
വീട്ടിൽ ശൗചാലയം നിർമിച്ച് നൽകാമെന്ന് യുവാവിന് ഉറപ്പുനൽകി അമിതാഭ് ബച്ചൻ. പ്രശസ്ത ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ ക്രോർപതിയിൽ മത്സരിക്കാനെത്തിയ യുവാവിനോടായിരുന്നു ബിഗ് ബി ഇക്കാര്യം പറഞ്ഞത്. കൂടാതെ ആ ഗ്രാമത്തിൽ ശുചിത്വ പരിപാടികൾ ഊർജിതമാക്കാൻ യുവാവിനോട് അമിതാഭ് ബച്ചൻ ആവശ്യപ്പെടുകയും ചെയ്തു.
യുപിയിലെ പ്രതാപ്ഘട്ടിലെ ആഗൈ എന്ന ഗ്രാമത്തിൽനിന്നുള്ള 25 കാരൻ ജയന്ത ഡ്യൂലെയുടെ ജീവിതകഥയാണ് അമിതാഭ് ബച്ചനെ ഇങ്ങനെയൊരു വാഗ്ദാനം നല്കാന് പ്രേരിപ്പിച്ചത്. ക്രോർപതിയിൽ മത്സരിക്കാനെത്തിയതായിരുന്നു ജയന്ത. സഹോദരിയും പരിപാടി കാണാനെത്തിയിരുന്നു. ആദ്യറൗണ്ട് വിജയിച്ച ശേഷം തന്റെ ഏറ്റവും വലിയ സ്വപ്നത്തേക്കുറിച്ച് ജയന്ത പറഞ്ഞു. തന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടി വീട്ടിലൊരു ശൗചാലയം നിർമിക്കുക എന്നതായിരുന്നു അത്.
“വീട്ടിൽ ശൗചാലയമില്ലാത്തതിന്റെ പ്രശ്നങ്ങളുമായി അമ്മ പൊരുത്തപ്പെട്ടതാണ്. എന്നാൽ തുറസ്സായ സ്ഥലത്ത് കുളിക്കുകയും മറ്റും ചെയ്യുന്നത് സഹോദരിയെ സംബന്ധിച്ചിടത്തോളം വളരെ നാണം തോന്നിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ കാര്യമാണ്.” ജയന്ത പറഞ്ഞു.
നമ്മുടെ ഭാരതത്തിൽ എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളുണ്ടെന്നത് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ വിഷമവും ആശ്ചര്യവും ഉണ്ടാക്കുന്നുവെന്നാണ് ഇതിന് മറുപടിയായി ബച്ചൻ പറഞ്ഞത്. ജയന്തയുടെ സഹോദരിക്കും അമ്മക്കും തുറസ്സായ സ്ഥലത്ത് കുളിക്കേണ്ടിവരുന്നുവെന്ന് പറഞ്ഞത് വളരെ വേദനാജനകവും ലജ്ജാകരവുമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഏകദേശം എത്രരൂപയാവും ശൗചാലയം നിർമിക്കാനെന്ന് ബച്ചൻ അന്വേഷിച്ചു.
നാല്പതിനായിരമോ അമ്പതിനായിരമോ ആകുമെന്ന് ജയന്ത മറുപടി നൽകി. “ജയിച്ചാലും ഇല്ലെങ്കിലും മനസ്സമാധാനത്തോടെ നിനക്ക് ഇന്ന് ഇവിടെ നിന്ന് പോകാം. നിങ്ങളുടെ വീട്ടിൽ ഒരു ടോയ്ലറ്റെങ്കിലും ഞങ്ങൾ ഉറപ്പായും നിര്മിക്കും.” ജയന്തയ്ക്ക് അമിതാഭ് ബച്ചൻ നൽകിയ മറുപടി ഇങ്ങനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]