പോള്‍, ചെറിയേടത്തിയും (നമ്പൂതിരിയുടെ രണ്ടാം ഭാര്യ) ദാസിയുമെല്ലാം കരഞ്ഞുകൊണ്ട് നോക്കിനില്‍ക്കുകയാണ്. ശബ്ദമുയര്‍ത്തിയതുകൊണ്ട് ഒരാള്‍ രക്ഷപെട്ടു, മറ്റുള്ളവര്‍ ഇന്നും ആ അകത്തളങ്ങളില്‍ സാമൂഹ്യതിന്മകളുടെ ഇരയായി ജീവിതം തുടരുന്നത് സിനിമ കാട്ടിത്തരുന്നു.
പുറത്തേക്ക് ഇറങ്ങിവന്ന ഉണ്ണിമായയെ സ്വാര്‍ത്ഥ താല്പര്യത്തോടെ കാത്തിരുന്ന പുരുഷന്മാർക്കും അവൾ കീഴടങ്ങുന്നില്ല. കഴുകന്മാരേപ്പോലെ പടിക്കല്‍ കാത്തുനിന്ന അവരെ ആട്ടിപ്പായിച്ച് ഉണ്ണിമായ നടന്നകലുകയാണ്. എം. ടിയുടെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമായി ഉണ്ണിമായ മാറുന്നത് പിന്നീടുള്ള സിനിമയുടെ ക്ലൈമാക്സ് രംഗത്തിലാണ്.
തന്റെ കലയില്‍ ശ്രദ്ധ നഷ്ടപ്പെടുകയും അസ്വസ്ഥനാകുകയും ചെയ്യുന്ന മാധവന് ഉണ്ണിമായയോട് കുറ്റം ഏറ്റു പറഞ്ഞ് അവളെയും കുഞ്ഞിനേയും സ്വീകരിക്കാന്‍ വരുമ്പോള്‍ അവള് അവനെ പൂര്‍ണ്ണമായും നിരസിക്കുകയാണ്. മാധവന്റെ വിവാഹാഭ്യര്‍ത്ഥനയില്‍ കുഞ്ചുണ്ണി പോലും സന്തുഷ്ടനാണ്. എന്നാല്‍, ഭയമില്ലാത്ത നളനേയോ അര്‍ജുനനേയോ ഭീമനേയോ ആണ് (വേദിയില്‍ മാധവന് അവതരിപ്പിച്ച വേഷങ്ങള്‍) താന്‍ ഇഷ്ടപ്പെട്ടതെന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയാത്ത ഭീരുവായ മാധവനെയല്ലെന്നും ഉണ്ണിമായ ഉറപ്പിച്ച് പറയുന്നു.
അവസാന രംഗത്തില്‍ ഉണ്ണിമായ മറ്റ് സ്ത്രീകള്‍ക്കൊപ്പം നെയ്ത്ത് ജോലിയിലാണ്. വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും ഊന്നല്നല്കി അവള് പുതുജീവന്‍ നെയ്തെടുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യാത്ത ഈ ക്ലൈമാക്സാണ് പരിണയം എം. ടി-ഹരിഹരന് കോമ്പിനേഷനിലെ മികച്ച സിനിമകളില്‍ ഒന്നാക്കി മാറ്റുന്നത്. പശ്ചാത്താപം തോന്നി തിരിച്ചുവന്ന മാധവനെ ഉണ്ണിമായ സ്വീകരിച്ചിരുന്നുവെങ്കില്‍ ചിത്രം അതുവരെ പറയാന്‍ ശ്രമിച്ചതെല്ലാം പാഴായെനെ. പക്ഷെ, ഇവിടെ ഉണ്ണിമായ തിരഞ്ഞെടുത്തത് തന്റെ ആത്മാഭിമാനത്തെയാണ്.
അടിച്ചമര്‍ത്തലിന്റെയും യാഥാസ്ഥിക സമൂഹത്തിന്റെയും ഇരയാകാതെ ചോദ്യങ്ങള്‍ ഉന്നയിക്കുക, തന്റെ ശരിക്കുവേണ്ടി നിലകൊള്ളുക എന്ന ശക്തമായ രാഷ്ട്രീയം പറഞ്ഞുവെച്ചാണ് സിനിമ അവസാനിക്കുന്നത്. സിനിമയിറങ്ങി 31 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാള സിനിമാ ചരിത്രത്തിലെ പകരംവെക്കാനില്ലാത്തൊരു കഥാപാത്രമായി ഉണ്ണിമായയും പകരംവെക്കാനില്ലാത്ത സിനിമയായി പരിണയവും നിലകൊള്ളുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]