
തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ഗോവയിൽവെച്ച് സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയായ 21-കാരിയുടെ ലൈംഗിക പീഡനാരോപണത്തേത്തുടർന്ന് ഒളിവിലായിരുന്നു ജാനി മാസ്റ്റർ. ഇയാളെ ഹൈദരാബാദിലെ കോടതിയിൽ ഉടൻ ഹാജരാക്കും.
ഈ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നർസിങ്കിയിലുള്ള വസതിയിൽവെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി റായ്ദുർഗ് പോലീസിൽ നൽകിയ പരാതിയിലുണ്ടായിരുന്നു. തുടരന്വേഷണത്തിനായ് കേസ് നർസിങ്കി പോലീസിന് കൈമാറുകയായിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിൽ പതിനെട്ടാം തീയതിയാണ് സൈബരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള നർസിങ്കി പോലീസ് പോക്സോ കേസ് ചുമത്തിയത്. തുടർന്നാണ് ജാനി മാസ്റ്റർ ഒളിവിൽപ്പോയത്. സ്വന്തം കൈപ്പടയിലെഴുതിയ നാൽപ്പത് പേജുള്ള പരാതിയും അനുബന്ധ രേഖകളും യുവതി തെലങ്കാന വനിതാ കമ്മീഷന് നൽകിയിട്ടുണ്ട്. യുവതിക്ക് പോലീസ് സുരക്ഷയൊരുക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ചെയർപേഴ്സൺ നെരേലാ ശാരദ പ്രതികരിച്ചു.
ദേശീയ പുരസ്കാരമുൾപ്പെടെ നേടിയിട്ടുള്ള നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ. സ്ത്രീ 2 എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രി പവൻ കല്യാണുമായും അദ്ദേഹത്തിന്റെ ജനസേനാ പാർട്ടിയുമായും ഏറെ അടുപ്പംപുലർത്തുന്നയാളാണ് ജാനി മാസ്റ്റർ. പോക്സോ കേസിലുൾപ്പെട്ടതിനാൽ ജനസേനാ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാൻ പാർട്ടി ജാനിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]