
കൊച്ചി: അമ്മ ഉറങ്ങുകയായിരുന്നു, പതിവുള്ളതല്ല. മക്കൾക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നതായിരുന്നു ശീലം. അവർ ഓരോരുത്തരായി വന്നപ്പോൾ പേരുചൊല്ലി വിളിച്ചതുമില്ല. മക്കൾ കണ്ണീരുപുരണ്ട നോട്ടം കൊണ്ട് ചില്ലുപേടകത്തിനുള്ളിലെ അമ്മയെ തൊട്ടു. അവിടെ പൂർണമാകുകയായിരുന്നു അമ്മയെന്ന വാക്കിനോട് മലയാളസിനിമ പൊന്നരച്ചെഴുതിച്ചേർത്ത ഒരു പേരിന്റെ അവസാനരംഗം.
വെള്ളത്തിരശ്ശീലയിൽ നിന്നിറങ്ങിവന്നതുപോലെ കസവുള്ള സെറ്റുപുതച്ച്, ചുവന്നപൊട്ടുതൊട്ട്, എപ്പോഴത്തെയും പോലെ അതീവശാന്തതയോടെ കവിയൂർ പൊന്നമ്മ ആത്മാക്കളുടെ ലോകത്തെ അമ്മയാകാൻ പോയി.
കളമശ്ശേരി ടൗൺഹാളിൽ കാണാൻ ആദ്യം വന്നവരിലൊരാൾ മമ്മൂട്ടിയാണ്. അവധിയാത്ര പാതിവഴി അവസാനിപ്പിച്ച് വിയറ്റ്നാമിൽ നിന്ന് പുലർച്ചെയോടെ കൊച്ചിയിലെത്തുകയായിരുന്നു. മോഹൻലാലിന് വരാതിരിക്കാനാകുവതെങ്ങനെ? പത്തരയോടെ പ്രിയപ്പെട്ട മകൻ മുംബൈയിൽ നിന്ന് അവസാനകാഴ്ചയ്ക്കെത്തി. അമ്മയുടെ മുഖത്തേക്ക് നോക്കാതെ മൃതദേഹപേടകത്തിലെവിടേക്കോ കണ്ണുനട്ട് ഒരുമാത്ര വെറുതേനിന്നു. ഇനി അമ്മയില്ല എന്ന യാഥാർഥ്യത്തിൽ നിന്ന് ലാൽ മമ്മൂട്ടിക്കരികിലേക്ക് നടന്നു. പിന്നെ അവർ അമ്മ നഷ്ടപ്പെട്ട ജ്യേഷ്ഠാനുജന്മാരായി ഒരുപാട് നേരം അരികത്തിരുന്നു.
കവിയൂർ പൊന്നമ്മയ്ക്ക് കളമശ്ശേരി ടൗൺ ഹാളിലെത്തി അന്ത്യാഞ്ജലിയർപ്പിക്കുന്ന മോഹൻലാലും മമ്മൂട്ടിയും |ഫോട്ടോ ടി.കെ. പ്രദീപ് കുമാർ
ചുറ്റിനുമുണ്ടായിരുന്നു മലയാളസിനിമയുടെ പലതലമുറകൾ. ജോഷിയും സത്യൻ അന്തിക്കാടും മുതൽ വിനുമോഹൻ വരെ. പന്ത്രണ്ടുമണിയോടെ കരുമാല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോൾ അമ്മയെ ചുമലിലേറ്റാൻ മുന്നിൽ സുരേഷ് ഗോപിയും രൺജിപണിക്കരും. ഹാളിന് പുറത്തെത്തിയപ്പോൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒരുവശത്ത് മൃതദേഹമഞ്ചം കൈയിൽ പേറി. വൈകീട്ട് നാലരയ്ക്ക് സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി, പെരിയാറ്റിൻ തീരത്ത് ഏറെ കൊതിച്ച് പണിത വീടിനരികത്ത് അനുജൻ ഡി. മനോജ് പകർന്ന തീനാളത്തിൽ നിന്ന് പൊന്നമ്മ പൂമുഖത്ത് കത്തിച്ചുവെച്ചൊരു നിലവിളക്കുപോലെ അവസാനമായി ജ്വലിച്ചു, പിന്നെ അണഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]