
പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മുന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്. റിപ്പോര്‍ട്ടിന്റെ ഭാഗമായ മൊഴികൾ സര്‍ക്കാരിന്റെ പക്കലില്ലെന്നും നിയമനടപടിക്ക് തടസ്സങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘wcc മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി കമ്മീഷനെ വെക്കാൻ തീരുമാനിച്ചത്. റിട്ടയേർഡ് ജസ്റ്റിസ് ഹേമയും, വത്സലകുമാരി ഐ.എ.എസും നടി ശാരദയും. രണ്ട് വർഷം അവർ പഠനം നടത്തി. അതിനിടയിൽ ചില പ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നു, കമ്മീഷന്റെ പ്രവർത്തനം മുന്നോട്ട് പോവാൻ പറ്റാത്ത രീതിയിലുള്ള ചില പ്രശ്നങ്ങൾ. അതും സർക്കാർ പരിഹരിച്ചു. മുഖ്യമന്ത്രി ഉദ്ദേശിച്ച രൂപത്തിൽത്തന്നെ തെളിവെടുപ്പ് നടത്തി. ഇതൊരു ഇരുതല മൂർച്ചയുള്ള പ്രശ്നമായതുകൊണ്ട് തന്നെ വളരെ അവധാനതയോടുകൂടിയ സമീപനമാണ് ഹേമ കമ്മിഷൻ എടുത്തത്. അവർ ആദ്യം തന്നെ മൊഴി നൽകുന്നവർക്ക് ആരാണ് നൽകിയത്, എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തില്ലെന്ന ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും നിർഭയമായി കാര്യങ്ങൾ പറയാൻ നിർബന്ധിക്കപ്പെട്ടത്. അതിന്റെ ഭാഗമായി രൂപംകൊണ്ട റിപ്പോർട്ട് ഗവൺമെന്റിന് കിട്ടുന്നത് 2019 ഒക്ടോബറിലാണ്. ഇത് വെക്കുന്ന സമയം 2019 ജൂൺ മാസമാണ്. അന്നും ഞാൻ സാംസ്കാരിക വകുപ്പ് മന്ത്രിയാണ്, റിപ്പോർട്ട് ലഭിക്കുമ്പോഴും ഞാൻ സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. ഇതിന്റെ ഭാഗമായി ഞങ്ങൾ ആദ്യം തന്നെ ചില നടപടികൾ എടുത്തു. നടപടിയെടുത്തത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല. അടൂരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.
റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് സിനിമ മേഖലയിൽ, പ്രത്യേകിച്ച് പ്രൊഡക്ഷൻ, വിതരണം, സാങ്കേതിക വിഭാഗം, നടന്മാർ ഇവരുടെയെല്ലാം പ്രതിനിധികളെ വെച്ചുകൊണ്ട് വിശദമായ ചർച്ച എന്റെ ചേമ്പറിൽ നടത്തിയിരുന്നു. റെഗുലേറ്ററി ബോഡി രൂപം കൊള്ളുമ്പോൾ സ്വാഭാവികമായുമുണ്ടാകുന്ന ചില ആശങ്കകൾ പ്രകടിപ്പിച്ചു. അതിന്റെ ഭാഗമായി തുടർനടപടികൾ എടുക്കുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരി ശക്തിയായി രൂപപ്പെടുന്നത്. സ്വാഭാവികമായും ഒരു വ്യവസായമേഖല അപ്പോൾത്തന്നെ സ്തംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ അനുബന്ധമായി രൂപപെടുമെന്നുള്ളത് കൊണ്ട് കോവിഡിന്റെ കാലഘട്ടത്തിൽ തുടർനടപടികൾ എടുക്കാൻ സാധിച്ചില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന് തുടർനടപടികൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഇതിന്റെ റിപ്പോർട്ട് പുറത്തുകൊടുക്കാൻ പാടില്ല എന്ന തരത്തിലുള്ള ചില ഇടപെടലുകൾ ഉണ്ടായി. അതിന്റെ ഭാഗമായി ഈ റിപ്പോർട്ട് പുറത്തുകൊടുക്കുന്നതിന് പ്രശ്നമില്ല എന്നൊരു നിലപാട് വിവരാവകാശ കമ്മീഷൻ എടുത്തു. ഇതിന്റെ ഭാഗമായി റിപ്പോർട്ട് സർക്കാർ എടുക്കാൻ തയ്യാറായ ഘട്ടത്തിലാണ് ഹൈക്കോടതിയിൽ ഒരു പെറ്റീഷൻ വരുന്നത്. ആ പെറ്റീഷന്റെ തുടർച്ച എന്ന നിലയിൽ തന്നെ, WCC യുടെ ഒരു സ്ഥാപക അംഗം, ഇത് പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന ഒരു ഇടപെടൽ നടത്തി. ഹേമാ കമ്മിറ്റി തെളിവെടുപ്പ് നടത്തുമ്പോൾ മൊഴി കൊടുത്ത ആൾക്കാർക്ക് എന്താണോ ഉറപ്പ് നൽകിയത് അതിന്റെ ഭാഗമായി സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടു. അങ്ങനെയാണ് ഇതിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതാണ് ഇതിന്റെ ഒരു ഘട്ടം.
മൊഴികൾ സർക്കാരിൻ്റെ കെെയിൽ ഇല്ല. കേവലം ഒരു ജനറൽ റിപ്പോർട്ടിന്റെ ഭാഗമായി ഇന്ന വ്യക്തി അല്ലേൽ ഇന്ന സ്ഥാപനത്തിന് എതിരെ നടപടികൾ എടുക്കാൻ നിയമപരമായി തടസമുണ്ട്. പുറത്തുവരാത്ത മൊഴികളും രേഖകളുമുണ്ട്. അതൊന്നും കമ്മീഷൻ സർക്കാരിന് തന്നിട്ടില്ല, പുറത്തും വിട്ടിട്ടില്ല. അതുപോലെ തന്നെ ഇപ്പോൾ നൽകിയിട്ടുള്ള റിപ്പോർട്ടിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കാൻ നിർബന്ധിക്കപ്പെട്ടത് കമ്മീഷന്റെ തന്നെ റിപ്പോർട്ടിന്റെ ഭാഗമായിട്ടാണ്. കാരണം ഇത് പുറത്തു വിടില്ല എന്ന ഉറപ്പ് കൊടുത്തിരുന്നു. സ്വാഭാവികമായും സർക്കാരിന്റെ മുന്നിൽ വ്യക്തിപരമായ പരാതിയെന്ന രൂപത്തിലില്ല. എന്നാൽ ഈ രംഗവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ ഗൗരവമായി സർക്കാർ പരിശോധിക്കും. ഈ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാതെ ഈ രംഗത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല’,എ.കെ. ബാലന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]