
കൊച്ചി: കായികരംഗത്തേക്ക് മലയാള സിനിമാലോകം വലിയ തോതിൽ നിക്ഷേപമിറക്കുന്നതിൽ പ്രതീക്ഷകളേറെ. കേരള ഫുട്ബോളിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പർലീഗ് കേരളയിൽ കൊച്ചി ആസ്ഥാനമായ ടീമിനെ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേരള ക്രിക്കറ്റ് ലീഗിൽ സംവിധായകൻ പ്രിയദർശനും നിർമാതാവും വ്യവസായിയുമായ സോഹൻ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത്.
ആറുടീമുകൾ പങ്കെടുക്കുന്ന സൂപ്പർ ലീഗ് ഫുട്ബോളിൽ ഏഴുകോടി രൂപ വീതമാണ് ഓരോ ടീമിനുമായി ചെലവഴിക്കുന്നത്. ഇതിൽ രണ്ടുകോടി രൂപ താരങ്ങൾക്കായാണ് മാറ്റിവെയ്ക്കുന്നത്. പൃഥ്വിരാജ് ഏറെ താത്പര്യത്തോടെയാണ് ടീമിനെ സ്വന്തമാക്കാൻ വന്നതെന്നാണ് സൂപ്പർ ലീഗ് കേരളയുടെ മാനേജിങ് ഡയറക്ടർ ഫിറോസ് മീരാനും സി.ഇ.ഒ. മാത്യു ജോസഫും പറഞ്ഞത്.
പൃഥ്വിരാജ് ടീം ഉടമയായതോടെ ലീഗിന്റെ മറ്റു വേദികളിലും സിനിമാതാരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. സിനിമാ താരങ്ങൾ ടീം ഉടമയാകുന്നതോടെ അവരുടെ ആരാധകരും ടീമിന്റെ പിന്തുണക്കാരായി മാറുമെന്നും സംഘാടകർ കണക്കുകൂട്ടുന്നു.
ഐ.പി.എൽ. മാതൃകയിൽ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗിൽ പ്രിയദർശനും സോഹൻ റോയിയും ടീം ഉടമകളായത് ലീഗിന്റെ മൂല്യത്തിൽ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
പ്രിയദർശൻ ടീം ഉടമയായതോടെ ലീഗിൽ ഈ സീസണിൽ തന്നെ പുതിയ ടീമുകളുടെ സാധ്യത ആരാഞ്ഞ് പലരും വിളിക്കുന്നുണ്ടെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ വന്നതും മൂല്യത്തിൽ കുതിപ്പുണ്ടാക്കി. രണ്ടരമുതൽ മൂന്നരക്കോടി രൂപ വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ടീമിനായി ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ടി വരിക.
ഈ കണക്കനുസരിച്ച് ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുന്നത്. അടുത്ത സീസണുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും ശ്രമമുണ്ട്. ചില സിനിമാതാരങ്ങളുമായി ഇതു സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]