
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് ആമിര്‍ ഖാന്. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലുമൊക്കെ എല്ലായിപ്പോഴും വേറിട്ടുനില്‍ക്കാറുണ്ട് ആമിര്‍. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് ആമിറിനെ വിളിക്കുന്നത് അതുകൊണ്ട് കൂടിയാണ്. ഇന്നോളമിറങ്ങിയ ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയില്‍ ആമിര്‍ സിനിമകളുണ്ടാകും. ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കുമ്പോഴും പരാജയപ്പെടുന്ന സിനിമകള്‍ തന്നെ മാനസികമായി തളര്‍ത്താറുണ്ടെന്ന് പറയുകയാണ് ആമിര്‍ ഖാന്. ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ മൂന്നാഴ്ചയോളം അതോര്‍ത്ത് കരയാറുണ്ടെന്നും നടന് പറയുന്നു. എബിപി നെറ്റ്വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.
എന്റെ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഞാനാകെ തകര്‍ന്നുപോകും. രണ്ടുമുതല്‍ മൂന്നാഴ്ച വരെ അതോര്‍ത്ത് കരയും. പിന്നീട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമൊന്നിച്ചിരുന്ന് എവിടെയാണ് തെറ്റുപറ്റിയതെന്ന് ചര്‍ച്ച ചെയ്യും. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. ഞാന്‍ എന്റെ പരാജയങ്ങളെയും പരിഗണിക്കാറുണ്ട്. – ആമിര്‍ ഖാന് പറഞ്ഞു.
അതിന് ശേഷം പുതിയ ചിത്രങ്ങളെ ഉത്സാഹത്തോടുകൂടി സമീപിക്കാറുണ്ട്. പരാജയങ്ങളില്‍ നിന്ന് പോസിറ്റീവായിട്ടുള്ള കാര്യങ്ങളെടുക്കണം. ജോലി കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഇത് നമ്മെ പഠിപ്പിക്കുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ലാല്‍ സിങ് ഛദ്ദ, തഗ്സ് ഓഫ് ഹിന്ദുസ്താന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ കാര്യമായ വിജയമുണ്ടാക്കാത്തത് നിരാശപ്പെടുത്തിയെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ കുടുംബം പിന്തുണയുമായി ഒപ്പമുണ്ടാകാറുണ്ടെന്നും നടന് പറഞ്ഞു. ലാല്‍ സിങ് ഛദ്ദ മികച്ച വിജയം സ്വന്തമാക്കാതിരുന്നപ്പോള്‍ കുടുംബം ഒപ്പമുണ്ടായിരുന്നുവെന്ന കാര്യം നടൻ ഓര്‍ത്തെടുത്തു.
ലോക ക്ലാസിക് ‘ഫോറസ്റ്റ് ഗംപിന്റെ’ റീമേക്കാണ് ‘ലാല്‍ സിങ് ഛദ്ദ’. റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഗംഭീര വരുമാനം നേടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ലാല്‍ സിംഗ് ഛദ്ദ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ച വച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യു.എസ്- വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഫോറസ്റ്റ് ഗംപ് ഇന്ത്യന്‍ സാഹചര്യത്തിലേക്ക് മാറ്റി എഴുതപ്പെട്ടപ്പോള്‍ ഒരുപാട് പോരായ്മകള്‍ സംഭവിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം. ആമീര്‍ ഖാന് പുറമേ കരീന കപൂര്‍, നാഗ ചൈതന്യ, മോന സിംഗ് എന്നിവരാണ് ലാല്‍ സിംഗ് ഛദ്ദയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ആമിറിന്റേതാണ്. ആമിര്‍ഖാനെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ‘ദംഗല്‍’ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി. 70 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം ലോകമെമ്പാടും 2000 കോടിയോളം നേടി. മഹാവീര്‍ സിങ് ഫൊഗട്ട് എന്ന ഗുസ്തി താരത്തിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും കഥ പറഞ്ഞ ദംഗല്‍ ഇന്നും സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. സമൂഹത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് സ്വന്തം പെണ്മക്കളെ ഗുസ്തി ചാമ്പ്യന്മാരാക്കി, രാജ്യത്തിന് മെഡലുകള്‍ സമ്മാനിച്ച ഒരച്ഛന്റെ അസാമാന്യ ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥയാണ് ദംഗല്‍ പറഞ്ഞുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]