
മുംബെയിൽ രാവിലെ ഉണർന്നപ്പോൾ കേട്ട വാർത്ത ഗംഗേട്ടൻ വിടപറഞ്ഞുപോയി എന്നതാണ്.
‘അഹിംസ’ എന്ന സിനിമ മുതൽ തുടങ്ങിയ ബന്ധമാണ്. ഒരുപാടോർമകളുണ്ട്.
സിനിമ മുതൽ എന്റെ വിവാഹംവരെ നീളുന്നവ. നാട് മുഴുവൻ പി.വി.ജി.
എന്ന് വിളിക്കുമ്പോഴും ഞാൻ എന്നും ഗംഗേട്ടൻ എന്നേ വിളിച്ചിരുന്നുള്ളൂ. അംഹിസ എന്ന സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലം എന്റെ ഉള്ളംകൈയിൽ വെച്ചുപിടിപ്പിച്ചുതന്നത് ഇപ്പോഴും ഓർമയുണ്ട്.
കോഴിക്കോട്ട് ഷൂട്ടിങ് ധാരാളമുള്ള കാലമായിരുന്നു അത്. എന്റെ രണ്ടാംവീടായി കോഴിക്കോടിനെ കണ്ടകാലം.
ഷൂട്ടിങ്ങുള്ളപ്പോഴെല്ലാം ഗംഗേട്ടന്റെ വീട്ടിൽ പോവാറുണ്ട്. അദ്ദേഹത്തിന്റെ പിതാവ് പി.വി.
സാമിയുമായും ജ്യേഷ്ഠൻ പി.വി. ചന്ദ്രനുമായും അത്രമേൽ അടുത്തത് ആ അവസരങ്ങളിലാണ്.
കേരളകല എന്ന ആ വീട്ടിൽവെച്ച് ഒരുപാട് വലിയമനുഷ്യരെ ഞാൻ കണ്ടു; പരിചയപ്പെട്ടു. അതിലൊരാൾ വിഖ്യാത ചിത്രകാരനായ എം.എഫ്.
ഹുസൈനായിരുന്നു. അന്ന് അദ്ദേഹം അവിടെവെച്ച് വരച്ചുതന്ന ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്.
സുചിത്രയുമായി എന്റെ വിവാഹം നിശ്ചയിച്ചപ്പോൾ സുചിയുടെ പിതാവ് ബാലാജി എന്നെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞത് ഗംഗേട്ടനോടാണ്. അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ എനിക്ക് ജീവിതമായി.
ഗംഗേട്ടന്റെ നിർമാണത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ഒന്നിച്ച് ഒരുപാട് യാത്രചെയ്തു.
മൂന്നുവർഷംമുമ്പ് എനിക്ക് പി.വി. സാമി പുരസ്കാരം പ്രഖ്യാപിച്ച് ഗംഗേട്ടൻ വിളിച്ചു.
കോഴിക്കോട്ട് വന്ന് വാങ്ങണം. അടുത്തദിവസങ്ങളിലാണ് കോവിഡ് പടർന്ന് രാജ്യമെങ്ങും നിശ്ചലമായത്.
അടച്ചിടലുകൾ കഴിഞ്ഞ് ലോകം തുറന്നപ്പോൾ ഷൂട്ടിങ്ങിനായുള്ള എന്റെ യാത്രകൾ എനിക്കുകൂടി നിയന്ത്രിക്കാൻ പറ്റാതായി. കൊച്ചിമുതൽ മൊറോക്കോവരെ അതു നീണ്ടു.
കോഴിക്കോട്ടേക്കുവന്ന് സമാധാനമായി ആ പുരസ്കാരം വാങ്ങുക എന്നത് നടന്നില്ല. ആ വേദനയോടെ ഗംഗേട്ടന് വിട
നൽകുന്നു. ഒന്നിച്ചുള്ള ഓർമകളെല്ലാം ഉള്ളിൽ സൂക്ഷിക്കുന്നു.
Content Highlights: pv gangadharan passed away mohanlal about pv gangadharan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]