
2026 ൽ അമ്പത്തൊന്നാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ടൊറൻ്റോ രാജ്യാന്തരചലച്ചിത്രോത്സവം (TIFF) കാണാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച സാധ്യതകളുള്ള ചലച്ചിത്രവിപണി (Film Market) ആയിരിക്കും. ലോകോത്തരനിലവാരമുള്ള ചലച്ചിത്രങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും ഉപകരിക്കുന്ന രീതിയിൽ, ഈ വർഷം മുതൽ അതിനായുള്ള തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതായാണ് ഇക്കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചത്.
സ്വന്തമായുള്ള അഞ്ച് പ്രദർശനശാലകളിൽ ദിവസേന നടക്കുന്ന ചലച്ചിത്ര പ്രദർശനങ്ങൾക്കു പുറമേ വിവിധങ്ങളായ രീതിയിൽ വർഷം മുഴുവൻ സക്രിയമാണ്, ലോകത്തിലെ വിഖ്യാതചലച്ചിത്രോത്സവങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ടൊറോൻറോ രാജ്യാന്തര ചലച്ചിത്രമേള. ഓരോ മേളക്കാലത്തും ശരാശരി അഞ്ച് ലക്ഷത്തോളം പേരാണ് ടൊറോൻറോ ഫെസ്റ്റിവലിൽ വന്നുപോകുന്നത്. അതുകൊണ്ടു തന്നെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രവിപണിയാക്കി TIFF നെ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനം വലിയ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.
കാനഡയുടെ ഫെഡറൽ ബജറ്റിൽ, ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള സൗകര്യവർദ്ധനവുകൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത് 23 ദശലക്ഷം ഡോളറാ (1380 ദശലക്ഷം രൂപ) ണ്. ഇതുവരെ സർക്കാരിൽ നിന്നു ലഭിച്ച ഏറ്റവും വലിയ ധനസഹായമാണിത്.
കാനിലും ബെർലിനിലും നടക്കുന്ന ചലച്ചിത്രോത്സവങ്ങളുടെയൊപ്പം നിൽക്കുന്ന ചലച്ചിത്രവിപണിയാവും ഈ വർഷം മുതൽ ടൊറൻ്റോയിലും നടപ്പിലാകുക. വർദ്ധിച്ചുവരുന്ന ചലച്ചിത്രസാധ്യതകൾ കണക്കിലെടുത്തുകൊണ്ട് ലോകോത്തരസിനിമകളുടെ നിർമ്മാണവിതരണരംഗങ്ങളിൽ അടിമുടി മാറ്റങ്ങളാണ് ഇതിലൂടെ സംഭവിക്കുന്നത്. പ്രമേയങ്ങളുടെ ഉള്ളടക്കം മുൻനിർത്തി വിവിധ നിലയിലുള്ള വ്യാപാരസാധ്യതകളാണ് ആഗോള ചലച്ചിത്രലോകത്തിനു തുറന്നുകിട്ടാൻ പോകുന്നത്.
”ചലച്ചിത്രമേളകളുടെ സംഘാടകമാതൃകകളിൽ മികവു പ്രകടിപ്പിച്ച ടൊറോൻറോ ചലച്ചിത്രോത്സവം ഇനിയും പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ്,” മേളയുടെ പ്രധാനശില്പിയും ആർട്ടിസ്റ്റിക് ഡിറക്ടറുമായ കാമെറോൺ ബെയ്ലി പത്രസമ്മേളനത്തിൽ പറഞ്ഞു.
നാനൂറോളം ചിത്രങ്ങൾ പ്രദർശനത്തിനു തയ്യാറെടുക്കുന്ന ഈ വർഷത്തെ ചലച്ചിത്രമേള സെപ്റ്റംബർ 5 മുതൽ 15 വരെയാണ്. മുപ്പതോളം വേദികളാണ് അതിനായി ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]