
പ്രണയവും ഫീൽഗുഡ് ജോണറും. അതൊരു വല്ലാത്ത കോമ്പിനേഷനാണ്. മലയാള സിനിമയിലാണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ ഈ കോംബോയിൽ വന്നിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കുവന്ന ഏറ്റവും പുതിയതും വ്യത്യസ്തവുമായ ചിത്രമാണ് വിഷ്ണു മോഹൻ ഒരുക്കിയ കഥ ഇന്നുവരെ. പ്രണയവും അതിലെ കയറ്റങ്ങളും ഇറക്കങ്ങളുമാണ് ചിത്രം സംസാരിക്കുന്ന വിഷയം. ഒരു പ്രണയകഥയെ എങ്ങനെ ഇന്നുവരെ ആരും പറയാൻ ധൈര്യപ്പെടാത്ത രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
തിരുവനന്തപുരത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ പ്യൂണായ രാമചന്ദ്രൻ, ആലപ്പുഴയിലെ യുവ രാഷ്ട്രീയക്കാരനായ ജോസഫ്, ഇടുക്കിയിലെ മദ്യശാലയിലെ ജീവനക്കാരനായ ചെറുപ്പക്കാരൻ, പാലക്കാട്ടെ സ്കൂൾ വിദ്യാർത്ഥി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തിലേക്കാണ് പ്രേക്ഷകരെ വിഷ്ണു മോഹനും കൂട്ടരും കൊണ്ടുപോകുന്നത്. രാമചന്ദ്രനിൽ നിന്ന് തുടങ്ങുന്ന ചിത്രം മേൽപ്പറഞ്ഞ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. അതുകൊണ്ടുതന്നെ തുടക്കംമുതലേ നോൺ ലീനിയർ സ്വഭാവമാണ് സിനിമയ്ക്ക് ഉടനീളം. അങ്ങനെയെങ്കിലും ഈ നാലു കഥാപാത്രങ്ങളേയും കൂട്ടിയിണക്കുന്ന പൊതുഘടകം ഇവർ ഉള്ളിൽ സൂക്ഷിക്കുന്ന പ്രണയമാണ്.
രാമചന്ദ്രന് സഹപ്രവർത്തകയോടാണ് പ്രണയമെങ്കിൽ ജോസഫിന്റെ പ്രണയം മറ്റൊരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോടാണ്. മദ്യശാലയിലെ ജീവനക്കാരനായ, കൂട്ടുകാർ താടി എന്ന് കളിയാക്കുന്ന ചെറുപ്പക്കാരന്റേതാകട്ടെ കേട്ടാൽ മൂക്കത്ത് വിരൽവെച്ചുപോകുന്ന തരം പ്രണയവും. ഇനി ഇതൊന്നുമല്ല പാലക്കാട്ടെ പ്രണയം. അവന് തന്റെ സഹപാഠിയോടാണ് പ്രണയം. ഈ നാലു പ്രണയങ്ങളും ഒരുമാലയിലെ വൈവിധ്യമാർന്ന മുത്തുകൾപോലെ ഇടവിട്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.
ഓരോ കഥാപാത്രങ്ങളെ പരിശോധിക്കുകയാണെങ്കിൽ ബിജു മേനോൻ അവതരിപ്പിച്ച രാമചന്ദ്രനിൽനിന്നുതന്നെ തുടങ്ങാം. പ്രായം അമ്പതുകഴിഞ്ഞെങ്കിലും വിവാഹിതനല്ല ഇയാൾ. ദൈവമല്ല, തനിക്ക് ചുറ്റുമുള്ളവരാണ് തന്നെ സഹായിക്കുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഇയാൾ. തന്റേതായ ജീവിതശൈലികൾ പുലർത്തിവരുന്ന ഈ കഥാപാത്രം ബിജു മേനോനിൽ ഭദ്രമായിരുന്നു. ഈ കഥാപാത്രത്തിന്റെ നായികയായെത്തിയത് മേതിൽ ദേവികയാണ്. തന്റെ ആദ്യചിത്രത്തിലെ നായികവേഷം അവർ കയ്യടക്കത്തോടെ അവതരിപ്പിച്ചു. ജോസഫിന്റെയും ഉമയുടേയും പ്രണയത്തിന് അല്പം വിപ്ലവത്തിന്റെ മേമ്പൊടിയുണ്ട്. ഈ കഥാപാത്രങ്ങൾ അനു മോഹനും നിഖില വിമലും കയ്യടക്കത്തോടെതന്നെ അവതരിപ്പിച്ചു.
പ്രണയ കഥകളുടെ കൂട്ടത്തിൽ വൈകാരികമായി തീവ്രത അവകാശപ്പെടാവുന്നത് താടിക്കാരന്റെയും നസീമയുടേയും പ്രണയമാണ്. അതിനുവേണ്ടി തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ ഒരുക്കിയെടുത്ത കഥാപരിസരമാണ് ഈ പ്രണയത്തെ വ്യത്യസ്തമാക്കുന്നത്. അടുത്ത കാലത്തൊന്നും ഈ രീതിയിൽ ഒരു പ്രണയം മലയാളസിനിമയിൽ കണ്ടിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അല്പം വിശാലാർത്ഥത്തിലുള്ള പ്രണയമായും ഇതിനെ കണ്ടാൽ തെറ്റുപറയാനാവില്ല. ഹക്കീം ഷാജഹാനും അനുശ്രീയുമാണ് ഈ വേഷങ്ങൾ അവതരിപ്പിച്ചത്. പ്രണയവിലാസത്തിന് ശേഷം ലഭിച്ച പ്രണയനായകന്റെ വേഷം ഹക്കീം ഗംഭീരമാക്കിയിട്ടുണ്ട്. അനുശ്രീയുടെ കരിയറിൽ വഴിത്തിരിവാകാനും നസീമയ്ക്ക് സാധിക്കും.
നാലാമത്തെ സ്കൂൾ വിദ്യാർത്ഥികളുടെ കഥയിൽ പ്രണയമുണ്ടെങ്കിലും അതിന് സമാന്തരമായി പ്രധാന കഥാപാത്രങ്ങളുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾകൂടി പറഞ്ഞുപോകുന്നുണ്ട്. ഒരു പ്രണയം എങ്ങനെ രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളെ ബാധിക്കുന്നുവെന്ന് ഉള്ളിൽത്തട്ടുംവിധം പറയാൻ ഇവരുടെ കഥയ്ക്കാവുന്നുണ്ട്. ഈ കഥയിൽ അപ്പുണ്ണി ശശി അവതരിപ്പിച്ച കഥാപാത്രത്തിന് പ്രത്യേകം കയ്യടി നൽകേണ്ടിയിരിക്കുന്നു. കോട്ടയം രമേശ്, രഞ്ജി പണിക്കർ, സിദ്ദിഖ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങൾ.
ആദ്യ ചിത്രമായ മേപ്പടിയാനിൽനിന്ന് വിദൂര സാദൃശ്യം പോലുമില്ലാത്ത ചിത്രം ഒരുക്കി എന്നതിൽ വിഷ്ണു മോഹന് അഭിമാനിക്കാം. ആദ്യചിത്രത്തിൽ ഒരു സാധാരണക്കാരൻ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളായിരുന്നെങ്കിൽ ഇവിടെ പ്രണയത്തിന്റെ അനന്തമായ കാഴ്ചകളാണ് വിഷ്ണു പ്രേക്ഷകന് സമ്മാനിക്കുന്നത്. പ്രണയചിത്രങ്ങളോട് പ്രണയമുള്ളവരാണ് നിങ്ങളെങ്കിൽ ടിക്കറ്റെടുക്കാം ഈ പ്രണയകഥയ്ക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]