
ജൂനിയർ എൻ.ടി.ആർ നായകനായെത്തുന്ന ‘ദേവര’യുടെ ടിക്കറ്റ് നിരക്ക് ആന്ധ്രാപ്രദേശിൽ കുതിക്കും. സിനിമയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നൽകി. തെലുങ്ക് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്.
ടിക്കറ്റ് നിരക്കിലെ വർധനവിന് പുറമെ സ്പെഷ്യൽ ഷോകളും ചിത്രത്തിന് അനുവദിച്ചിട്ടുണ്ട്. റിലീസ് ദിവസം അർധരാത്രി മുതൽ ‘ദേവര’ പ്രദർശനം ആരംഭിക്കും. ദിവസേന ആറ് ഷോകൾ വരെയുണ്ടാകും. ചിത്രത്തിന് മികച്ച ആദ്യദിന കളക്ഷൻ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’ യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്നാണ് നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയേറ്ററുകളിലെത്തും. നന്ദമുരി കല്യാൺ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്.
‘ഭൈര’ എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]