കവിയൂർ പൊന്നമ്മയുടെ വിയോഗം മലയാളസിനിമയുടെ നഷ്ടമാണെന്ന് നടൻ ജയറാം. ആദ്യചിത്രത്തിൽ തൻ്റെ അമ്മയായി വേഷമിടേണ്ടിയിരുന്നത് കവിയൂർ പൊന്നമ്മയായിരുന്നു എന്നും ജയറാം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു നടൻ്റെ പ്രതികരണം.
‘പൊന്നമ്മ ചേച്ചി അസുഖമായിട്ട് കിടക്കുന്ന വിവരം എനിക്ക് അറിയില്ലായിരുന്നു. എന്റെ മകളുടെ കല്യാണത്തിന് ക്ഷണിക്കാനായി ഞാൻ പലപ്രാവശ്യം വിളിച്ചിരുന്നു. പക്ഷേ എടുത്തില്ല. ചേച്ചി ഇത്രത്തോളം മോശമായ അവസ്ഥയിലായിരുന്നുവെന്ന് ഇന്ന് രാവിലെയാണ് അറിയുന്നത്. എനിക്ക് പെട്ടെന്ന് ഓർമ വരുന്നത് എൻ്റെ ആദ്യചിത്രം അപരനാണ്, 1988 ഫെബ്രുവരി 18-ാം തീയതി. തലേദിവസം വരെ പൊന്നമ്മ ചേച്ചിയായിരുന്നു എൻ്റെ അമ്മയായിട്ട് അഭിനയിക്കേണ്ടിയിരുന്നത്. സ്റ്റുഡിയോയിലേയ്ക്ക് വരാനുള്ള എന്തോ ബുദ്ധിമുട്ട് 17-ാം തീയതി ചേച്ചി അറിയിക്കുന്നു. പൊന്നമ്മ ചേച്ചിയാണ് അമ്മ വേഷം ചെയ്യേണ്ടിയിരുന്നതെന്നും പക്ഷേ മാറിയെന്നും കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. പിറ്റേന്ന് പകരം സുകുമാരി ചേച്ചി എത്തി, എൻ്റെ ആദ്യ അമ്മയായി അഭിനയിച്ചു. പിൽക്കാലത്ത് പൊന്നമ്മ ചേച്ചിയോട് ഇക്കാര്യം ചോദിച്ചു, ചേച്ചി കാരണം പറഞ്ഞു. പിന്നീട് ‘ജാതകം’ തൊട്ട് എത്രയെത്ര സിനിമകൾ. എന്നെ സ്നേഹിക്കുന്ന അമ്മയായിട്ട്, ചേർത്തുപിടിക്കുന്ന അമ്മയായിട്ട് എത്രയെത്ര സിനിമകൾ. ഇനി ഒരു അമ്മ വേഷം വന്നാലും ഈയൊരു അമ്മയെ കിട്ടുമോ. കിട്ടില്ല. അതൊരു നഷ്ടമാണ്. ഭയങ്കര വിഷമം തോന്നുന്നു’, ജയറാം പറഞ്ഞു.
ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]