എണ്ണിയാലൊടുങ്ങാത്ത കഥകള്‍ ഉറങ്ങുന്നുണ്ട് ഓരോ മനുഷ്യരിലും. ആ കഥകളില്‍ ഒരംശമെങ്കിലും ചെറുകഥകളായും നോവലുകളായും ആത്മകഥകളായും ജീവചരിത്രമായും സിനിമകളായുമൊക്കെ നമ്മളിലേക്കെത്തുന്നുണ്ട്. മനുഷ്യരുടെ ഉള്ളം കവരുന്ന കഥകള്‍ എന്നും ആസ്വാദകര്‍ ഏറ്റെടുത്തിട്ടുള്ളതാണ് ചരിത്രം. തിയേറ്ററുകളില്‍ കഴിഞ്ഞ ദിവസം എത്തിയിരിക്കുന്ന ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമയുടെ കഥ തീര്‍ച്ചയായും മനുഷ്യ മനസ്സുകളില്‍ നൂറായിരം ചോദ്യങ്ങളുയര്‍ത്തുന്നതാണ്. ഈ കാലത്ത് മതത്തിനും ജാതിക്കും അപ്പുറം മനുഷ്യരെ ചേര്ത്തുപിടിക്കേണ്ടുന്ന ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് ലുക്മാനും സണ്ണി വെയ്നും പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്ന ചിത്രം.
‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. അന്ന് ആ മസ്ജിദിലെ ഖബറില്‍ അടക്കിയ ഒരാളുടെ ജീവിതത്തിലൂടെയാണ് പിന്നീട് കഥ നീങ്ങുന്നത്. അയാള്‍ ആ ഖബറില്‍ എത്തുന്നതിന് മുമ്പ് അയാളുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍. അയാളുടെ മരണത്തിനും, മരണത്തിന് അപ്പുറമുള്ള ജീവിതത്തിനും അയാളുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങളുമായി ചുറ്റുമുള്ളവര്‍ നടത്തുന്ന ചില താരതമ്യങ്ങള്‍. അങ്ങനെ ഒരു ഖബറും കുറെ മനുഷ്യരും ചേര്‍ന്ന കഥാവഴികളിലൂടെ നീങ്ങുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ കാണാത്ത പുതുമയുള്ളൊരു പ്രമേയത്തെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ്.
പൊള്ളുന്നൊരു പ്രമേയത്തെ കൈയ്യടക്കത്തോടെ സംവിധായകന് നവാസ് സുലൈമാന്‍ സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. മതം, ജാതി, പാര്‍ട്ടി അങ്ങനെ ആരും ആരുടേയും പക്ഷം പിടിക്കാതെ മനുഷ്യരെ മനുഷ്യരായി കാണാനാണ് ചിത്രത്തിലൂടെ സംവിധായകന് പറഞ്ഞുവെച്ചിരിക്കുന്നത്. ഖബറിനുള്ളിലും അതിനുചുറ്റിലും വട്ടമിട്ടാണ് ക്യാമറ ചലനങ്ങളെങ്കിലും അബ്ദുല്‍ റഹിം ഒരുക്കിയ ദൃശ്യങ്ങളും ഇഫ്തിയുടെ സംഗീതവും ഗംഭീര ദൃശ്യാശ്രവ്യാനുഭവം സമ്മാനിക്കുന്നുണ്ട്. പ്രേക്ഷകരെ ഉദ്വേഗനിമിഷങ്ങളിലൂടെ പിടിച്ചിരുത്താനും ചിത്രത്തിനാകുന്നുണ്ട്.
സണ്ണി വെയ്നും ലുക്മാനും പുറമെ ഹരിശ്രീ അശോകന്, സുജിത് ശങ്കര്‍, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി വലിയൊരു താരനിരയുടെ മികച്ച പ്രകടനങ്ങള്‍ തന്നെ ചിത്രത്തിലുണ്ട്. ഖബറില്‍ അടക്കപ്പെട്ടൊരാളാണ് ചിത്രത്തിലെ നായകന് എന്നു കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് തോന്നുന്നൊരു അതിശയോക്തിയെ മികച്ച രീതിയില്‍ സിനിമാറ്റിക്കായും ഒപ്പം റിയലിസ്റ്റിക്കായും കാഴ്ചക്കാരിലേക്ക് എത്തിക്കുവാന്‍ പ്രകടനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ള ഒട്ടുമിക്ക സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും പുതുമ നിറഞ്ഞ പ്രമേയവുമാണ് ‘ടര്‍ക്കിഷ് തര്‍ക്ക’ത്തെ വ്യത്യസ്തമാക്കുന്നത്. ജാതിമതഭേദമെന്യേ ഏവരേയും ആകര്‍ഷിക്കുന്ന ഇതിവൃത്തവുമായി എത്തിയിരിക്കുന്ന ചിത്രം തീര്‍ച്ചയായും തിയേറ്ററുകളില്‍ തന്നെ കണ്ടനുഭവിക്കേണ്ടതാണെന്ന് നിസ്സംശയം പറയാം. ലോകോത്തര നിലവാരത്തിലുള്ളൊരു പ്രമേയമാണ് സിനിമയുടേതെന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]