
സ്റ്റീഫന്‍ നെടുമ്പുള്ളി, അബ്രാം ഖുറേഷി തുടങ്ങിയ പേരുകള്‍ മലയാളി സിനിമപ്രേമികളുടെയും മോഹന്‍ലാല്‍ ആരാധകരുടെയും ഹൃദയങ്ങളില്‍ കുറിച്ചിട്ടവയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളിയായാണ് എത്തിയതെങ്കില്‍ സിനിമ അവസാനിക്കുമ്പോള്‍ കഥാപാത്രത്തിന്റെ പേര് അബ്രാം ഖുറേഷി എന്നാകുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് അബ്രാം ഖുറേഷി എന്നായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. എമ്പുരാനിലെ നായകന്റെ കഥാപാത്രം വെളിപ്പെടുത്താന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ പൃഥ്വിരാജ്.
നിങ്ങള്‍ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍, നരകത്തിന്റെ ആഴങ്ങളില്‍ എരിയുന്ന അഗ്നി കാണാനാകും അബ്രാം. സ്റ്റീഫന്‍ ഓവര്‍ലോര്‍ഡ് എന്ന കുറിപ്പോടെ കണ്ണുകളുടെ ചിത്രമാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ മോഹന്‍ലാലിന്റെ കണ്ണുകളുടെ ചിത്രമാണ് സംവിധായകന് പങ്കുവെച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ഫെബ്രുവരി 26-നാണ് എമ്പുരാന്റെ സംവിധായകനും ചിത്രത്തിലെ അഭിനേതാവുമായി പൃഥ്വിരാജിന്റെ കഥാപാത്രം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സംവിധായകന് കൂടിയായ താരം അവതരിപ്പിക്കുന്നത്. 18 ദിവസംകൊണ്ട് 36 കഥാപാത്രങ്ങളുടെ ഇന്‍ട്രോ പുറത്തുവിടുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇനി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമാണ് പുറത്തുവരാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]