ഹോളിവുഡ് താരം വിൽ സ്മിത്തുമായി 2016 മുതൽ വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് ഒരാഴ്ച മുൻപാണ് നടിയും അവതാരകയുമായ ജെയ്ഡാ പിങ്കെറ്റ് വെളിപ്പെടുത്തിയത്. എന്നാൽ ജെയ്ഡയുടെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിൽ സ്മിത്ത് പങ്കെടുത്തത് ആരാധകരെയാകെ അമ്പരപ്പിലാക്കിയിരിക്കുകയാണ്.
ബാൾട്ടിമോറിലെ ലൈബ്രറിയിൽ നടന്ന ജെയ്ഡയുടെ ‘WORTHY’ എന്ന ഓർമക്കുറിപ്പുകളടങ്ങിയ പുസതകത്തിന്റെ ചർച്ചക്കിടെയാണ് പിന്തുണയുമായി വിൽ സ്മിത്ത് എത്തിയത്. ജെയ്ഡ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണെന്നും ജീവിതാവസാനം വരെ അതങ്ങനെതന്നെയാവുമെന്നും വിൽ സ്മിത്ത് പറഞ്ഞു. തന്റെ പല വിജയങ്ങൾക്കും പിന്നിൽ ജെയ്ഡയുടെ പിന്തുണയും ത്യാഗവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മക്കളായ ജെയ്ഡനും വില്ലോയ്ക്കും ട്രേ സ്മിത്തിനുമൊപ്പമായിരുന്നു താരം എത്തിയത്. അപ്രതീക്ഷിതമായ വിൽ സ്മിത്തിന്റെ സന്ദർശനം ജെയ്ഡയെയും അമ്പരപ്പിച്ചു. ക്രൂരവും അത്രതന്നെ മനോഹരവുമായ ബന്ധമെന്നാണ് വിൽ സ്മിത്ത് തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്.
വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ആ കാലം കഴിഞ്ഞുപോയി. വില്ലും താനും തമ്മിൽ ഇപ്പോൾ നല്ല ബന്ധമാണെന്നും പരസ്പരം പിന്തുണ നൽകിയാണ് തങ്ങൾ മുന്നോട്ടു പോകുന്നതെന്നും ജെയ്ഡ മാധ്യമങ്ങളോട് പ്രതികരിച്ചു.
വരാനിരിക്കുന്ന ആക്ഷൻ-കോമഡി ചിത്രം ‘അൺടൈറ്റിൽഡ് ഫോർത്ത് ബാഡ് ബോയ്സ്’ ന്റെ തിരക്കിലാണ് വിൽ സ്മിത്ത്. 2020-ൽ പുറത്തിറങ്ങിയ ‘ബാഡ് ബോയ്സ് ഫോർ ലൈഫ്’ നു ശേഷമുള്ള, ബാഡ് ബോയ്സ് സീരീസിലെ നാലാമത്തെ ചിത്രമാണിത്.
ആദിൽ എൽ അർബിയും ബിലൽ ഫല്ലായും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൽ സ്മിത്ത്, മാർട്ടിൻ ലോറൻസ്, വനേസ ഹഡ്ഗൻസ്, ആലക്സാണ്ടർ ലൂഡ്വിഗ് ഉൾപ്പെടെയുള്ള താരങ്ങളാണ് അണിനിരക്കുന്നത്. അമേരിക്കയിൽ അടുത്ത വർഷം ജൂൺ 14-നാണ് ചിത്രത്തിന്റെ റിലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]