നടൻ, നിർമാതാവ്, സംവിധായകൻ വിശേഷണങ്ങളനവധി… ബോളിവുഡിന്റെ തലവര മാറ്റിയ മഹത് വ്യക്തിത്വമെന്നനിലയിൽ ഇന്ത്യൻ സിനിമ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ എഴുതിചേർക്കപ്പെട്ട അനശ്വര കലാകാരനാണ് രാജ് കപൂർ. അദ്ദേഹത്തിന്റെ 100-ാം ജന്മവാർഷികമാണ് ഡിസംബറിൽ. തൻ്റെ മുത്തച്ഛനായ രാജ് കപൂറിനെ കുറിച്ച് അതീവ ബഹുമാനത്തോടെയും ആത്മബന്ധത്തോടെയുമാണ് നടൻ രൺബീർ കപൂർ എപ്പോഴും സംസാരിക്കാറുള്ളത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിർമാതാവും എഡിറ്ററുമായ രാഹുൽ റാവെയ്ലുമായുള്ള പ്രത്യേക സംഭാഷണത്തില് തന്റെ മുത്തച്ഛനെ കുറിച്ചും മകൾ റാഹയെ കുറിച്ചും രൺബീർ പങ്കുവെച്ച സംഭവങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത താരജോഡികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും 2022 നവംബർ ആറിനാണ് മകൾ റാഹ പിറന്നത്. കുഞ്ഞിനെ ഉറക്കാൻ രൺബീർ മലയാളം പാട്ടുപഠിച്ച കഥയടക്കം ഈയടുത്ത് ആലിയ പങ്കുവച്ചിരുന്നു. ഇപ്പോൾ മകൾ റാഹയെ ആദ്യമായി കേൾപ്പിച്ച ഗാനമെതെന്നാണ് താരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കുവച്ചത്. 1959-ൽ പുറത്തിറങ്ങിയ രാജ് കപൂറിൻ്റെ ക്ലാസിക്ക് ചിത്രം ‘അനാരി’യിലെ ‘കിസി കി മുസ്കുരഹാതോൻ പേ ഹോ നിസാർ’ എന്ന ഐക്കോണിക് ട്രാക്കാണ് തൻ്റെ കുഞ്ഞിനെ ആദ്യം കേൾപ്പിച്ചതെന്ന് രൺബീർ കപൂർ പറഞ്ഞു.
‘ഞാൻ 80-കളിലെ കുട്ടിയാണ്. ഇത് എൻ്റെ ഗാനമാണ്, എൻ്റെ പ്രിയപ്പെട്ട ഗാനം. എൻ്റെ മകൾ റാഹയെ ഞാൻ ആദ്യമായി കേൾപ്പിച്ച ഗാനം ‘കിസി കി മുസ്കുരഹാതോൻ പേ ഹോ നിസാർ’ ആയിരുന്നു. വരികൾ പോലും വളരെ ലളിതമാണ്. ജീവിതത്തിൽ ഒരു മഹത്തായ ഫിലോസഫിയാണ് ആ ഗാനം’ രൺബീർ പറഞ്ഞു.
രാജ് കപൂർ, നൂതൻ, ലളിതാ പവാർ, തുടങ്ങിയവർ അഭിനയിച്ച ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ‘അനാരി’ എന്ന ചിത്രത്തിലെ ഗാനത്തിന് പ്രശസ്ത ഇന്ത്യൻ ഹിന്ദി-ഉറുദു കവി ശൈലേന്ദ്രയാണ് വരികളെഴുതിയത്. സംഗീതസംവിധായകൻ ശങ്കർ-ജയ്കിഷൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മുകേഷാണ്. പതിറ്റാണ്ടുകൾക്ക് ശേഷവും ഈ ചിത്രവും അതിൻ്റെ സംഗീതവും ബോളിവുഡ് സിനിമ ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]