മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ വിമർശിച്ച് തെലുങ്ക് നടൻ ചിരഞ്ജീവി. മൻസൂർ അലി ഖാന്റെ കമന്റുകൾ ഒരു കലാകാരിയ്ക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണെന്ന് ചിരഞ്ജീവി പറഞ്ഞു. സോഷ്യൽ മീഡിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
തൃഷയ്ക്കും ഇത്തരം നിന്ദ്യമായ പരാമർശങ്ങൾക്ക് വിധേയരാകേണ്ടിവരുന്ന എല്ലാ സ്ത്രീകൾക്കും ഒപ്പമാണ് താനെന്നും ചിരഞ്ജീവി പറഞ്ഞു. ചിരഞ്ജീവിയുടെ പ്രസ്താവനയ്ക്ക് നന്ദിയറിച്ച് തൃഷയും രംഗത്തെത്തിയിട്ടുണ്ട്.
വിജയ്യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ, ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നൊക്കെയാണ് മൻസൂർ അലി ഖാൻ പറഞ്ഞത്.
തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. പിന്നാലെ വ്യാപക പ്രതിഷേധമാണ് മൻസൂർ അലി ഖാന്റെ പ്രസ്താവനയിൽ സിനിമാതാരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി തൃഷ എത്തിയതിന് പിന്നാലെ നടനെ വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഗായിക ചിന്മയിയുമൊക്കെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്ന് വനിതാ കമ്മിഷൻ അറിയിച്ചു.
സംഭവത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ പറഞ്ഞിട്ടുണ്ട്. താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും തമിഴ്നാട്ടിലെ ജനങ്ങൾ തനിക്ക് പിറകിലുണ്ടെന്നും നടൻ പറഞ്ഞു. തമാശ മനസിലാക്കാതെ ആളുകൾ തന്റെ പ്രസ്താവനയെ വലിയ പ്രശ്നമാക്കുകയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. തന്നെ കുറ്റം പറഞ്ഞ താരങ്ങളൊക്കെ ശരിക്കും നല്ലവരാണോയെന്നും നടൻ ചോദിച്ചു. തന്നോടൊപ്പം അഭിനയിക്കില്ലെന്ന് അറിയിച്ച തൃഷയ്ക്കെതിരെ അപകീര്ത്തിക്കേസ് കൊടുക്കുമെന്നും മൻസൂർ അലി ഖാൻ ചൂണ്ടിക്കാട്ടി. തന്റെ ഭാഗം കേൾക്കാതെ തനിക്ക് താക്കീത് നൽകിയ നടികർ സംഘ(സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ)ത്തിനെതിരെയും നടൻ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]