
എ.ആര്. റഹ്മാന് – സൈറ ബാനു വിവാഹമോചനവാര്‍ത്ത ആദ്യം പുറത്തുവന്നത് സൈറ ബാനുവിന്റെ വക്കീല്‍ വന്ദന ഷായുടെ സോഷ്യല്‍മീഡിയ പേജിലാണ്. ‘ബന്ധത്തിലെ വൈകാരികസംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളുമാണ് അതിന് കാരണമായി ആ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അങ്ങേയറ്റം സ്നേഹം പരസ്പരമുണ്ടെങ്കിലും, ചില പിരിമുറുക്കങ്ങള്‍ കാരണം തങ്ങള്‍ക്കിടയില്‍ നികത്താനാവാത്തൊരു വിടവുണ്ടായിരിക്കുന്നുവെന്നും കുറിപ്പ് പറയുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ കുറച്ചുനാള്‍ മുമ്പുള്ള ഒരു പോഡ്കാസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. സെലിബ്രിറ്റി വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് ഇതേ വക്കീല്‍ സംസാരിക്കുന്നതാണത്.
വര്‍ഷങ്ങളായുള്ള സെലിബ്രിറ്റി ബന്ധങ്ങള്‍ പലതും അവസാനിക്കാന്‍ കാരണം അവിശ്വാസമല്ല, മറിച്ച് വിരസതയാണെന്നാണ് വന്ദന അഭിപ്രായപ്പെട്ടത്. ഒരേ രീതിയില്‍, മാറ്റങ്ങളില്ലാതെ വര്‍ഷങ്ങളോളം ഒരു ബന്ധം തുടരുന്നതാണ് പ്രശ്നമെന്നും അവര്‍ പറയുന്നു. ”സെലിബ്രിറ്റികളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. വിരസതയുണ്ടാവുമ്പോള് അവര്‍ ഒരു വിവാഹത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോവും. അതിനുകാരണവും വിരസത തന്നെ”. കുടുംബത്തിലെ മറ്റുള്ളവരുടെ ഇടപെടലും സെലിബ്രിറ്റി ബന്ധങ്ങളില്‍ വെല്ലുവിളി സൃഷ്ടിക്കാറുണ്ടെന്ന് വന്ദന അഭിപ്രായപ്പെടുന്നു.
സാമന്ത-നാഗചൈതന്യ
തെന്നിന്ത്യന്‍ സിനിമാമേഖലയില്‍നിന്നുള്ള ഒരു വിവാഹമോചനത്തെക്കുറിച്ചും വന്ദന ആ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ”ഒരു തെന്നിന്ത്യന്‍ താരദമ്പതിമാരെ വിവാഹമോചനത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അച്ഛന്റെ അമിതമായ കൈകടത്തലാണ്. ആ വീട്ടിലെല്ലാം തീരുമാനിക്കുന്നത് അച്ഛനാണ്. അത് അധികമായപ്പോള്‍ ആ പെണ്‍കുട്ടിക്ക് അസന്തുഷ്ടി തോന്നിത്തുടങ്ങി. ഭര്‍ത്താവാണെങ്കില്‍ അച്ഛന്റെ മുന്നില്‍ വെറും പാവം”. സാമന്ത-നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ചാണ് വന്ദന സൂചിപ്പിച്ചതെന്ന് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വര്‍ഷങ്ങള്‍ നീളുന്ന ദാമ്പത്യജീവിതത്തിനുശേഷം, സ്നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബന്ധങ്ങളുടെ കെട്ടുറപ്പില്നിന്ന് അകലുന്നവര്. പിന്നീടും സുഹൃത്തുക്കളായി തുടരുന്നവര്‍. ബാക്കിയാവുന്ന ആ അവസാനതുള്ളി സ്നേഹത്തിലും വൈവാഹികജീവിതം മുന്നോട്ടുകൊണ്ടുപോവുന്നവരുമുണ്ട്. സിനിമയുടെ ചരിത്രം നോക്കിയാല്‍, അങ്ങനെയുള്ള കുറേ ദമ്പതിമാരെ കാണാം.
ലിസി, പ്രിയദര്ശൻ | Photo: mathrubhumi archives
നായികയുടെയും സംവിധായകന്റെയും പ്രണയം
‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് നടി ലിസി, സംവിധായകന് പ്രിയദര്‍ശനെ ആദ്യമായി കാണുന്നത്. അന്ന് 16 വയസ്സേയുള്ളൂ ലിസിക്ക്, പ്രിയദര്ശന് 26-ഉം. പ്രൊഫഷണല്‍ ബന്ധമായിരുന്നു ആദ്യം. ഷൂട്ടിങ് കഴിയുമ്പോഴേക്കും തന്റെ നായികയോട് സംവിധായകന് പ്രണയം തോന്നി. അത് തുറന്നുപറയുകയും ചെയ്തു. ലിസിയും തന്റെ മനസ്സിലെ ഇഷ്ടംപറഞ്ഞു. അവിടുന്നങ്ങോട്ട് അവരുടെ പ്രണയകാലമായിരുന്നു.
ആറുവര്‍ഷത്തിനിടയില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത 20-ലേറെ ചിത്രങ്ങളില്‍ ലിസി അഭിനയിച്ചു. 1990 ഡിസംബറിലായിരുന്നു വിവാഹവും. വിവാഹശേഷം ലിസി അഭിനയം നിര്‍ത്തി. നായികയായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് അഭിനയത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനുള്ള വലിയ തീരുമാനം ലിസിയെടുക്കുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും മകള്‍ കല്യാണി ജനിച്ചു, രണ്ടുവര്‍ഷത്തിനുള്ളില്‍ മകന് സിദ്ധാര്‍ഥും. മനോഹരമായ ഒരു പുഴപോലെ ആ ബന്ധം ഒഴുകുന്നുവെന്ന് എല്ലാവരും കരുതി.
വിവാഹത്തിന്റെ 24-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്കുമുമ്പാണ്, ലിസി ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. ആ തീരുമാനത്തെക്കുറിച്ച് മുമ്പ് ഗൃഹലക്ഷ്മി മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലിസി പറഞ്ഞതിങ്ങനെ, ”ആയിരംവട്ടം ആലോചിച്ചിട്ടാവും എന്റെ പ്രായത്തിലുള്ള സ്ത്രീ ഇങ്ങനെയൊരു തീരുമാനമെടുക്കുക. ഇതേപ്പറ്റി ആലോചിച്ചപ്പോള്‍ എന്റെ മനസ്സിലും തോന്നിയത് ഒരുമിച്ച് ഇവിടം വരെ എത്തിയില്ലേ, ഇനിയിപ്പോ എന്തിനാ, ഇങ്ങനെ തന്നെ മുന്നോട്ടുപോകാം എന്നാണ്. എന്നാല്‍, അതിനു സാധിക്കാത്ത ഘട്ടം വന്നു.” ചെറിയൊരു ഈഗോ പ്രശ്നമാണ് വിവാഹമോചനത്തിലേക്കെത്തിച്ചതെന്നാണ് പ്രിയദര്ശന് പലപ്പോഴും പറഞ്ഞത്. എന്തായാലും രണ്ടുവര്‍ഷത്തിനുശേഷം വിവാഹമോചനം അനുവദിച്ചുകിട്ടി. ഇന്നും മക്കള്‍ക്ക് നല്ല മാതാപിതാക്കളായി ഇരുവരും തുടരുന്നു.
അര്‍ബാസ് ഖാൻ, മലൈക അറോറ | Photo: AFP
മോഡലായെത്തിയ മലൈകയും അര്‍ബാസ് ഖാനും
വീഡിയോ ജോക്കിയായാണ് മലൈക അറോറ തന്റെ കരിയര്‍ തുടങ്ങുന്നത്. അതിനൊപ്പം മോഡലിങ്ങും. പുറകെ പരസ്യചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചുതുടങ്ങി. ‘ഛയ്യ ഛയ്യ’ എന്ന പാട്ടിലെ നൃത്തത്തിലൂടെ ബോളിവുഡിലുമെത്തി മലൈക. ഏകദേശം അതേ സമയത്തുതന്നെയാണ് നടനും സംവിധായകനും നിര്‍മാതാവുമായ അര്‍ബാസ് ഖാനുമായുള്ള വിവാഹം.
മൂവിങ് ഇന്‍ വിത്ത് മലൈക എന്ന ഷോയില്‍ ഇതിനെക്കുറിച്ച് മലൈക സംസാരിക്കുന്നുണ്ട്. ”വളരെ നേരത്തെ ഞാന്‍ വിവാഹിതയായി. വീട്ടില്‍നിന്ന് പുറത്തുകടക്കാനാണ് ഞാന്‍ വിവാഹം കഴിച്ചതെന്ന് വേണമെങ്കില്‍ പറയാം. ഞാനാണ് അര്‍ബാസിനെ പ്രൊപോസ് ചെയ്തതും. ‘എനിക്ക് വിവാഹം കഴിക്കണം. നിങ്ങള്‍ റെഡിയാണോ?’ എന്നാണ് അര്‍ബാസിനോട് ചോദിച്ചത്”. 2002-ല്‍ മലൈക ഒരു മകന് ജന്മം നല്കി, അര്ഹാന് ഖാന്.
2016-ലാണ് മലൈകയും അര്‍ബാസും വിവാഹമോചിതരാകുന്നുവെന്ന് പുറംലോകത്തെ അറിയിക്കുന്നത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കുശേഷം. ”25-ാം വയസ്സില്‍ വിവാഹം കഴിച്ചത് ആരുടെയും സമ്മര്‍ദമില്ലാതെയായിരുന്നു. വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതും ബാഹ്യ ഇടപെടലുകളൊന്നുമില്ലാതെയാണ്”, മലൈക പറയുന്നു. വിവാഹമോചനം രണ്ടുപേരെയും കുറേക്കൂടി മികച്ച മനുഷ്യരാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് മലൈകയുടെ അഭിപ്രായം. അതിനുശേഷവും നല്ല സുഹൃത്തുക്കളായി ഇരുവരും തുടരുന്നു. മലൈകയുടെ അച്ഛന് മരിച്ചപ്പോള്‍ അവിടെ ആദ്യമെത്തിയത് അര്‍ബാസാണ്. പുറകെ അര്‍ബാസിന്റെ കുടുംബവും മലൈകയെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തി.
ധനുഷ്, ഐശ്വര്യ രജനീകാന്ത്
18 വര്‍ഷം കഴിഞ്ഞ് ധനുഷും ഐശ്വര്യയും
2022 ജനുവരി 17-നാണ് ഗായികയും നിര്‍മാതാവും സംവിധായികയുമായ ഐശ്വര്യ രജനീകാന്തും നടന് ധനുഷും വിവാഹമോചിതരാവുന്ന വിവരം പുറംലോകമറിയുന്നത്. ’18 വര്‍ഷം ഒരുമിച്ച് കഴിഞ്ഞു. വളരാനും മനസ്സിലാക്കാനും പൊരുത്തപ്പെടാനും ശ്രമിച്ച യാത്രയായിരുന്നു. ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്’, ധനുഷ് എക്സില്‍ ഇങ്ങനെ കുറിച്ചു. വിവാഹമോചനവാര്‍ത്ത വന്നപ്പോള്‍ അത് രജനി ആരാധകരെയും ധനുഷ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു.
2004 നവംബര്‍ 18-നാണ് ഇരുവരും വിവാഹിതരാവുന്നത്. അന്ന് ധനുഷിന് 21 വയസ്സ്, ഐശ്വര്യയ്ക്ക് 23-ഉം. ധനുഷിന്റെ ആദ്യസിനിമ ‘കാതല്‍ കൊണ്ടേന്‍’ റിലീസായ സമയം. സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കിടയിലാണ് ഇരുവരും ആദ്യമായി കാണുന്നത്. ആദ്യ കൂടിക്കാഴ്ച ധനുഷ് ഇങ്ങനെ ഓര്‍ക്കുന്നു, ”സിനിമ കഴിഞ്ഞ് ഇറങ്ങാന്‍ നേരത്താണ് തിയേറ്റര്‍ ഉടമ രജനീകാന്ത് സാറിന്റെ മക്കളെ എനിക്ക് പരിചയപ്പെടുത്തുന്നത്. ഒരു ഹലോ മാത്രം പറഞ്ഞു. അതുകഴിഞ്ഞ് തൊട്ടടുത്തദിവസം ഐശ്വര്യ എനിക്കൊരു ബൊക്കെ കൊടുത്തയച്ചു, അതിനൊപ്പം ഒരു അഭിനന്ദനക്കുറിപ്പും. പ്രണയം തുടങ്ങാന്‍ താമസമുണ്ടായില്ല”.
അവിടുന്നങ്ങോട്ട് വ്യക്തികളെന്ന നിലയിലും കരിയറിലും ഇരുവരും മികച്ചരീതിയില്‍ മുന്നേറി. ധനുഷ് മികച്ച നടനുള്ള ദേശീയപുരസ്കാരം രണ്ടുതവണ നേടി. അതിനൊപ്പം സംവിധാനം, തിരക്കഥ, ഗാനരചന, നിര്‍മാണം എന്നീ മേഖലകളിലും ധനുഷ് കൈവെച്ചു. ‘3’ എന്ന സിനിമയിലൂടെ ഐശ്വര്യ സംവിധായികയുടെ കുപ്പായമണിഞ്ഞു. അതില്‍ നായകനായത് ധനുഷ് തന്നെ. അതില്‍ ധനുഷ് പാടിയ ‘വൈ ദിസ് കൊലവെറി’ എന്ന പാട്ടും വൈറലായി. യാത്ര, ലിംഗ എന്നീ രണ്ട് ആണ്‍കുട്ടികളും ജനിച്ചു. രണ്ടാമത്തെ മകന് 12 വയസ്സുള്ളപ്പോഴാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്.
അപേക്ഷ നല്‍കിയശേഷം ഭാര്യ – ഭര്‍തൃബന്ധത്തിന്റെ കെട്ടുപാടുകളില്നിന്നകന്ന്, സൗഹൃദത്തോടെ നീങ്ങുന്നവരെയാണ് പിന്നീട് കണ്ടത്. ഐശ്വര്യയുടെ സിനിമയെയും പാട്ടുകളെയും അഭിനന്ദിച്ചുകൊണ്ട് ധനുഷ് പലപ്പോഴും രംഗത്തെത്തി, നേരെതിരിച്ചും. കുട്ടികളുടെ സ്കൂളിലെ പരിപാടികള്‍ക്കും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുത്തു. ഇതിനിടെ രജനീകാന്ത് ഇടപെട്ട് വിവാഹമോചനത്തില്‍നിന്ന് ഇവരെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കുടുംബകോടതിയിലെ ഹിയറിങ്ങുകളില്‍ ഇരുവരും ഹാജരാവാതെ വന്നതോടെ അഭ്യൂഹത്തിന് കരുത്തേറി. അതിനെല്ലാം വിരാമമിട്ടുകൊണ്ട് നവംബര്‍ 21-ന് ഇരുവരും കോടതിയിലെത്തി. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. വിവാഹമോചന ഹര്‍ജിയില്‍ നവംബര്‍ 27-ന് അന്തിമവിധി വരും.
ആമിര്‍ ഖാന്, കിരണ്‍ റാവു | Photo: ANI
‘ലഗാനി’ല്‍ തുടങ്ങിയ സൗഹൃദം
ആമിര്‍ ഖാന് ‘ലഗാന്‍’ എന്ന സിനിമ ചെയ്യുന്ന സമയം. അതില്‍ സഹസംവിധായികയായിരുന്നു കിരണ്‍ റാവു. അതുകഴിഞ്ഞ് ഒരു പരസ്യത്തിനായി ആമിറും കിരണും ഒരുമിച്ച് ജോലി ചെയ്തു. ആ ബന്ധം സൗഹൃദത്തിലെത്തി, പിന്നീട് പ്രണയവുമായി. അധികം വൈകാതെ ഇരുവരും ഒരുമിച്ച് താമസിച്ചുതുടങ്ങി. പക്ഷേ വിവാഹമെന്ന തീരുമാനത്തിലെത്തിയത് മാതാപിതാക്കള്ക്കുവേണ്ടിയായിരുന്നുവെന്ന് കിരണ്‍ പിന്നീട് പറഞ്ഞു. ”ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നു. അത് ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. വിവാഹകാര്യം പറഞ്ഞ് അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി”. 2005-ലാണ് ആമിറും കിരണും വിവാഹം കഴിക്കുന്നത്. ആറുവര്‍ഷത്തിനുശേഷം വാടകഗര്‍ഭപാത്രത്തിലൂടെ ഒരു മകനുണ്ടായി, ആസാദ്.
കരിയറിലും ജീവിതത്തിലും ഇരുവരും അങ്ങോട്ടുമിങ്ങോട്ടും താങ്ങും തണലുമായി. വിവാഹത്തിന്റെ 16-ാം വര്‍ഷം വിവാഹമോചിതരാകാന്‍ തീരുമാനിച്ചുവെന്ന് ഇരുവരും അറിയിച്ചു. അതിനുശേഷവും പരസ്പരബഹുമാനവും സ്നേഹവും അവര്‍ നിലനിര്‍ത്തി. ”എനിക്ക് എന്റേതായ സ്പേസ് വേണമെന്ന് തോന്നി. എനിക്ക് സ്വതന്ത്രമായി വളരാനും ജീവിക്കാനും അതാവശ്യമായിരുന്നു. അങ്ങനെയാണ് വിവാഹമോചനമെന്ന തീരുമാനത്തിലെത്തുന്നത്. അതെല്ലാം ആമിര്‍ അംഗീകരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. ഞങ്ങള്‍ പരസ്പരം ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. വിവാഹമോചിതരായെന്ന് കരുതി അതൊന്നും മാറില്ലല്ലോ”, തങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വിവാഹമോചനത്തിലേക്ക് കടക്കുമ്പോഴും അതുകൊണ്ട് പേടിയുണ്ടായിരുന്നില്ലെന്നും കിരണ്‍ പറയുന്നു.
ജയം രവി, ആര്‍തി | x.com/actor_jayamravi
ഒരു സിനിമാ പ്രണയകഥ
സിനിമാകുടുംബങ്ങളില്‍നിന്നുള്ള രണ്ടുപേര്‍. ഫിലിം എഡിറ്റര്‍ മോഹന്റെ മകന് ജയം രവിയും സിനിമാനിര്‍മാതാവ് സുജാത വിജയകുമാറിന്റെ മകള്‍ ആര്‍തിയും. നാലുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇവര്‍ വിവാഹിതരാവുന്നത്. പരസ്പരം ഏറെ അഭിനന്ദിച്ചും ബഹുമാനിച്ചും മുന്നേറിയ ദമ്പതികള്‍. തന്റെ കരുത്തായാണ് ആര്‍തിയെക്കുറിച്ച് പലപ്പോഴും രവി സംസാരിച്ചത്. കരിയറിനോടും കുടുംബത്തോടുമുള്ള രവിയുടെ സമര്‍പ്പണത്തെക്കുറിച്ച് ആര്‍തിയും പ്രകീര്‍ത്തിച്ചു. ജയം രവിയുടെ മിക്ക സിനിമാപ്രൊമോഷനുകളിലും ആര്തിയുമുണ്ടായിരുന്നു.
അതിനിടെയാണ് ആരതി തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍നിന്ന് ജയം രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കംചെയ്തത്. ഇരുവരും പിരിയാന്‍ പോവുകയാണെന്ന് അന്നുതന്നെ ഗോസിപ്പുകള്‍ പരന്നു. എന്നാല്‍, രണ്ടുപേരും അതിനോട് പ്രതികരിച്ചില്ല. അതിനിടെയാണ് സെപ്റ്റംബര്‍ ഒമ്പതിന് ജയം രവി വിവാഹമോചനത്തെക്കുറിച്ചുള്ള കുറിപ്പിടുന്നത്. ഒരുപാട് ചര്‍ച്ചകള്‍ക്കുശേഷമാണ് ഈ തീരുമാനമെടുക്കുന്നതെന്നും ജയം രവി കുറിച്ചു. പിന്നാലെ ചെന്നൈ ഫാമിലി വെല്‍ഫെയര്‍ കോര്‍ട്ടില്‍ ജയം രവി അപേക്ഷകൊടുക്കുകയും ചെയ്തു. എന്നാല്‍, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് പറഞ്ഞുകൊണ്ട് പിന്നാല ആര്തിയുമെത്തി. എന്നാല്‍, രണ്ടുതവണ ലീഗല്‍ നോട്ടീസ് അയച്ചിട്ടും ആര്‍തി അതിനോട് പ്രതികരിച്ചിരുന്നില്ലെന്ന് ജയം രവിയും തുറന്നുപറഞ്ഞു. തിരക്കുള്ള സിനിമാജീവിതമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പറയപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]