ഹൈദരാബാദ്: പുഷ്പ -2 ചിത്രത്തിന്റെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെ ഹൈദരാബാദിലെ ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനിലാണ് താരം ചോദ്യം ചെയ്യലിനെത്തിയത്.
വൻ സുരക്ഷാ സന്നാഹമാണ് പോലീസ് സ്റ്റേഷന് ചുറ്റും ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിൽ വാഹനങ്ങൾ പ്രവേശിക്കാൻ അനുവാദമില്ല. പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ, മരിച്ച സ്ത്രീയുടെ കുടുംബത്തിന് പുഷ്പ 2വിന്റെ നിർമ്മാതാവ് നവീൻ യെർനേനിയും രവി ശങ്കറും ചേർന്ന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തെലങ്കാന മന്ത്രി വെങ്കട് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. മരിച്ച സ്ത്രീയുടെ ഭർത്താവ് ചെക്ക് സ്വീകരിച്ചു.
അല്ലു അർജുനെ വ്യക്തിപരമായ ടാർജറ്റ് ചെയ്യുന്നതിനിടെ മറ്റു പലവിഷയങ്ങളും രേവന്ദ് റെഡ്ഡി സർക്കാർ കണ്ടില്ലെന്ന് വെക്കുന്നുവെന്ന് ബിആർഎസ് എം.എൽ.എ. ഹരീഷ് റാവു കുറ്റപ്പെടുത്തി. കർഷകരുടെ, ന്യൂനപക്ഷക്കാരുടെ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ കോൺഗ്രസിന് കെട്ടിവെച്ച പണം പോലും നഷ്ടപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അല്ലു അർജുനെതിരേയുള്ളത് ചെറിയ കേസാണെന്ന് ബിജെപി നേതാവ് രഘുനന്ദൻ റാവു പറഞ്ഞു. സംസ്ഥാനത്തെ മറ്റു ചെറുകേസുകളെപ്പോലെത്തന്നെ ഉള്ള ഒരു ചെറിയ കേസാണ് അല്ലു അർജുന്റേതും. തിക്കിത്തിരക്കിൽ പോലീസിന്റെയും നടന്റെയും റോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഡിസംബർ നാലിനായിരുന്നു സംഭവം. പുഷ്പ -2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ അല്ലു അർജുൻ സന്ദർശിച്ചിരിക്കും. താരം തീയേറ്ററിൽ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ എട്ടുവയസുള്ള കുട്ടിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തോട് പൂർണ്ണമായും സഹകരിക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പിന്നീട് താരത്തെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അല്ലു അർജുന്റെ തീയേറ്റർ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]