
ഇരിങ്ങാലക്കുട: മലയാളത്തില്‍ സിനിമ നിര്മിക്കാമെന്നുറച്ച് ആദ്യം അതിന്റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട് നോക്കൂ. 95 വര്‍ഷം പിന്നിട്ട മലയാള സിനിമാമേഖലയില്‍ സിനിമാപ്പേര് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനമൊന്നും തന്നെയില്ല. വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്.
നിലവില്‍ സിനിമാപ്പേര് രജിസ്ട്രേഷന്, എന്‍.ഒ.സി. നല്കല് തുടങ്ങിയവയെല്ലാം നിര്‍വഹിക്കുന്നത് ഫിലിം ചേംബര്‍ അടക്കമുള്ള സിനിമാ സംഘടനകളാണ്. സിനിമയുടെ ബജറ്റ്, ലൊക്കേഷന്‍ തുടങ്ങിയവ അടക്കം സംഘടനയെ അറിയിക്കണം. അവര്‍ നിര്‍ദേശിക്കുന്ന ഫീസും നല്‍കണം.
മുമ്പ് ചലച്ചിത്ര അക്കാദമി സംസ്ഥാനത്ത് ചലച്ചിത്രനയം രൂപവത്കരിക്കുന്നതിന് സര്‍ക്കാരിനു മുന്നില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇറങ്ങുന്ന സിനിമകളെക്കുറിച്ച് രേഖകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടാകണമെന്നതായിരുന്നു അതില്‍ പ്രധാനം. ഇതിന്റെ ഭാഗമായി പേര് രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ സെന്‍സര്‍ ചെയ്യാന്‍ എന്‍.ഒ.സി. നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ അക്കാദമിക്ക് കീഴിലാക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര അക്കാദമിക്ക് ഇതിനായി പ്രത്യേകം ഓഫീസോ പ്രത്യേക സംവിധാനങ്ങളോ വേണ്ടിവരില്ല. പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാക്കാനാകും. ഫീസ് വെച്ചാല്‍ സര്‍ക്കാരിന് വരുമാനമാവുകയും ചെയ്യും.
സര്‍ക്കാര്‍ ഗൗരവമായി കാണണം
ഓരോ സിനിമയും ചലച്ചിത്ര അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്ത് സെന്‍സറിങ് സമയത്ത് എന്‍.ഒ.സി. നല്‍കണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കെ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍ണമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ കാര്യങ്ങളും രേഖയായി ലഭിക്കും. ചലച്ചിത്ര അക്കാദമിയും കെ.എഫ്.ഡി.സി.യും ഇക്കാര്യങ്ങളില്‍ നീക്കം നടത്താവുന്നതാണ്.
കമല്‍, സംവിധായകന്, ചലച്ചിത്ര അക്കാദമി മുന്‍ ചെയര്മാന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]