
കോട്ടയം:പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ നൽകാൻ. സർക്കാർ ഫാർമസികൾക്കും നിയമം ബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും അന്ന് മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.
ആന്റിബയോട്ടിക്: ശ്രദ്ധിക്കാൻ
• ഡോക്ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടുകൂടി മാത്രം വാങ്ങുക.
• ഒരു വ്യക്തിക്ക് ഡോക്ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി കഴിക്കരുത്.
• ഉപയോഗശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻറിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
ഉദ്ഘാടനം 27-ന്
പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയൽ പ്രതിരോധ പോസ്റ്ററിന്റെയും, കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം 27-ന് കോട്ടയത്ത് നടക്കും. ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ പൊതുയോഗത്തിലാണ് പരിപാടി. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. പൊതുയോഗം ഉദ്ഘാടനംചെയ്യും. ഡ്രഗ്സ് കൺട്രോളർ ഡോ.കെ. സുജിത്കുമാർ പ്രതിരോധ പോസ്റ്റർ, കവർവിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും.
കൂടുതൽ സൗകര്യപ്രദമാകും
പരിഷ്കരിച്ച രീതി പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും. സർക്കാരിന്റെ തീരുമാനത്തോട് യോജിക്കുന്നു- ജോസഫ് സെബാസ്റ്റ്യൻ, എ.കെ.സി.ഡി.എ. പ്രസിഡന്റ്
27 മുതൽ നൽകും
കോട്ടയം ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറിലും ഒക്ടോബർ 27 മുതൽ നീലക്കവറിൽ ആന്റിബയോട്ടിക് നൽകിത്തുടങ്ങും. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ അവബോധ സന്ദേശങ്ങളും കവറിൽ ഉണ്ട്. അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. എല്ലാ മെഡിക്കൽ സ്റ്റോറുകൾക്ക് മുമ്പിലും ബോധവത്കരണ പോസ്റ്ററും പതിപ്പിക്കും.
-താരാ എസ്.പിള്ള, ഡ്രഗ്സ് ഇൻസ്പെക്ടർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]