
ആലപ്പുഴ: അഞ്ചാംവയസ്സു മുതൽ പാട്ടുപഠിച്ചാണ് പൊന്നമ്മയുടെ കലാരംഗത്തേക്കുള്ള ചുവടുവെപ്പ്. 11-ാം വയസ്സിൽ അരങ്ങേറ്റം. അപ്പോൾത്തന്നെ കവിയൂർ പൊന്നമ്മ എന്ന പേരുമായി.
അഭിനയത്തിലേക്കുള്ള വഴി യാദൃച്ഛികമായിരുന്നു. തോപ്പിൽഭാസി കെ.പി.എ.സി.ക്കു വേണ്ടി എഴുതിയ ‘മൂലധനം’ എന്ന നാടകത്തിലേക്ക് ഗായികയെ തേടിയാണ് അദ്ദേഹവും സംഗീതസംവിധായകൻ ജി. ദേവരാജനും ഗാനരചയിതാവ് കേശവൻപോറ്റിയും വീട്ടിലെത്തിയത്. പാട്ടു പാടാനെത്തിയ പൊന്നമ്മയ്ക്ക് പെട്ടെന്നൊരു സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നു. അതായിരുന്നു തുടക്കം.
കാളിദാസ കലാകേന്ദ്രം, പ്രതിഭ ആർട്സ് ക്ലബ്ബ് എന്നിവയിലൂടെ അവർ നാടകത്തിൽ ചുവടുറപ്പിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ജനനി ജന്മഭൂമി, ഡോക്ടർ, അൾത്താര എന്നീ നാടകങ്ങളിൽ നടിയും ഗായികയുമായി. കാളിദാസ കലാകേന്ദ്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് സിനിമയിലേക്കുള്ള മാറ്റം. ഡാൻസ് മാസ്റ്റർ തങ്കപ്പനാണ് മെറിലാൻഡ് സ്റ്റുഡിയോയിൽ ചെല്ലാൻ നിർദേശിച്ചത്.
ശ്രീരാമപട്ടാഭിഷേകം (1962) എന്ന സിനിമയിൽ രാവണന്റെ ഭാര്യ മണ്ഡോദരിയുടെ വേഷത്തിലാണു തുടക്കം. രണ്ടുവർഷം കഴിഞ്ഞിറങ്ങിയ ‘കുടുംബിനി’യിൽ ഷീലയുടെ അമ്മയായി അഭിനയിച്ചു. അതോടെ അമ്മവേഷങ്ങൾക്കു തുടക്കമായി.
അഭിനയജീവിതത്തിന്റെ ആദ്യ രണ്ടുപതിറ്റാണ്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച പൊന്നമ്മ പിൽക്കാലത്ത് ‘തറവാടിത്ത’ത്തിന്റെ മുഖമായി മാറി. നടിയെന്ന നിലയിൽ അവരെ പരീക്ഷിക്കുന്ന ചിത്രങ്ങൾ ഇല്ലാതായി. നന്മയുള്ള മാതൃത്വത്തിന്റെ പ്രതീകമായി തളയ്ക്കപ്പെട്ടത് നടിയെന്ന നിലയിൽ തിരിച്ചടിയായി.
മുട്ടത്തുവർക്കിയുടെ രചനയിലൊരുങ്ങിയ ‘വെളുത്ത കത്രീന’യിലെ മാർത്തപ്പുലയി അവരുടെ എണ്ണംപറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ്. ‘ചാവണേണ്ട മുമ്പ് എനിക്കെന്റെ കുട്ടനാടൊന്നു കാണാനൊക്കുമോ ദൈവേ’ എന്ന് മാർത്ത ചോദിക്കുന്നുണ്ട്. കുട്ടനാട് കാണിക്കാമെന്ന് പ്രേംനസീർ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നു. ഒടുവിൽ കുട്ടനാട്ടിലേക്ക് ഒറ്റയ്ക്കു മടങ്ങുന്ന മാർത്ത മംഗലംകായലിന്റെ വരമ്പിലെത്തും മുൻപേ വള്ളത്തിൽവെച്ചു മരിച്ചു.
ജോൺ എബ്രഹാം കുട്ടനാട്ടിൽ ഒരുക്കിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളി’ൽ ഏലിയാമ്മ എന്ന കഥാപാത്രമായാണ് പൊന്നമ്മ നിറഞ്ഞത്.
ചെറിയാച്ചന് (അടൂർ ഭാസി) ഒപ്പംനിൽക്കുന്ന സൂക്ഷ്മാഭിനയത്തിന്റെ തലങ്ങൾ ഏലിയാമ്മയിൽ കാണാം. നിർമാല്യം, അസുരവിത്ത്, കരകാണാക്കടൽ, നെല്ല്, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തീർത്ഥയാത്ര, തിങ്കളാഴ്ച നല്ല ദിവസം, അവളുടെ രാവുകൾ, റോസി, ത്രിവേണി, ഓടയിൽനിന്ന്, തൊമ്മന്റെ മക്കൾ, തനിയാവർത്തനം, കിരീടം തുടങ്ങി ഒട്ടേറെ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പൊന്നമ്മയ്ക്കു കഴിഞ്ഞു.
ഭ്രാന്തനായി മുദ്രകുത്തപ്പെട്ട മകന് ചോറിൽ വിഷംകലർത്തി ഊട്ടുന്ന തനിയാവർത്തനത്തിലെ അമ്മ ഹൃദയംനിലയ്ക്കുന്ന കാഴ്ചയാണ്. ഭർത്താവിന്റെ കാർക്കശ്യത്തിനും മകന്റെ നിസ്സഹായതയ്ക്കും ഇടയിലുള്ള മാനസിക സംഘർഷത്തിൽ നീറുന്ന കിരീടത്തിലെ കഥാപാത്രത്തെ എങ്ങനെ മറക്കാനാകും?
എം.എസ്. സുബ്ബലക്ഷ്മിയെ അനുകരിച്ച് വലിയ പൊട്ടും മൂക്കുത്തിയുമൊക്കെയണിഞ്ഞ് പാട്ടുകാരിയാകാൻ കൊതിച്ച പൊന്നമ്മ പേരുപോലെ കഥാപാത്രങ്ങളെയും പൊന്നാക്കിമാറ്റി. പൊന്നു കവരുന്നത് മോഷ്ടാക്കളാണ്. ഇവിടെ, മലയാളിമനസ്സുകളെ കവർന്നാണ് പൊന്നമ്മയുെട മടക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]