ചെന്നൈ: 38 വർഷമായി നഗരത്തിൽ തലയുയർത്തിനിൽക്കുന്ന പ്രമുഖ നക്ഷത്രഹോട്ടൽ ക്രൗൺ പ്ലാസ (അഡയാർ പാർക്ക്) പൂട്ടുന്നു. സത്യൻ അന്തിക്കാട് സംവിധാനംചെയ്ത ‘നാടോടിക്കാറ്റ്’ സിനിമയിൽ ക്രൗൺപ്ലാസയും ഒരു ലൊക്കേഷനാണ് -മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും അറബിവേഷത്തിലെത്തുന്ന സ്ഥലം. ഏതാനും തമിഴ് സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.
ഹോട്ടൽ പൂട്ടുന്ന വിവരം ചൊവ്വാഴ്ച രാത്രിയാണ് അധികൃതർ അറിയിച്ചത്. ഡിസംബർ 20-ന് ഹോട്ടൽവാതിലുകൾ അതിഥികൾക്കുമുന്നിൽ അടയും. 16-ന് അംഗത്വം അവസാനിക്കും.
1981-ൽ ഹോളിഡേ ഇൻ എന്നപേരിൽ ടി.ടി. വാസു എന്ന വ്യവസായിയാണ് ഹോട്ടൽ ആരംഭിച്ചത്. പിന്നീട് അഡയാർ ഗേറ്റ് എന്ന് പേരുമാറ്റി. പിന്നീട് ഹോട്ടൽ- വസ്ത്രകയറ്റുമതി സ്ഥാപനമായ ഗോയൽസ് വാങ്ങി. അതിനുശേഷം ഐ.ടി.സി.യുടെ നിയന്ത്രണത്തിലുള്ള പാർക്ക് ഷെറാട്ടൺ ഹോട്ടൽസ് സ്വന്തമാക്കി. അതിനിടെ ഐ.ടി.സി. ഗ്രൂപ്പ് ഗ്രാൻഡ് ചോള ഹോട്ടൽ നിർമിച്ചതോടെ ക്രൗൺപ്ലാസ ചെന്നൈ അഡയാർ പാർക്ക് എന്ന് പേരുമാറ്റി.
ചാമിയേഴ്സ് റോഡിലുള്ള ക്രൗൺ പ്ലാസയിൽ 287 മുറികളാണുള്ളത്. കേരളീയഭക്ഷണം ഉൾപ്പെടെ വിളമ്പുന്ന റസ്റ്ററന്റുകളുണ്ടായിരുന്നു. ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഒന്നരയേക്കറിൽ ഇനി ആഡംബര അപ്പാർട്ട്മെന്റുകൾ ഉയരും. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബാഷ്യം ഗ്രൂപ്പാണ് നിർമാണം. ഏകദേശം 130 അപ്പാർട്ടുമെന്റുകളുള്ള താമസമേഖലയാക്കി വികസിപ്പിക്കാനാണ് നീക്കം.
ഓരോ ഫ്ളാറ്റിനും 5,000 മുതൽ 7,000 വരെ ചതുരശ്ര അടി വലുപ്പമുണ്ടാവും. ഒരു ഫ്ളാറ്റിന് 15 കോടി മുതൽ 21 കോടി രൂപവരെ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]