കിഷ്കിന്ധാകാണ്ഡത്തിലെ അപ്പുപിള്ളയുടെ റോൾ കൈയടക്കത്തോടെ അവതരിപ്പിച്ച വിജയരാഘവൻ സംസാരിക്കുന്നു…
കിഷ്കിന്ധാകാണ്ഡം കണ്ടിറങ്ങുന്നവരെല്ലാം അപ്പുപിള്ള എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നു; വേഷം ശ്രദ്ധിക്കപ്പെടുമെന്ന് കഥകേൾക്കുമ്പോൾ കരുതിയിരുന്നോ…
സംവിധായകൻ ദ്വിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേഷുംചേർന്ന് വീട്ടിൽവന്നാണ് കിഷകിന്ധാകാണ്ഡത്തിന്റെ കഥ വിവരിച്ചത്. തിരക്കഥ വായിക്കുകയായിരുന്നില്ല, കാര്യങ്ങൾ വിശദമായി പറഞ്ഞുതരുകയായിരുന്നു. ആദ്യകേൾവിയിൽത്തന്നെ ഇഷ്ടപ്പെട്ടു. ശക്തമായ കഥയും അതുപറയുന്ന രീതിയുമാണ് ഈ സിനിമയിലേക്കെന്നെ അടുപ്പിച്ചത്. പാട്ടോ തമാശയോ അടിപിടിരംഗങ്ങളോ ഒന്നുമില്ലെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമയായിരിക്കുമിതെന്ന് അന്നുതന്നെ ഞാൻ പറഞ്ഞു. പ്രേക്ഷകർ സ്വീകരിക്കുമോയെന്ന അവരുടെ സംശയത്തിനുമുന്നിൽ ഞാൻ കൈമലർത്തി. കാരണം അത്തരമൊരു പ്രവചനം അസാധ്യമാണ്, സിനിമകളുടെ ഭാവിയെക്കുറിച്ചൊന്നും മുൻകൂട്ടി പറയാനാകില്ല. വിജയിക്കുമെന്ന് ഞാനുറപ്പിച്ച പലസിനിമകളും പ്രേക്ഷകർ തള്ളിക്കളഞ്ഞിട്ടുണ്ട്. തിയേറ്ററുകളിൽ വലിയതോതിൽ ആഘോഷിക്കപ്പെട്ട ചില ചിത്രങ്ങളൊന്നും എനിക്കിഷ്ടമായിട്ടും ഇല്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും അഭിപ്രായം പറഞ്ഞില്ല. കഥകേട്ടതിനുശേഷം ഈ സിനിമയുമായി സഹകരിക്കാമെന്ന് ഞാൻ വാക്കുകൊടുത്തു. കഥയിലുള്ള വിശ്വാസവും കഥാപാത്രത്തിനോടുതോന്നിയ താത്പര്യവുമാണ് കിഷ്കിന്ധാകാണ്ഡവുമായി ചേർത്തുനിർത്തിയത്.
കഥാപാത്രത്തിനുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച്
പൂക്കാലത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മേക്കപ്പിന്റെയും ശരീരഭാഷയുടെയുമെല്ലാം സഹായം വേഷത്തിന് കൂട്ടുവന്നിരുന്നു. എന്നാൽ, കിഷ്കിന്ധാകാണ്ഡത്തിലെ അപ്പുപിള്ളയെ മനസ്സുകൊണ്ടാണ് അവതരിപ്പിച്ചത്. അയാളുടെ അവസ്ഥ അയാളുടേത് മാത്രമാണ്, ജീവിതത്തിൽ സമാനരീതിയിൽ കടന്നുപോകുന്നവർ അത്തരത്തിൽ പെരുമാറണമെന്നില്ല. അങ്ങനെയുള്ള ഓരോ മനുഷ്യരുടെയും പെരുമാറ്റം ഓരോതരത്തിലായിരിക്കും. ശക്തമായ തിരക്കഥയുടെ പിൻബലത്തിൽ അപ്പുപിള്ള ഇങ്ങനെയൊക്കെയാകണമെന്ന് ഞാൻ മനസ്സുകൊണ്ടുറപ്പിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ ഇടപെടലുകളും അസ്വസ്ഥമാകുമ്പോഴെല്ലാം കൈവിരലുകൾചേർത്ത് കൂട്ടിത്തിരുമ്മുന്ന പെരുമാറ്റത്തെക്കുറിച്ചും പലരും സംസാരിക്കുന്നുണ്ട്, അതൊന്നും മുൻകൂട്ടി നിശ്ചയിച്ച് ചെയ്തതല്ല. അഭിനയപ്രാധാന്യമുള്ള ഇത്തരം വേഷങ്ങൾ തേടിവരുന്നതാണ് കലാകാരന്റെ ഭാഗ്യം. അപ്പുപിള്ളയ്ക്കുവേണ്ടി വലിയ മുന്നൊരുക്കമൊന്നും നടത്തിയിട്ടില്ല. കഥാപാത്രത്തെ മനസ്സിലാക്കിക്കഴിയുമ്പോൾ ചിലതെല്ലാം തെളിയും. അതനുസരിച്ചാണ് ക്യാമറയ്ക്കുമുന്നിൽ നിൽക്കുന്നത്. അതെങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയില്ല.
അച്ഛനും മകനും തമ്മിലുള്ള അഭിനയമുഹൂർത്തങ്ങളാണ് സിനിമയുടെ മറ്റൊരു സവിശേഷത…
ആസിഫും ഞാനും നല്ലകൂട്ടാണ്, എന്തും പറയാവുന്ന സൗഹൃദം പരസ്പരമുണ്ട്, അത്തരമൊരു കെമിസ്ട്രി സിനിമയ്ക്ക് ഗുണംചെയ്തിട്ടുണ്ടാകും. ഞങ്ങൾ തമ്മിലുള്ള രംഗങ്ങൾ തീയേറ്ററിൽ വലിയതോതിൽ സ്വീകരിക്കപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം. ഒപ്പം അഭിനയിക്കുന്നവരുമായുള്ള കൊടുക്കൽവാങ്ങലുകൾ കൃത്യമാകുമ്പോഴാണ് രംഗങ്ങൾ മികച്ചതാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ അത്തരം സാധ്യതകൾ ഒരുപാടുണ്ടായിരുന്നു. പഴയതലമുറ പുതുതലമുറ എന്ന വ്യത്യാസമൊന്നുമില്ലാതെ ഒരു ടീമായി മുന്നോട്ടുപോകാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ വിജയം.
ചിത്രീകരണവിശേഷങ്ങൾ, സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ…
ഒറ്റപ്പാലം ഒളപ്പമണ്ണ മനയിലായിരുന്നു ചിത്രീകരണം, മുപ്പതുദിവസത്തിലധികം ഞാൻ ലൊക്കേഷനിലുണ്ടായിരുന്നു. പ്രകൃതിമനോഹരമായ സ്ഥലമായിരുന്നു അത്. ബിഗ് സ്ക്രീനിൽ പ്രദേശത്തിന്റെ ഭംഗി പ്രേക്ഷകനു കാണാം. സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്. എന്നാൽ, ഈ സിനിമയെക്കുറിച്ചു ചിലർ പറഞ്ഞ കമന്റുകൾ മുൻപ് കേട്ടിട്ടില്ലാത്തതാണ്. അതിൽ പ്രധാനം കിഷ്കിന്ധാകാണ്ഡം എന്ന സിനിമ രണ്ടാംതവണ കാണുമ്പോൾ മറ്റൊരുസിനിമയായി അനുഭവപ്പെടുന്നു എന്നതാണ്. ആദ്യകാഴ്ചയിൽ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകൻ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയും അയാൾ പുലർത്തുന്ന ജാഗ്രതയെന്തിനെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ അപ്പുപിള്ളയുടെ മാനസികാവസ്ഥയിൽ, കഥയിലൂടെ സഞ്ചരിക്കാനും അയാളെ സ്നേഹിക്കാനും കാഴ്ചക്കാരന് കഴിയും. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ലഭിക്കുന്ന നല്ലവാക്കുകൾക്ക് നന്ദി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]