ആരാധകര്‍ക്ക് എന്നും ആഘോഷിക്കാനുള്ള വക അര്ജുന് അശോകന് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രങ്ങള്‍ നല്‍കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. അല്‍പ്പം തീപ്പൊരി ഒക്കെ പാറിച്ചാണ് അര്ജുന് അശോകന്റെ ഇത്തവണത്തെ വരവ്. ഒരു സിനിമ പ്രേമിക്ക് ഇഷ്ടപ്പെടുന്ന ചേരുവകളെല്ലാം ചേര്‍ത്താണ് ‘തീപ്പൊരി ബെന്നി’ പ്രദര്‍ശനത്തിനെത്തിയത്.
നെയ്യശ്ശേരി എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഗ്രാമത്തില്ലെലാവരും അറിയപ്പെടുന്ന സഖാവാണ് വട്ടക്കുട്ടയില്‍ ചേട്ടായി. നാട്ടുകാര്‍ക്ക് അദ്ദേഹം ചേട്ടായിയാണ്. ഗ്രാമത്തില്‍ നിരാശ ബാധിച്ച എല്ലാവര്ക്കും വെളിച്ചമേകാന്‍ അദ്ദേഹത്തിന് സാധിച്ചു.
അച്ഛന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളാണ് മകന് ബെന്നി. പിഎസ്എസിയാണ് എല്ലാമെന്ന് കരുതുന്ന ഒരു സാധാരണക്കാരന്. പാര്‍ട്ടി അംഗമായ പൊന്നില വട്ടക്കുട്ടയില്‍ ചേട്ടായിയുടെ പ്രിയങ്കരിയാണ്. സ്വന്തം മകളെ പോലെയാണ് അദ്ദേഹം പൊന്നിലയെ കാണുന്നത്.
ബെന്നിയും പൊന്നിലയും സ്കൂള്‍ കാലം മുതലേയുള്ള അടുപ്പമാണ്. എന്നാല്‍ തന്റെ അച്ഛന്റെ ആശയങ്ങള്‍ പൊന്നില പകര്‍ത്തുന്നത് ബെന്നിയില് വെറുപ്പ് ഉളവാക്കുന്നു. പിന്നീട് പൊന്നിലയുമായി ബെന്നി അകലം പാലിക്കുകയാണ്. പൊന്നിലയെ കല്ല്യാണം കഴിക്കാന്‍ സാധിക്കുമെങ്കിലും അതിലൊന്നും ബെന്നി താത്പര്യം കാണിക്കുന്നില്ല.
പെട്ടെന്നൊരു ദിവസം നാട്ടിലെ ഒരു പ്രശ്നത്തില്‍ ബെന്നി ചെന്നുപെടുകയാണ്. അബദ്ധം പറ്റിയതാണെങ്കിലും ആ തെറ്റ് ബെന്നിയെ വിടാതെ പിന്തുടരുന്നു. പിന്നീട് ബെന്നിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നാട്ടുകാര്‍ക്ക് ബെന്നി തീപ്പൊരി ബെന്നിയാണ്.
സമകാലീന രാഷ്ട്രീയത്തില്‍ അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീപ്പൊരി ബെന്നിയായി അര്ജുന് അശോകന് എത്തുമ്പോള്‍ പൊന്നിലയായി എത്തുന്നത് ഫെമിന ജോര്‍ജ്ജാണ്. വട്ടക്കുട്ടയില്‍ ചേട്ടായി എന്ന കഥാപാത്രം ജഗദീഷിന്റെ കൈകളില്‍ ഭദ്രമായിരുന്നു.
രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തില്‍ ചെലവ് കഴിയുവാന്‍ നെട്ടോട്ടം ഓടുന്ന യുവാക്കളുടെ കഷ്ടപ്പാട് ചിത്രം പറയാതെ പറയുന്നുണ്ട്. അനാവശ്യമായുള്ള ഗാനരംഗങ്ങള്‍ പൂര്‍ണമായും ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തി.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വെറുമൊരു രാഷ്ട്രീയ ചിത്രമായി തീപ്പൊരി ബെന്നിയെ വിശേഷിപ്പിക്കുവാന്‍ സാധിക്കില്ല. പ്രണയം, കുടുംബം, സൗഹൃദം എന്നിങ്ങനെ നിരവധി ഘടകങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.
അച്ഛന്-മകന് ബന്ധത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഉണ്ടോയെന്നത് സംശയമാണ്. അടുത്ത കാലത്തായി മലയാള സിനിമയില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ പൂര്‍ണമായും വീണ്ടും തിരശീലയിലേക്ക് എത്തിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
രാഷ്ട്രീയ-കുടുംബ പശ്ചാത്തലത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും മനോഹരമായ ചിത്രമെന്നും ഇതിനെ വിശേഷിപ്പിക്കാം. രോമാഞ്ചം, പ്രണയവിലാസം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അര്ജുന് അശോകന് നായകനാകുന്ന ചിത്രം കൂടിയാണിത്.
ടി.ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫയര്‍ ഡാന്‍സും മറ്റും വെച്ചുള്ള പ്രമോഷന് രീതികള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും വെള്ളിമൂങ്ങയുടെ സഹ സംവധായകനുമായ രാജേഷ് മോഹനും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് സിനിമയുടെ നിര്‍മാണം.