ചലച്ചിത്രതാരം അഖില ഭാര്‍ഗവനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് എഴുത്തുകാരന് ബെന്യാമിന്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ അവിചാരിതമായി ബെന്യാമിനെ നേരില്‍കണ്ട തന്റെ അനുഭവം അഖില ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരനെ കാണാനായി അഖില കോഴിക്കോട് കെഎല്‍എഫ് വേദിയിലേക്ക് എത്തുകയായിരുന്നു. അവിടെവച്ചാണ് ബെന്യാമിനും അഖിലയും കണ്ടുമുട്ടിയത്.
പണ്ട് കുറിപ്പെഴുതിയ ഡയറിയുമായാണ് താരം എഴുത്തുകാരനെ കാണാനെത്തിയത്. ഈ കണ്ടുമുട്ടലിനേക്കുറിച്ച് ബെന്യാമിന് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. വര്‍ഷങ്ങളോളം ആ ഡയറി സൂക്ഷിച്ചുവെച്ചതിന് അഖിലയോട് നന്ദിപറഞ്ഞുകൊണ്ടാണ് ബെന്യാമിന് കുറിപ്പ് അവസാനിപ്പിച്ചത്. ഇത്തരം ചെറിയ ഇഷ്ടങ്ങളാണ് എഴുത്തിന്റെ മൂലധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഒന്‍പതാം ക്ലാസുകാരി തനിക്ക് പ്രിയപ്പെട്ട ഒരെഴുത്തുകാരനെ വളരെ അവിചാരിതമായി ഒരു നോക്ക് കണ്ടതിന്റെ ആവേശത്തില്‍ സ്വകാര്യ ഡയറിയില്‍ ആ സന്തോഷം എഴുതി വച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ഈ KLF ന് ആ പെണ്‍കുട്ടി അതേ എഴുത്തുകാരനെ കാണാനായി കോഴിക്കോട് കടപ്പുറത്തേക്ക് വന്നു. അവളുടെ കൈയ്യില്‍ അന്ന് എഴുതിയ ഡയറികുറിപ്പും ഉണ്ടായിരുന്നു.
ആ ഒന്‍പതാം ക്ലാസ്സുകാരി ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. പ്രേമലുവിലെ ‘കാര്‍ത്തിക’യായും സൂക്ഷ്മദര്‍ശിനിയിലെ ‘സുലു’വായും മലയാള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനേത്രി അഖില ഭാര്ഗവന് ആണ് ആ പെണ്‍കുട്ടി. ഞങ്ങള്‍ ഏറെ മിണ്ടി, ഫോട്ടോ എടുത്തു, കാപ്പി കുടിച്ചു. തമ്മില്‍ കണ്ട ആവേശത്തില്‍ ചേട്ടന് വീഡിയോ കോള്‍ ചെയ്തു.
താര ജാഡകളില്ലാത്ത ഒരു പാവം കുട്ടി. മലയാളത്തിന്റെ അഭിമാനമായ അഖിലയെ കാണാന്‍ കഴിഞ്ഞത് എന്റെയും സന്തോഷം. നന്ദി അഖില, ഇത്രയും കാലം ആ ഡയറി സൂക്ഷിച്ചു വച്ചതിനു, ഇത്രയും കാലം ആ സ്നേഹം കാത്തു സൂക്ഷിച്ചതിനു. ഇത്തരം ചെറിയ ഇഷ്ടങ്ങളാണ് എഴുത്തിന്റെ മൂലധനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]