കോഴിക്കോട്∙ തൊണ്ണൂറുകളിലെ ഓണപ്പാട്ടുകളുടെ സ്മരണയുണർത്തി ‘പൊന്നോണം’ ശ്രദ്ധേയമാവുന്നു. ഈ വർഷത്തെ ഓണപ്പാട്ടുകളിൽ സ്പോട്ടിഫൈ അടക്കമുള്ള സംഗീത സ്ട്രീമിങ് ആപ്പുകളിൽ മുൻനിരയിൽ പൊന്നോണം ഇടംപിടിച്ചു കഴിഞ്ഞു.
ചലച്ചിത്ര സംഗീതസംവിധായകനും നിർമാതാവുമായ രാജേഷ് ബാബു.കെ.ശൂരനാടിന്റെ സംഗീതസംവിധാനത്തിൽ പിറന്ന ഓണപ്പാട്ടാണ് പൊന്നോണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജേഷ് ബാബുവും കൈതപ്രവും ഒരുക്കിയ ഹൃദയമേ എന്ന ഗാനം തരംഗമായിരുന്നു. ഇതിനുപിറകെയാണ് പൊന്നോണമെന്ന ഓണപ്പാട്ട് ഒരുക്കിയത്.
ഓണത്തിന്റെ അനുഭൂതികൾ കേൾവിക്കാരനിലേക്ക് എത്തിക്കാൻ ഹംസധ്വനി രാഗത്തിലാണ് ഈണമൊരുക്കിയത്. മാധ്യമപ്രവർത്തകനായ മിത്രൻ വിശ്വനാഥാണ് വരികൾ എഴുതിയത്. എല്ലാ ഓണപ്പാട്ടുകളിലും പതിവായി കാണുന്ന കേരളീയ ബിംബങ്ങൾ മാറ്റിവച്ച് ഓണത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും വിരഹവും നിറയുന്ന വരികളാണ് എഴുതിയത്.
ഐഡിയ മഞ്ച് സ്റ്റാർസിങ്ങർ ജൂനിയറിലെ താരവും പിന്നണിഗായികയുമായ കെ.ആർ.സാധിക, അജ്മൽ ബഷീർ എന്നിവരാണ് രാജേഷ്ബാബുവിനൊപ്പം ഗായകരായെത്തിയത്. കോഴിക്കോട് ശ്രീബാലമീനാക്ഷി കലാകോവിൽ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂളുമായി ചേർന്നാണ് പാട്ടിന്റെ ദൃശ്യങ്ങൾ ഒരുക്കിയത്. ബിജുല ബാലകൃഷ്ണനാണ് നൃത്തസംവിധാനം. അർഷാദ് അബ്ദു ഛായാഗ്രഹണവും അമൃത് എഡിറ്റിങ്ങും നിർവഹിച്ചു. വോക്സ് സ്റ്റുഡിയോസും ലൂക്ക മീഡിയയുമാണ് നിർമാണ നിർവഹണം.
സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പ്രേക്ഷകരിലേക്കെത്തിയത്. തുടർന്ന് സ്പോട്ടിഫൈ, ജിയോ സാവൻ, ഗാന, വിങ്ക് തുടങ്ങിയ സ്ട്രീമിങ് ആപ്പുകളിലും പാട്ടെത്തി. അറുപതോളംപാട്ടുകളാണ് ഈ വർഷം ഓണത്തിന് പുറത്തിറങ്ങിയത്. സ്പോട്ടിഫൈയുടെ ഈ വർഷത്തെ ഓണപ്പാട്ടുകളിൽ ആദ്യപത്തുസ്ഥാനങ്ങളിൽ ഒന്നായി പൊന്നോണം മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]