
‘ആർക്കോ എന്തോ ആരോടോ പറയാനുണ്ട്’ വിശാൽ കൃഷ്ണമൂർത്തിയെ തന്റെ കോളേജിലേക്ക് മടക്കിവിളിച്ച രഹസ്യത്തിന്റെ ചുരുൾനിവർത്താൻ ഒരിക്കൽകൂടി ദേവദൂതൻ പ്രേക്ഷകരിലേക്ക് എത്തുകയാണ്. റീമാസ്റ്ററും റീ എഡിറ്റുംചെയ്ത് 4-കെ ദൃശ്യമികവോടെയാണ് 24 വർഷങ്ങൾക്കുശേഷം ദേവദൂതൻ വീണ്ടുമെത്തുന്നത്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനംചെയ്ത് സിയാദ് കോക്കർ നിർമിച്ച ചിത്രം 2000- ത്തിലെ ക്രിസ്മസ് റിലീസായാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. മോഹൻലാലും ജയപ്രദയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിൽ വിദ്യാസാഗറിന്റെ സംഗീതമായിരുന്നു മറ്റൊരാകർഷണം. അന്ന് തിയേറ്ററിൽ സാമ്പത്തികവിജയം നേടാനാവാതെപോയ ചിത്രത്തെ പ്രശംസിച്ച് പിന്നീട് ഒട്ടേറെപ്പേർ രംഗത്തെത്തി. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് പുതിയ തലമുറയിലും ആരാധകരേറെയാണ്. ഇതോടെയാണ് പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം നവീകരിച്ചത്. അർഹിച്ച വിജയം നേടാൻ ഒരിക്കൽക്കൂടി ദേവദൂതൻ തിയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി സംസാരിക്കുന്നു
ദേവദൂതൻ എഴുതുമ്പോൾ തിയേറ്ററിലെ ജയപരാജയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ, സിനിമയ്ക്കൊപ്പംനിന്ന എല്ലാവർക്കും അതിന്റെ ഗുണം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ടോ ചിത്രം സാമ്പത്തികവിജയം നേടിയില്ല. കാലം തെറ്റിപ്പിറന്ന സിനിമ എന്നൊന്നും കരുതുന്നില്ല. പരാജയത്തിന് പലകാരണങ്ങളുണ്ടാകാം. നിർമാതാവായ സിയാദ് കോക്കറിന് നഷ്ടമുണ്ടായപ്പോൾ ഏറെ വേദനിച്ചിരുന്നു. ആ പരാജയത്തിൽനിന്ന് അദ്ദേഹം തിരിച്ചുകയറിയപ്പോഴാണ് ആ വേദന മാറിയത്. ദേവദൂതൻ തിയേറ്റർവിട്ടശേഷം ഓരോ ദിവസവും വിവിധ ഭാഗങ്ങളിൽനിന്ന് പ്രേക്ഷകരും നിരൂപകരും സിനിമയെ പുകഴ്ത്തി രംഗത്തുവന്നു. 24 വർഷങ്ങൾക്കിടയിൽ ഒരുപാടുപേർ എന്നോട് സമാന അഭിപ്രായങ്ങൾ പങ്കുവെച്ചു. മോഹൻലാലിനും സിയാദിനും സിബിക്കുമെല്ലാം വളരെ പ്രിയപ്പെട്ട സിനിമയാണത്. അവരത് പലവട്ടം എന്നോടുപറഞ്ഞിട്ടുണ്ട്. അപ്പോഴും തിയേറ്ററിൽ ഇതുപോലൊരു പുനർജന്മം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അപ്രാപ്യമെന്ന് തോന്നിയ ആ കാര്യം സിയാദ് സാധ്യമാക്കുന്നു. പുത്തൻസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ദേവദൂതനെ മികവോടെ വീണ്ടും തിയേറ്ററിലേക്കെത്തിക്കുകയാണ്. പല പഴയ സിനിമകളുടെയും പ്രിന്റ് ഇന്ന് നമുക്ക് ലഭിക്കാനില്ല. എന്നാൽ, ദേവദൂതന്റെ പ്രിന്റ് ചെന്നൈ പ്രസാദ് ലാബിൽ ഒരുകേടും സംഭവിക്കാതെ ഉണ്ടായിരുന്നു. അത് കണ്ടെടുക്കാനും റീമാസ്റ്റർചെയ്യാനും മികച്ചൊരുസംഘം പ്രവർത്തിച്ചിട്ടുണ്ട്. ഇത് ചിലപ്പോൾ കാലത്തിന്റെ കാവ്യനീതിയാകാം. അന്ന് തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയവർക്കും പുതിയ തലമുറയ്ക്കുമെല്ലാം ഒരിക്കൽക്കൂടി തിയേറ്ററിൽവന്നിരുന്ന് ഈ സിനിമ എല്ലാ സൗന്ദര്യത്തോടെയും ആസ്വദിക്കാൻ കഴിയും. മോഹൻലാലിന്റെ മാസ്മരിക അഭിനയവും സിബി മലയിലിന്റെ ഗംഭീരസംവിധാനവും വിദ്യാസാഗറിന്റെ മാന്ത്രികസംഗീതവും സന്തോഷ് തുണ്ടിയലിന്റെ ക്യാമറയുമെല്ലാം ഒരിക്കൽക്കൂടി നമ്മെ വിസ്മയിപ്പിക്കും.
ലാൽ എന്ന വിസ്മയം
‘ആർക്കോ എന്തോ ആരോടോ പറയാനുണ്ട്’ ഈ വാക്കുകളിലുണ്ട് ദേവദൂതന്റെ കഥാതന്തു. 42 വർഷങ്ങൾക്കുമുമ്പ് എന്റെ മനസ്സിൽ രൂപപ്പെട്ട കഥയാണ് ദേവദൂതന്റേത്. 1982-ൽ സിബി മലയിലിന് ആദ്യമായി സംവിധാനംചെയ്യാൻവേണ്ടി തയ്യാറാക്കിയ കഥ. എന്നാൽ, അന്ന് എന്തോ ആ സിനിമ ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ല. കഥ മനസ്സിൽക്കിടന്ന് വളർന്നു. 2000-ത്തിൽ സിബി വീണ്ടും ഈ സിനിമയെക്കുറിച്ച് ആലോചിക്കാൻ പറഞ്ഞു. അങ്ങനെയാണ് എഴുതുന്നത്. നിർമാതാവിന്റെ റോളിൽ സിയാദും എത്തി. ആദ്യഘട്ടചർച്ചകളിൽ നായകനായി മോഹൻലാൽ ഉണ്ടായിരുന്നില്ല. എന്നാൽ, സിയാദിൽനിന്ന് ആകസ്മികമായി മോഹൻലാൽ ദേവദൂതന്റെ കഥ കേട്ടു. ആദ്യകേൾവിയിൽത്തന്നെ ഈ സിനിമ ഞാൻ ചെയ്തോട്ടെ എന്ന് ലാൽ ചോദിച്ചു. അങ്ങനെയാണ് അദ്ദേഹം ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തി ആകുന്നത്. പകരംവെക്കാനില്ലാത്ത പ്രകടനമാണ് ലാൽ ചിത്രത്തിൽ കാഴ്ചവെച്ചത്. ഓരോസീനും പരിശോധിച്ചാൽ ആ മാസ്മരികത കാണാനാകും. ഇത്ര കാലങ്ങൾകഴിഞ്ഞും ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായതുകൊണ്ടാണ്. അന്നത്തെക്കാൾ ഉയരെ ഇന്നും സൂപ്പർ താരമായി മോഹൻലാൽ മലയാളസിനിമയിൽ നിൽക്കുന്നു എന്നത് റീ റിലീസിനെ എളുപ്പമാക്കുന്നു. ഒരു പുതിയ സിനിമ കാത്തിരിക്കുന്ന കൗതുകത്തോടെയാണ് ഞാനും റിലീസിനായി കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]