
‘നിര്‍മ്മാല്യം’ എന്ന ചരിത്രാനുഭവം
എം.ടി. വാസുദേവന്‍ നായര്‍ എഴുതി സംവിധാനം ചെയ്ത ‘നിര്‍മ്മാല്യം’ ദേശീയപുരസ്കാരവും സുവര്‍ണമുദ്രയും നേടിയിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഭ്രപാളികളില്‍ കണ്ട ദേശത്ത് അഞ്ചു പതിറ്റാണ്ടു മുമ്പ് നടന്ന ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ലേഖകന്‍
ഞാന്‍ മൂക്കുതല ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് സ്കൂളിനടുത്തുള്ള മൂക്കുതല ക്ഷേത്രങ്ങളിലും പരിസരത്തും ‘നിര്‍മ്മാല്യ’ത്തിന്റെ ചിത്രീകരണം നടന്നത്.
ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ഐതിഹ്യപ്രസിദ്ധമായ ക്ഷേത്രങ്ങളാണ് മൂക്കുതലക്കാവുകള്. കണ്ണേങ്കാവ്, മേലേക്കാവ്, കീഴേക്കാവ് എന്നീ മൂന്നുക്ഷേത്രങ്ങളിലേക്ക് വഴിപിരിഞ്ഞുപോവുന്ന ‘മുക്കവല’യാണ് ‘മൂക്കോല’യായതെന്ന് സ്ഥലനാമചരിത്രം.
മേലേക്കാവിനുമുന്നിലുള്ള മാരാത്ത് വീടാണ് വെളിച്ചപ്പാടിന്റെ വീടായി കാണിച്ചത്. കീഴേക്കാവായിരുന്നു സിനിമയിലെ ക്ഷേത്രം. സിനിമയില്‍ കാണിച്ചതുപോലെത്തന്നെ ജീര്‍ണാവസ്ഥയിലായിരുന്നു അക്കാലത്ത് കീഴേക്കാവ്. ചുറ്റുമതിലും ചുറ്റമ്പലവും ചുറ്റുവിളക്കും ഇടിഞ്ഞുതകര്ന്നുകിടക്കുന്ന അവസ്ഥ. എന്നിട്ടും ക്ഷേത്രത്തില്‍ ഷൂട്ടിങ് നടത്തുന്നതിന് ക്ഷേത്രക്കമ്മിറ്റിക്കാരില് പലര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. ഊരാളന്മാരിലൊരാളായ പി. ചിത്രന് നമ്പൂതിരിപ്പാട് ഇടപെട്ടാണ് ക്ഷേത്രത്തില്‍ ചിത്രീകരണം അനുവദിച്ചത്.
മൂക്കുതല ഹൈസ്കൂളിലെ കുട്ടികള്മുഴുവന് ക്ലാസില്‍ പോവാതെ ഷൂട്ടിങ് സ്ഥലത്തായിരുന്നു. ദിവസവും മുടങ്ങാതെ ഞങ്ങള്‍ ഷൂട്ടിങ്ങിനെത്തി. യൂണിറ്റുകാര്‍ക്ക് കുട്ടികള്‍ ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തു. പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ഗ്രാമത്തിലെ ഇടവഴികള്‍ മുഴുവന്‍ കാണിച്ചുകൊടുക്കാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളോടൊപ്പം ഞാനും നടന്നതോര്‍ക്കുന്നു. ഗ്രാമത്തിലെ ഇല്ലിമുള്വേലികള് അതിരുകെട്ടിയ നാട്ടിടവഴികളെല്ലാം സിനിമയിലഭിനയിച്ചു. അവസാനം ഉത്സവം ചിത്രീകരിക്കുമ്പോള്‍ ഞങ്ങളെയൊക്കെ സിനിമയിലഭിനയിപ്പിക്കുമെന്ന് ആര്.കെ. നായര്‍ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ഉത്സവത്തിന് ആളുകള്‍ നാട്ടുവഴികളിലൂടെയും പാടത്തുകൂടെയും നടന്നുവരുന്നത് ചിത്രീകരിച്ച കൂട്ടത്തില്‍ ഞങ്ങളൊക്കെ അഭിനയിച്ചു. പിന്നെ, സിനിമ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പായിരുന്നു.
വീടിനടുത്തുള്ള ചങ്ങരംകുളം പ്രഭ ടാക്കീസില്‍ ‘നിര്‍മ്മാല്യം’ വന്നപ്പോള്‍ കശുവണ്ടി പെറുക്കിവിറ്റ് കാശുണ്ടാക്കിയാണ് കാണാന്‍പോയത്. സിനിമയുടെ അവസാനഘട്ടത്തിലാണ് ഉത്സവരംഗം. ചങ്കിടിപ്പോടെ കാത്തിരുന്നു. ധാരാളം ആളുകള്‍ നടന്നുവരുന്ന സീനുകളുണ്ട്. കൂട്ടത്തില്‍ എന്നെ കണ്ടു എന്നുതോന്നി. അപ്പോഴേക്കും സീന്‍ മറഞ്ഞുകഴിഞ്ഞു. കണ്ടത് എന്നെത്തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ഒരിക്കല്‍ക്കൂടി സിനിമ കാണാനാണെങ്കില്‍ കൈയില്‍ കാശുമില്ല. അപ്പോഴാണ് കൂട്ടുകാരന് സേതു, ഒരുപായം പറഞ്ഞുതന്നത്. ഒന്നാമത്തെ ഷോയുടെ സമയത്ത് ഇടവേളവരെ ടാക്കീസ് പരിസരത്ത് ചുറ്റിപ്പറ്റി നില്ക്കുക. ഇടവേളയില്‍ ആളുകള്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങി വീണ്ടും കയറുമ്പോള്‍ അവരോടൊപ്പം കയറുക. അപ്പോള്‍ ഗേറ്റില്‍ ടിക്കറ്റ് ചോദിക്കില്ല. ഇടവേളയ്ക്കുശേഷമാണല്ലോ ഉത്സവം. സേതുതന്ന ധൈര്യത്തില്‍ ഒരു ദിവസം ഇടവേളയ്ക്കുശേഷം രണ്ടുപേരുംകൂടി സൂത്രത്തില്‍ കയറി. അന്നും നടന്നുവരുന്ന വലിയ സംഘത്തിലുള്ളത് ഞാന്‍തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ പറ്റിയില്ല. മറ്റൊരു ദിവസംകൂടി സേതുവിന്റെ കൂട്ടില്ലാതെ അതേ സൂത്രം പ്രയോഗിച്ചുനോക്കി. അപ്പോള്‍ ഗേറ്റ് കാവല്‍ക്കാരനായ സഖാവ് നാരായണന് നായര്‍ കണ്ടുപിടിച്ചു. ചെവിപിടിച്ചു തിരുമ്മി, ചീത്ത പറഞ്ഞു പുറത്താക്കി. വ്യക്തിപരമായി അങ്ങനെയൊരപമാനം ‘നിര്‍മ്മാല്യം’ സമ്മാനിച്ചെങ്കിലും ആ സിനിമ അന്ന് ഞങ്ങള്‍ക്കൊരു ഉത്സവമായിരുന്നു.
ഷൂട്ടിങ് കാണുമ്പോഴും എം.ടി.യാണ് എന്റെ താരം. നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് കുട്ടിക്കൃഷ്ണമേനോന് മാഷ്ടെ പ്രേരണയില്‍ എം.ടി.യുടെ കഥകള്‍ വായിച്ചുതുടങ്ങിയ ഞാന്‍ അന്നേ അദ്ദേഹത്തിന്റെ ആരാധകനാണ്. സുകുമാരനും രവിമേനോനും സുമിത്രയുമൊക്കെ പുതുമുഖങ്ങളാണ്. പി.ജെ. ആന്റണിയും കവിയൂര്‍ പൊന്നമ്മയുംമാത്രമാണ് അറിയപ്പെടുന്ന താരങ്ങള്‍. ശങ്കരാടിയുടെയും എസ്.പി. പിള്ളയുടെയും കൊട്ടാരക്കരയുടെയും രംഗങ്ങളൊന്നും മുക്കുതലയില്വെച്ച് എടുത്തിരുന്നില്ല.
എം.ടി. അന്ന് ഷര്‍ട്ടിടാതെ, തലയിലൊരു ടവ്വല്‍ കെട്ടിയാണ് സെറ്റിലെത്തുക. ആ വിസ്മയത്തിനുചുറ്റും ചുറ്റിപ്പറ്റി നടന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വെളിച്ചപ്പാടിന്റെ ചെരിപ്പിന്റെ വാറുപൊട്ടുന്ന ഒരു രംഗം എന്റെ വീടിനുതൊട്ടടുത്തുള്ള ‘മാന്തട’ത്തിലാണ് ചിത്രീകരിച്ചത്. അന്ന് ക്യാമറയ്ക്കുപിന്നില്‍ എം.ടി.യെ തൊട്ടാണ് ഞാന്‍ നിന്നത്. പിന്നീട് സ്കൂളില്‍ നിരന്തരം ഞങ്ങള്‍ ‘ഷൂട്ടിങ് കളി’ കളിച്ചപ്പോഴും എം.ടി.യുടെ വേഷം എനിക്കായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം, ‘നിര്‍മ്മാല്യ’ത്തിന്റെ ചിത്രീകരണംനടന്ന ക്ഷേത്രപരിസരങ്ങളില്‍ എം.ടി.യോടൊപ്പം ഒരു യാത്രനടത്താന്‍ എനിക്ക് ഭാഗ്യമുണ്ടായി. അന്ന് ഞാന്‍ വാസ്വേട്ടനോട് അതൊക്കെ പറഞ്ഞു.
വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലാത്ത മൂക്കുതലയുടെ നാട്ടിടവഴികളിലൂടെയും കാവിനുള്ളിലൂടെയും നിശ്ശബ്ദനായി എം.ടി. ഒറ്റയ്ക്കുനടന്നു. മേലേക്കാവിനുള്ളിലിപ്പോഴും നിബിഡമായ കാടാണ്.
ഇടയ്ക്കെപ്പോഴോ എം.ടി. എന്നോടുചോദിച്ചു: ”പി. ചിത്രന് നമ്പൂതിരിപ്പാടിന്റെ ഇല്ലം ഇവിടെ അടുത്തല്ലേ”
”വളരെ അടുത്താണ്” – ഞാന്‍ പറഞ്ഞു.
തെല്ലുനേരം എന്തോ ആലോചിച്ചുനിന്നതിനുശേഷം എം.ടി.പറഞ്ഞു:
”ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം യൂണിറ്റിനുമുഴുവന് ഇല്ലത്ത് നമ്പൂതിരിപ്പാട് ഒരു സദ്യതന്നു”.
കൂട്ടത്തില്‍ താന്‍ കുമരനെല്ലൂരില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് പഠനമികവിന് ചിത്രന് നമ്പൂതിരിപ്പാടില്‍നിന്ന് ചില സമ്മാനങ്ങള്‍ വാങ്ങിയ കാര്യവും ഓര്‍ത്തു.
”മൂത്ത ജ്യേഷ്ഠന്റെ വലിയ സുഹൃത്തായിരുന്നു നമ്പൂതിരിപ്പാട്”.
ഒരുവര്ഷംമുന്പ് തുഞ്ചന്‍പറമ്പില്‍ എം.ടി.യുടെ നവതി ആഘോഷിച്ച സമയത്ത് പി. ചിത്രന് നമ്പൂതിരിപ്പാട് വന്നിരുന്നു. മുക്കാല്മണിക്കൂര്നീണ്ട ഗംഭീരമായ ഒരു പ്രഭാഷണം നടത്തി. അതില്‍ ഇക്കാര്യമെല്ലാം അദ്ദേഹവും ഓര്‍ത്തിരുന്നു. രണ്ടുമാസം കഴിഞ്ഞ് തന്റെ നൂറ്റിനാലാമത്തെ വയസ്സില്‍ പി. ചിത്രന് നമ്പൂതിരിപ്പാട് ഈ ലോകത്തോട് യാത്രപറഞ്ഞു.
എം.ടി.യോടൊപ്പം അന്ന് കീഴേക്കാവിലെ പ്രദക്ഷിണവഴിയില്‍ നടക്കുന്നതിനിടയില്‍ ചെറുപ്പക്കാരനായ ഒരു വെളിച്ചപ്പാടിനെ യാദൃച്ഛികമായി കണ്ടുമുട്ടി. ‘നിര്‍മ്മാല്യ’ത്തില്‍ പി.ജെ. ആന്റണിയെ വെളിച്ചപ്പെടാന്‍ പഠിപ്പിച്ച കുളങ്കര വെളിച്ചപ്പാട് കാട്ടിനാട്ടില്‍ ഗോപാലന് നായരുടെ പേരക്കുട്ടിയായ രതീഷായിരുന്നു ആ യുവകോമരം.
ഞാന്‍ പരിചയപ്പെടുത്തി.
എം.ടി. പതിവില്ലാത്തവിധം ഉദാരതയോടെ അയാളോട് കുശലംപറഞ്ഞു.
കാവിന്റെ പടിയിറങ്ങുമ്പോള്‍ എം.ടി. ചോദിച്ചു:
”ഇവരുടെ കാര്യമൊക്കെ ഇപ്പോള്‍ കുറെ മെച്ചപ്പെട്ടു, അല്ലേ?’
ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും അനാഥത്വത്തിന്റെയും പാരമ്യത്തില്‍ സ്വന്തം ഭഗവതിക്കുമുന്നില്‍ തലവെട്ടിപ്പിളര്‍ന്ന് ‘നിര്‍മ്മാല്യ’മായി വീണ തന്റെ കഥാപാത്രത്തോട് എഴുത്തുകാരന് എത്രമേല്‍ ഹൃദയൈക്യം ചേര്ത്തുവെച്ചിരുന്നുവെന്ന് ആ ചോദ്യം എന്നെ ഓര്‍മ്മപ്പെടുത്തി.
‘നിര്‍മ്മാല്യ’ത്തിന്റെ ചിത്രീകരണം ഞങ്ങളുടെ നാട്ടിലെ ഒരു ചരിത്ര സംഭവമായിരുന്നു. അതില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പലരും ഇന്നും ഗ്രാമത്തില്‍ ജീവിച്ചിരിപ്പുണ്ട്. പില്ക്കാലത്ത് കാലഗണനവെച്ച് ചില കാര്യങ്ങളോര്‍ക്കുമ്പോള്‍ ‘നിര്‍മ്മാല്യം ഷൂട്ടിങ്ങിന്റെ രണ്ടുകൊല്ലംമുന്പാണ് അച്ഛന് മരിച്ചത്’, ‘നിര്‍മാല്യം ഷൂട്ടിങ് കഴിഞ്ഞ് പിറ്റേക്കൊല്ലമാണ് അവളെ പ്രസവിച്ചത്’ എന്നൊക്കെ നാട്ടുകാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഈയിടെ ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റി നിര്‍മിച്ച് മുഹമ്മദ്കുട്ടി സംവിധാനംചെയ്ത ഒരു ഡോക്യുമെന്ററിയും ‘നിര്‍മ്മാല്യ’ത്തെക്കുറിച്ചുണ്ടായി. നിര്‍മ്മാല്യത്തിന്റെ ചിത്രീകരണം കണ്ടുവളര്‍ന്ന രണ്ടുതലമുറയ്ക്ക് ആ കാലം ഇന്നും ഗൃഹാതുരതയുണര്‍ത്തുന്ന ജൈവാനുഭവമാണ്.
‘നിര്‍മ്മാല്യ’ത്തിന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ കിട്ടുമെന്ന് ബെറ്റുവെച്ചവരും അക്കാലത്ത് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ഒ. പുഷ്പാര്ദനനായിരുന്നു അതില്‍ പ്രധാനി. ഞാന്‍ പുഷ്പന്റെ പക്ഷത്തായിരുന്നു. എതിര്‍പക്ഷത്തും ആളുണ്ടായിരുന്നു. ‘നിര്‍മ്മാല്യ’ത്തിന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചതിന്റെ അരനൂറ്റാണ്ട് തികഞ്ഞ ഈ സന്ദര്‍ഭത്തില്‍ അതൊക്കെ ഓര്‍ക്കുന്നതും ഗൃഹാതുരതയുള്ള ഒരു ചരിത്രാനുഭവംതന്നെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]