
കൊച്ചി: മലയാള സിനിമാ മേഖലയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ആന്റണി പെരുമ്പാവൂരിനേയും മോഹന്‍ലാലിനേയും പൂട്ടാന്‍ പുതിയ നീക്കവുമായി ഫിലിം ചേംബര്‍. മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം കരാര്‍ ഒപ്പിടാനെന്നാണ് നിര്‍ദേശം. മാര്‍ച്ച് 27-ന് പുറത്തിറങ്ങുന്ന ‘എമ്പുരാനെ’ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.
മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാറുകള്‍ ഒപ്പിടുന്നത് ഫിലിം ചേംബറുമായി ബന്ധപ്പെട്ട് വേണമെന്നാണ് നിർദേശം. ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂര്‍ണപിന്തുണയുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതിനാല്‍ മറ്റുസംഘടനകളുടെ പിന്തുണയുണ്ടെന്നും ചേംബര്‍ അവകാശപ്പെടുന്നുണ്ട്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഇ- മെയിലിലും രജിസ്റ്റേഡ് തപാലിലുമായാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി പിന്നീട് തീരുമാനിക്കും.
ജൂണ്‍ മാസംമുതല്‍ സിനിമാ നിര്‍മാണവും പ്രദര്‍ശനവും നിര്‍ത്തിവെച്ച് സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് മുന്നോടിയായാണ് സൂചനാസമരം. മാര്‍ച്ച് അഞ്ചിന് മുമ്പായി ഇതിന്റെ തീയതി പ്രഖ്യാപിക്കും. മാര്‍ച്ച് അവസാനത്തോടെയായിരിക്കും സൂചനാസമരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]