ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽദേവിന്റെ തമിഴ് സിനിമയിലെ ആദ്യ ഇന്നിങ്സ് പൂർത്തിയായി. രജനീകാന്തിന്റെ മകൾ ഐശ്വര്യ സംവിധാനംചെയ്യുന്ന ‘ലാൽസലാം’ എന്ന സിനിമയിലാണ് കപിൽ അഭിനയിക്കുന്നത്.
ഇതിന്റെ ചിത്രീകരണം ഈയിടെ അവസാനിച്ചിരുന്നു. ഇപ്പോൾ ഡബ്ബിങ്ങും പൂർത്തിയാക്കി. ക്രിക്കറ്റിലെ ഇതിഹാസതാരം ലാൽസലാം ഡബ്ബിങ് പൂർത്തിയാക്കിയെന്ന് എക്സിലൂടെ സംവിധായിക ഐശ്വര്യ അറിയിച്ചു.
ഹിന്ദി, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള കപിൽദേവിന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയുള്ള ലാൽസലാമിന്റെ പ്രമേയം ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണ്. വിഷ്ണു വിശാലാണ് നായകൻ. ചിത്രത്തിൽ രജനീകാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റുതാരങ്ങൾ. എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. 3, വെയ് രാജാ വെയ് എന്നീ ചിത്രങ്ങൾക്കും സിനിമാ വീരൻ എന്ന ഡോക്യുമെന്ററിക്കും ശേഷം ഐശ്വര്യാ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ഗായികയും ഡബ്ബിങ് കലാകാരിയുമാണ് ഐശ്വര്യാ രജനികാന്ത്.
ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീൺ ഭാസ്കർ, ആർട്ട് -രാമു തങ്കരാജ്, കോറിയോഗ്രഫി -ദിനേഷ്, സംഘട്ടനം -അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട് വിക്കി, ഗാനരചന-കബിലൻ. ചിത്രം 2024 പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]