
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റുചെയ്യാൻ പ്രത്യേക അന്വേഷണസംഘം നടപടി തുടങ്ങിയതിനുപിന്നാലെ ബലാത്സംഗം ചുമത്തിയ മറ്റ് കേസുകളിലും പ്രതികളെ അറസ്റ്റുചെയ്യാൻ തീരുമാനം. സിദ്ദിഖിന്റെ മുൻകൂർജാമ്യം തള്ളിയതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഈ തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ, മൊഴികളെത്തുടർന്ന് രജിസ്റ്റർചെയ്ത കേസുകളിൽ ആറെണ്ണത്തിൽ ബലാത്സംഗത്തിനെതിരായ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
സിദ്ദിഖിനെതിരായ പരാതിയിൽ തെളിവെടുപ്പും രഹസ്യമൊഴി രേഖപ്പെടുത്തലും നടത്തിയതിനു പിന്നാലെത്തന്നെ അറസ്റ്റിന് പോലീസ് തീരുമാനിച്ചിരുന്നെങ്കിലും മുൻകൂർജാമ്യാപേക്ഷയിലെ കോടതിതീരുമാനം വരുന്നതുവരെ കാക്കുകയായിരുന്നു. ഇതിനിടെ സിദ്ദിഖ് രാജ്യംവിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കോടതി ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ സിദ്ദിഖിനെ അറസ്റ്റുചെയ്യാൻ അന്വഷണസംഘം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് നിർദേശം നൽകിയിരുന്നു. സിദ്ദിഖ് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണസംഘം നൽകുന്ന സൂചന. സിദ്ദിഖ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുംമുമ്പ് പിടികൂടി ചോദ്യംചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെവന്ന വെളിപ്പെടുത്തലുകളിൽ 25-ഓളം കേസുകൾ വിവിധയിടങ്ങളിലായി പോലീസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഏതാനും കേസുകളിലെ ആരോപണവിധേയർ മുൻകൂർജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഒരു സിനിമാപ്രിവ്യൂവിന് എത്തിയപ്പോൾ ഹോട്ടൽമുറിയിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു സിദ്ദിഖിനെതിരേ യുവനടിയുടെ പരാതി.
പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളിൽ വിശ്വാസമുണ്ടെന്ന് യുവനടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അന്വേഷണവിവരങ്ങൾ പുറത്തുവരുന്നതിൽ അവർ അതൃപ്തി പ്രകടിപ്പിച്ചു. ഈ പിഴവുകൾ ചൂണ്ടിക്കാട്ടി നടി പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]