
തന്റെ പുതിയ ചിത്രമായ സ്വതന്ത്ര വീർ സവർക്കറുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടൻ രൺദീപ് ഹൂഡ. രൺദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണിത്. കഴിഞ്ഞദിവസം രൺദീപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രൺദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാ പാനി ജയിലിലെ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴുള്ള രൺദീപിന്റെ ലുക്ക് ആണിതെന്നാണ് വിലയിരുത്തൽ.
ചിത്രം പുറത്തുവന്നതിനുപിന്നാലെ രൺദീപിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി ക്രിസ്റ്റ്യൻ ബെയ്ൽ നടത്തിയ രൂപമാറ്റത്തിന് തുല്യമാണിതെന്നാണ് പലരും വിശേഷിപ്പിച്ചത്. ബോളിവുഡിന്റെ ക്രിസ്റ്റ്യൻ ബെയ്ലെന്നും ഇന്ത്യൻ ക്രിസ്റ്റ്യൻ ബെയ്ലെന്നും ആരാധകർ കമന്റ് ബോക്സിൽ പ്രതികരണമറിയിച്ചു.
2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകൻ. എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറി. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ചിത്രത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തൽ. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആർ ഭക്തി ക്ലെൻ, മാർക്ക് ബെന്നിങ്ടൺ, അമിത് സിയാൽ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് 22 ന് ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]