
“ഈ റാപ്പും ഹിപ്ഹോപ്പും ഒക്കെ സംഗീതം ആണോ?”എന്നത് എഴുപതുകളുടെ തുടക്കത്തിൽ, മേൽപ്പറഞ്ഞ പദങ്ങൾ പിറവി കൊണ്ടത് മുതൽ ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമാണ്. നൂറായിരം തവണ ചോദിക്കപ്പെട്ട ഈ ചോദ്യത്തിന് ആയിരമായിരം പേർ ലക്ഷക്കണക്കിന് ഉത്തരങ്ങൾ കൈമാറിയിട്ടും അണയാത്ത ഒരു പ്രഹേളികയായി അതവശേഷിക്കുന്നത്, ആ ചോദ്യം വീണ്ടും വീണ്ടും ചോദിക്കപ്പെടേണ്ടതാണെന്നത് കൊണ്ടുമാത്രമാണ്. എത്രയെത്ര വീക്ഷണകോണുകൾ ഉണ്ടോ, അത്രയും വശങ്ങളിൽ നിന്നും ഈ വിഷയത്തെ നോക്കിക്കണ്ട് അഭിപ്രായങ്ങൾ ഉരുത്തിരിയണം. അതാണല്ലോ ജനാധിപത്യമര്യാദ. ഇന്ന് സംഗീതലോകമെന്ന തറവാടിന്റെ ഉത്തരത്തിൽ കയറിയിരുന്ന് ഭരിക്കുന്നത് റാപ്പ് / ഹിപ്ഹോപ് മ്യൂസിക്കാണെന്നത് തന്നെ കാരണം.
മുഖ്യധാരാ സംഗീതം / പോപ്പുലർ മ്യൂസിക്ക് ലോകമെമ്പാടുമുള്ള വലിയ ജനതയുടെ ഉപബോധമനസ്സിൽ കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു പടുകൂറ്റൻ സ്ഫടികമാളികയെ കറുത്ത മെഴുകു പരത്തിയുണ്ടാക്കിയ വിനൈൽ റെക്കോഡുകൾ കൊണ്ട് തച്ചുടച്ച്, ആ കോട്ട കയ്യേറി, സിംഹാസനത്തിൽ കയറിയിരുന്ന ഒരു വിപ്ലവകാരിയാണ് ഹിപ്ഹോപ് എന്ന സമാന്തര അർബൻ സംസ്കാരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ റാപ്പ് മ്യൂസിക്. എഴുപതുകളിൽ അരങ്ങുവാണിരുന്ന ഡിസ്കോയെയും സ്ലോജാമുകളുകളെയും മാളികപ്പുറത്തുനിന്ന് വലിച്ചു താഴെയിട്ട് മരണത്തിന് വിട്ടുകൊടുത്തത് ഹിപ്ഹോപ് സംഗീതമായിരുന്നു.
ഭൂമിയെ താഴേക്ക് നോക്കി മാത്രം പരിചയമുള്ള, അംബരചുംബികളായ കെട്ടിടങ്ങൾ ഇടതൂർന്ന് വിഹരിക്കുന്ന കോൺക്രീറ്റ് വനമായ ന്യൂയോർക്കിലെ മാൻഹട്ടന്റെ വടക്ക്, ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവർ കുടിയേറിപ്പാർക്കുന്ന ബ്രോങ്ക്സിലെ ബ്രൗൺസ്റ്റോൺ കൊണ്ട് കെട്ടിപ്പടുത്ത അപ്പാർട്ട്മെന്റുകളിൽ, ഒരു പിയാനോയോ ഡ്രംസെറ്റോ ഉണ്ടെങ്കിൽ പോലും അത് ഒതുക്കിവയ്ക്കാനോ ഉപയോഗിക്കാനോ ഉള്ള സ്ഥലമോ സൗകര്യമോ ഇല്ല. അവിടെ സംഗീതം കുടികൊണ്ടത് റെക്കോഡ് പ്ലെയറുകളിൽ മാത്രമായിരുന്നു. വെറും ഒരു ഇലക്ട്രോണിക് ഉപകരണമായ അതിനെ അവിടുത്തെ ആഫ്രിക്കൻ അമേരിക്കൻ / ലാറ്റിനോ യുവത്വം ഒരു വാദ്യോപകരണമായി മാറ്റിയ ഇടത്തുനിന്ന് സംഗീത ലോകത്തിന്റെ ജാതകത്തിന്റെ പരിണാമം തുടങ്ങി.
പാർക്കിൽ വന്നുനിൽക്കുന്ന ഒരു ചെറിയ കൂട്ടം ആൾക്കാർ, രണ്ട് റെക്കോഡ് പ്ലെയറുകൾ, നടുക്ക് ഒരു മിക്സർ, സൗണ്ട് സിസ്റ്റം. അതെല്ലാം കൊണ്ട് ഒരു പാട്ടിലെ വെറും രണ്ടോ മൂന്നോ സെക്കൻഡുകൾ മാത്രമുള്ള ബ്രെയ്ക്ക്ബീറ്റ് പോർഷൻ, ക്രോസ്സ്ഫേഡർ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കൈമാറി അഞ്ചും ആറും മിനിറ്റ് നേരത്തേക്ക് നീട്ടി കൂടിനിൽക്കുന്നവരെ ആവേശത്തിലാഴ്ത്തുക എന്നത് മാത്രമായിരുന്നു തുടക്കകാലത്തെ ഹിപ്ഹോപ്പിന്റെ ലക്ഷ്യം.
വിനൈൽ റെക്കോഡുകൾ കൈകാര്യം ചെയ്യുന്ന ഡി.ജെ.ക്ക് കരുത്തു പകരാൻ എം.സി. / റാപ്പർമാർ മൈക്കുമായി കയറിവരികയും അവരുടെ ഒന്നോ രണ്ടോ ക്യാച്ച്ഫ്രേസുകൾ താളത്തിൽ ആവർത്തിച്ച് ആൾക്കൂട്ടത്തെ കൈയ്യിലെടുക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. കാലക്രമേണ രണ്ടു വരികൾ നാലാവുകയും, നാല് എട്ടാവുകയും, എട്ട് പതിനാറാവുകയും ചെയ്യുന്നതോടെ റാപ്പ് മ്യൂസിക്ക് ജനിക്കുകയാണ്. വെറുതേയുള്ള വാചക കസർത്തിന് ഇരുത്തം വന്ന് കാമ്പുള്ള കവിതയും പ്രസക്തിയുള്ള വിഷയങ്ങളും പ്രാസമുള്ള വരികളുമായി മാറുന്നതോടെ റാപ് കരുത്താർജ്ജിക്കുകയായിരുന്നു. ജനനംകൊണ്ട പാർക്കുകളിൽ നിന്ന് ക്ലബ്ബുകളിലേക്കും അവിടുത്തെ ജനസ്വീകാര്യത സ്റ്റുഡിയോകളിലേക്കും മുഖ്യധാരാ റെക്കോഡ് ഇൻഡസ്ട്രിയിലേക്കും റാപ്പിനെ നയിക്കുന്നു.
എൺപതുകളിലെ സാങ്കേതിക വിപ്ലവം സംഗീത മേഖലയെ ഒട്ടാകെ മാറ്റിമറിച്ചു. പാട്ടുണ്ടാക്കുന്നവർക്കും അത് കേൾക്കുന്നവർക്കും ഹൈ-ഫൈ ടെക്നോളജിയിൽ ശബ്ദങ്ങൾ ലഭ്യമായിത്തുടങ്ങിയിരുന്നു. ലോകോത്തര മ്യൂസിക് പ്രൊഡ്യൂസർമാരും സൗണ്ട് എൻജിനീയർമാരും ശബ്ദമികവിൽ ജനങ്ങളെ ഞെട്ടിക്കുന്നത് പതിവായ സമയത്ത്, വെറും എട്ടോ പത്തോ സെക്കന്റുകൾ മാത്രം ശേഖരിക്കാൻ ശേഷിയുള്ള സാപ്ലറുകൾ ഉപയോഗിച്ച്, വെറും 12-ബിറ്റ് സൗണ്ടിൽ, പച്ച മലയാളത്തിൽ പറഞ്ഞാൽ തനി കൂതറ സൗണ്ട് ക്വാളിറ്റിയിൽ മ്യൂസിക്ക് ഉണ്ടാക്കി അത് ജനങ്ങളിലേക്ക് പകർന്നു വിജയിപ്പിക്കാൻ ഹിപ്ഹോപ്പിന് കഴിഞ്ഞു. ഈ ഴോണറിന്റെ നിഘണ്ടുവിൽ “ശബ്ദമാധുര്യം” എന്ന വാക്കിന് വലിയ വില കൊടുക്കാത്തത് കൊണ്ട്, ഏതുതരത്തിലുള്ള വോക്കലുകളേയും ഹിപ്ഹോപ് വിളിച്ചിരുത്തി സൽക്കരിക്കുകയുണ്ടായി, അംഗീകരിക്കുകയുണ്ടായി.
മധുരം ലേശം കുറവുള്ള ചായ ശീലിക്കുന്നത് പോലെ ഒരു അക്വയേഡ് ടേസ്റ്റ് ആയിരുന്നു പൊതുവേ എല്ലാവർക്കും പരമ്പരാഗത ഹിപ്ഹോപ്പിന്റെ ബൂംബാപ്പ് സൗണ്ട്. വളരെ ലൂപ്പി ആയ, പതർച്ചകളും ഓഫ് ടോണുകളും ഉള്ള, ചേരാത്ത ശബ്ദങ്ങളെ തമ്മിൽ ചേർത്ത, “വികലം” എന്ന് മിക്കവാറും ചെവികൾക്ക് തോന്നുന്ന ചെളിപുരണ്ട ഒരു ശബ്ദമിശ്രിതം. നഗരങ്ങളെന്നാൽ മിന്നുന്ന വിളക്കുകളും തിളങ്ങുന്ന കെട്ടിടങ്ങളും അല്ലെന്നും, പൊടിയും പുകയും ചാരവുമുള്ള തെരുവുകൾ കൂടെയാണെന്നും പറയാതെ പറയുകയായിരുന്നു ഹിപ്ഹോപ്പ് ബീറ്റുകളുടെ സൗണ്ട്സ്കേപ്പ്. അങ്ങനെ റോക്ക്ൻറോൾ, മെറ്റൽ, ഹാഡ്കോർ പങ്ക്, ഇൻഡസ്ട്രിയൽ, കോൺക്രീറ്റ്, നോയ്സ് തുടങ്ങിയ ആന്റി-മ്യൂസിക്കൽ ഴോണറുകളുടെ ഒരു സഖാവായി ഹിപ്ഹോപ് നിലകൊണ്ടു.
ചോരതിളയ്ക്കുന്ന യുവത്വത്തിന് ഭാഷകളില്ല, അതിർവരമ്പുകളില്ല. അമേരിക്കൻ ഈസ്റ്റ് കോസ്റ്റിൽ നിന്ന് ഡീപ്പ് സൗത്തിലേക്കും വെസ്റ്റ് കോസ്റ്റിലേക്കും കാനഡയിലേക്കും, പിന്നീട് കടൽ കടന്ന് യൂറോപ്പിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും ഏഷ്യയിലേക്കും ഹിപ്ഹോപ് പടർന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആദ്യമൊന്ന് അന്തം വിട്ട് നിന്നെങ്കിലും, ഈ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള യുവജനത അവരുടെ കഴിവുകൾ റാപ്പിൽ പരീക്ഷിച്ചു. അവരുടേതായ ശൈലിയിൽ, അവരുടെ ഭാഷയിൽ, അവരുടേതായ വിഷയങ്ങൾ ഒരു ഒളിയും മറയും സെൻസറിങ്ങും കൂടാതെ വളരെ റോ ആയി അവതരിപ്പിച്ചത് കൊണ്ടാണ് ഇന്ന് ഒരുപാട് സബ്-ഴോണറുകളും, ലോക്കൽ ഇൻഡിപെൻഡന്റ് സീനുകളും ഉള്ള ഒരു വലിയ കൗണ്ടർ കൾച്ചറായി, ലോകത്തെ ഏറ്റവും വലിയ യൂത്ത് സർക്കിളായി ഹിപ്ഹോപ് മാറിയത്.
എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളും ഭാഷകളും സാംസ്കാരങ്ങളും ഉള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഹിപ്ഹോപ് മ്യൂസിക്ക് ഒരു പകർച്ചവ്യാധി പോലെ പടരാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല. തൊണ്ണൂറുകളുടെ അവസാനം തൊട്ടുതന്നെ പല ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകളും തങ്ങളുടേതായ രീതിയിൽ റാപ്പ് മ്യൂസിക്ക് ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് രണ്ടായിരങ്ങളുടെ ഡിജിറ്റൽ വിപ്ലവത്തിൽ ഇന്റർനെറ്റിലെ മൈസ്പേസ്, ഓർക്കുട്ട് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും നിന്നുള്ള ഹിപ്ഹോപ് കലാകാരന്മാർ പരസ്പരം സംവദിക്കുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു. അതായിരുന്നു ഇന്ത്യൻ റാപ്പ് /ഹിപ്ഹോപ്പിന്റെ ആദ്യത്തെ തലമുറ. അവർ ഉറപ്പിച്ച അടിത്തറയിൽ നിന്നും കെട്ടിപ്പൊക്കിയ ആ മഹാഗോപുരം ഇന്നും പ്രൗഡിയോടെ തലയുയർത്തി നിൽക്കുകയും ഓരോ ദിവസവും അതിൽ പുതിയ പുതിയ പോരാളികൾ ഉയർന്നുവന്ന് കോട്ട കാക്കുകയും ചെയ്യുന്നു. ഇന്ന് ഈ രാജ്യത്തിന്റെ ഓരോ കോണിലും അവിടുത്തെ യുവജനതയുടെ ശബ്ദമായി ഒരു പറ്റം ഹിപ്ഹോപ് ആർട്ടിസ്റ്റുകളുണ്ട്. ഇന്നിറങ്ങുന്ന മിക്ക മുഖ്യധാരാ മ്യൂസിക്ക് ആൽബങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്, ഹിപ്ഹോപ്പിന്റെ ജീനുകളുണ്ട്. ലോകം മുഴുവൻ ഇത് തന്നെയാണ് അവസ്ഥ.
ഒരു കാലത്ത് മറ്റുള്ള ഴോണറുകളിലുള്ള പാട്ടുകളുടെ സാമ്പിളുകൾ അടുക്കിവച്ചു അതിന്റെ മുകളിൽ റാപ്പ് ചെയ്ത് നിർമ്മിക്കപ്പെട്ട ഹിപ്ഹോപ് മ്യൂസിക്ക്, ഇന്ന് അതേ സംഗീതശാഖകളെ കവച്ചുവച്ചു ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും സ്ട്രീം ചെയ്യപ്പെടുന്നതുമായ കാറ്റഗറി ആയി മാറിയിരിക്കുന്നു. ഇതിനെക്കുറിച്ച് പറയുമ്പോൾ പൊതുവേ ആൾക്കാർ പരാമർശിക്കുന്ന ഒരു സത്യമുണ്ട്, “ഹിപ്ഹോപ് ഒന്നും പുതുതായി പണിഞ്ഞിട്ടില്ല, കെട്ടിപ്പടുത്ത എല്ലാത്തിനെയും പുതുക്കിപ്പണിയുകയാണ് ചെയ്തത്” എന്ന്.
അതേ, തീർച്ചയായും, അതും ഒരു പരാന്നഭോജിയേയോ ട്രോജൻ കുതിരയേയോ അനുസ്മരിപ്പിക്കുംവിധം ഉള്ളിൽനിന്ന്. അരനൂറ്റാണ്ട് മുൻപ് എല്ലാത്തിനെയും തകിടം മറിക്കാൻ പദ്ധതിയിട്ടു ജനിച്ച റാപ്പ് /ഹിപ്ഹോപ് അതിന്റെ ലക്ഷ്യം കാണുന്നതിൽ നല്ലവണ്ണം വിജയിച്ചു എന്ന് വേണം കരുതാൻ. ഇന്ന് നിലനിൽക്കുന്ന ഒരു വിധം എല്ലാ സംഗീത ശാഖകളിലും ഹിപ്ഹോപ്പിന്റെ ഒരു ചുവ ഉണ്ടെന്നത് അതിന് സാക്ഷ്യം.
ഒരു വലിയ ജനസമൂഹത്തിന് പുതിയൊരു ശബ്ദം നൽകുകയും അതേ സമയം പലതിനെയും തച്ചുടക്കുകയും ചെയ്ത റാപ്പ് /ഹിപ്ഹോപ് മ്യൂസിക്, ചരിത്രമെന്ന സിനിമയിൽ നായകനോ വില്ലനോ അല്ല; ലോക സംഗീതദിനമായ ജൂൺ 21ന്, ലേശം പൊടിപിടിച്ച റെക്കോഡ് പ്ലെയറിൽ പാട്ടും കേട്ടിരിക്കുന്ന കറുപ്പും വെറുപ്പും കലർന്ന മുടിയിഴകളുള്ള, 50 വയസ്സുകാരനായ ഒരു ആന്റി-ഹീറോയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]