‘കഥ, തിരക്കഥ, സംഭാഷണം-സിദ്ദിഖ് ലാല്‍’- സ്ക്രീനില്‍ തെളിഞ്ഞിരുന്ന ആ അക്ഷരങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കൊരു ചിരിഗ്യാരണ്ടിയായിരുന്നു. ഇനിയുമേറെ ചിരി ബാക്കിവെച്ച് സിദ്ദിഖ് അകാലത്ത് യാത്രയായി. ആ അമ്മാവന്റെ കൈപിടിച്ചു സിനിമയിലേക്ക് കടന്നുവന്ന അനന്തരവന്മാരായ ഷാഫിയും റാഫിയും തൊട്ടതെല്ലാം ഇവിടെ പൊന്നാക്കുകയായിരുന്നു. സിദ്ദിഖിനൊപ്പം വളര്ന്നുപന്തലിച്ചവരായിരുന്നു ഷാഫിയും റാഫിയും. അവരില്‍ ഷാഫികൂടി വിടപറഞ്ഞതോടെ മലയാളത്തിലെ ഹാസ്യസിനിമാ ലോകത്തിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്.
1995-ല്‍ ആദ്യത്തെ കണ്മണിയില് അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, വണ്‍മാന്‍ഷോ മുതല്‍ 17 സിനിമകള്‍ ഷാഫി സ്വന്തമായി സംവിധാനം ചെയ്തപ്പോള്‍ അവയേറെയും ബോക്സോഫീസ് ഹിറ്റുകളായി. ചേട്ടന് റാഫി എഴുതും അനിയന് ഷാഫി സംവിധാനം ചെയ്യും. ജയറാം മുതല്‍ മമ്മൂട്ടിയും ദിലീപും ജയസൂര്യയും പൃഥ്വിരാജുമെല്ലാം ഷാഫിയിലൂടെ വന്‍ ഹിറ്റുകൾ നേടി. മായാവിപോലുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമകളുണ്ടായി. മായാവിയിലെ സ്രാങ്കും കല്യാണ രാമനിലെ പോഞ്ഞിക്കരയും ചട്ടമ്പിനാടിലെ ദശമൂലം ദാമുവും പുലിവാല് കല്യാണത്തിലെ ഫൈനാന്‍ഷ്യര്‍ മണവാളനുമെല്ലാം ഇന്നും സോഷ്യല്‍മീഡിയയില്‍ പൊട്ടിച്ചിരി തീര്‍ക്കുന്നത് കാണുമ്പോഴറിയാം ഷാഫി പകര്‍ന്നുനല്‍കിയ ചിരിമരുന്നിന്റെ ശക്തി.
ഒരുകാലത്ത് മലയാള സിനിമയുടെ ഹിറ്റ് കോമ്പാകളായിരുന്ന റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന് നിമിത്തമാവുന്നതും ഷാഫിയായിരുന്നു. സിനിമയുടെ തുടക്കകാലത്ത് സുഹൃത്തുവഴി പരിചയപ്പെട്ട മെക്കാര്‍ട്ടിനെ ചേട്ടന് ഷാഫിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഷാഫിയായിരുന്നു. പിന്നീട് മലയാളി കണ്ടത് റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവും ചതിക്കാത്ത ചന്തുവും അടക്കമുള്ള ചിരിപ്പടക്കങ്ങള്‍. പലതും വന്‍ഹിറ്റുകൾ.
ഷാഫിയുടെ 17 സിനിമകളില്‍ വണ്‍മാന്‍ഷോ, കല്യാണരാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ് എന്നിവയെല്ലാം വമ്പന്‍ ഹിറ്റടിച്ചപ്പോള്‍ ഇടയ്ക്ക് പരാജയങ്ങളുമുണ്ടായി. പക്ഷെ, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്ട്രീസ് തുടങ്ങിയവ തിരിച്ചുവരവിന് വഴിയൊരുക്കി.
കലയുടെ ആവേശം തലയില്‍ കയറി പണ്ട് മിമിക്സ് പരേഡുമായി ചേട്ടന് റാഫി നടക്കുമ്പോള്‍, പത്താംക്ലാസ് കഴിഞ്ഞ് കൂലിപ്പണിക്കിറങ്ങിയ ഷാഫിയായിരുന്നു കുടുംബത്തിന് ആശ്രയമായത്. പിന്നീട് റാഫി സിനിമയിലെത്തിയപ്പോള്‍ അനിയന് വഴിയൊരുക്കി നൽകുകയായിരുന്നു. അത് ഷാഫിയുടെ കരിയറും മലയാള സിനിമയുടെ ഗതിയും മാറ്റുന്നതായി എന്നത് പിൽക്കാല ചരിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]