
നായാട്ടിനുശേഷം കുഞ്ചാക്കോ ബോബന് പോലീസ് വേഷത്തിലെത്തിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച പ്രതികരണമായി മുന്നോട്ട്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജിത്തു അഷ്റഫാണ് സംവിധായകന്. ജോസഫ്, നായാട്ട് സിനിമകളുടെ തിരക്കഥാകൃത്തും ഇലവീഴാപൂഞ്ചിറയുടെ സംവിധായകനുമായ ഷാഹി കബീറിന്റേതാണ് തിരക്കഥ. ‘ചോക്ലേറ്റ് ഹീറോ’ ഇമേജില്‍നിന്ന് ഇരുത്തംവന്ന നടനിലേക്കുള്ള കുഞ്ചാക്കോബോബന്റെ മാറ്റമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്കാണുന്നത്.
കുറ്റകൃത്യവും അന്വേഷണവുമായി മുന്നോട്ടുപോകുന്ന ചിത്രത്തില്‍ സി.ഐ. ഹരിശങ്കര്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന് എത്തുന്നത്. തെളിവുകള്‍ ശേഖരിച്ച് സത്യം തേടിപ്പോകുന്ന ഒരുപാട് കഥാപാത്രങ്ങള്‍ മുന്‍പ് ചെയ്തിട്ടുണ്ടെങ്കിലും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എങ്ങനെ വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന് കൃത്യമായ ഉത്തരമുണ്ട്: ”ഹരിശങ്കര്‍ എന്ന കഥാപാത്രം എന്റെ ഇതുവരെ ചെയ്തിട്ടുള്ള പോലീസ് വേഷങ്ങളില്നിന്നെല്ലാം എത്രത്തോളം മാറിനില്ക്കുന്നു എന്നറിയണമെങ്കില്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍മതി.
മലയാള സിനിമയ്ക്ക് എണ്ണംപറഞ്ഞ പോലീസ് കഥകള്‍ സമ്മാനിച്ച കുറച്ചധികംപേര് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയ്ക്കുപിന്നിലുണ്ട്. നായാട്ട് സിനിമയുടെ സംവിധായകന് മാര്ട്ടിന് പ്രക്കാട്ട്, നായാട്ട്, ജോസഫ് ഇലവീഴാപൂഞ്ചിറ സിനിമകള്‍ക്കെല്ലാം തിരക്കഥ ഒരുക്കുകയും ഇലവീഴാപൂഞ്ചിറ സംവിധാനം ചെയ്യുകയും ചെയ്ത ഷാഹി കബീര്‍, കണ്ണൂര്‍ സ്ക്വാഡ് സംവിധാനംചെയ്ത റോബിന് വര്‍ഗീസ് രാജ് (ക്യാമറ), മാര്‍ട്ടിനൊപ്പം കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ജിത്തു അഷറഫ്… അങ്ങനെ അണിയറയില്‍ വലിയൊരു കരുത്തുമായാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. സി.ഐ. ഹരിശങ്കറിനെ പ്രേക്ഷകര്ക്കുമുന്നിലവതരിപ്പിക്കുമ്പോള് ഇവരെല്ലാം മുന്പുചെയ്ത സിനിമകളില്‍നിന്ന് വ്യത്യസ്തമാകണമെന്ന് എന്നെക്കാള്‍ നിര്‍ബന്ധമായിരുന്നു ഈ ടീമിന്. സിനിമയുടെ ആദ്യഘട്ടംമുതല്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.”
ക്രൈം ഡ്രാമ എന്നനിലയില്‍ മുന്നോട്ടുപോകുന്ന സിനിമയില്‍ പോലീസുകാരന്റെ വ്യക്തിജീവിതവും ഔദ്യോഗികജീവിതവും ഇടകലര്ന്നുനില്ക്കുന്നു. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. അഴിയാകുരുക്കുകള്ക്ക് പുറകേ പോകുന്ന ഓഫീസറുടെ വേഷം ചാക്കോച്ചന്റെ കൈയില്‍ ഭദ്രമായി. ആക്ഷന്‍, ചെയ്സിങ് രംഗങ്ങളുടെ മികവ് എടുത്തുപറയേണ്ടതാണ്. അന്വേഷണത്തിലൂന്നി മുന്നോട്ടുപോകുമ്പോഴും വൈകാരികപ്രകടനങ്ങള്കൊണ്ട് പ്രേക്ഷകരെ കഥയുമായി ചേര്‍ത്തുനിര്‍ത്താന്‍ അഭിനേതാക്കള്‍ക്ക് കഴിയുന്നുണ്ട്.
ചാക്കോച്ചന് നായകനാകുന്ന ചിത്രത്തില്‍ ശക്തമായൊരു സ്ത്രീകഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. സമീപകാലത്തായി ജഗദീഷ് എന്ന നടന് അഭിനയത്തില്‍ കൊണ്ടുവരുന്ന മാറ്റം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെത്തുമ്പോള് ഒരുപടികൂടി കടന്നിരിക്കുകയാണ്. ജഗദീഷുമായി ഒരു മുഴുനീള സീരിയസ് വേഷം ചെയ്യാനായതിന്റെ സന്തോഷം ചാക്കോച്ചന് പങ്കുവെച്ചു: ”ഹാസ്യത്തിന്റെ അകമ്പടിയില്ലാതെ ജഗദീഷേട്ടനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ അവതരിപ്പിക്കാന്‍ പറ്റിയെന്നത് ഈ സിനിമ സമ്മാനിച്ച മറ്റൊരു സന്തോഷമാണ്. പടം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ചന്ദ്രബാബു എന്ന അദ്ദേഹത്തിന്റെ കഥാപാത്രം നിലനില്‍ക്കുമെന്നാണ് എന്റെ വിശ്വാസം, ഗൗരവമുള്ളൊരു വിഷയം വേഗത്തില്‍ പറഞ്ഞുപോകുന്ന സിനിമയ്ക്ക് ജേക്ക്സ് ബിജോയുടെ സംഗീതവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ഗുണംചെയ്തിട്ടുണ്ട്.”
നേരിട്ടറിയാവുന്ന ജീവിതങ്ങളെ ചേര്‍ത്തുവെച്ചാണ് ഷാഹി കബീര്‍ സിനിമയൊരുക്കുന്നത്. പോലീസുകാരുടെ ജീവിതത്തിലെ സന്ദര്‍ഭങ്ങളും സമ്മര്‍ദങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. വിശാഖ് നായര്‍, മനോജ് കെ.യു., ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു ജി. വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപ്പന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]