കേരളത്തിലെ സംഗീതാസ്വാദകര്‍ മാതൃഭൂമി കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടി ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ട് പത്ത് കൊല്ലമായിരിക്കുന്നു. ആറ് സീസണുകള്‍ക്ക് ശേഷം ഒരിടവേള വന്നെങ്കിലും സീസണ് 7 ലൂടെ മ്യൂസിക് മോജോ വീണ്ടുമെത്തിയിരിക്കുന്നു. മുന്സീസണുകളെപ്പോലെ ഏറ്റവും മികച്ച പ്രതിഭകളുമായാണ് സീസണ് 7 ആരംഭിച്ചിരിക്കുന്നത്. ആര്യ ദയാല്‍, സുദീപ് പാലനാട്, ഡോ. ബിനീത രഞ്ജിത് എന്നിവരുടെ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. പുതുമയാര്‍ന്ന അമ്പതോളം ഗാനങ്ങളാണ് ഇത്തവണ മ്യൂസിക് മോജോ അവതരിപ്പിക്കുന്നത്. മ്യൂസിക് മോജോ എന്ന പ്രോഗ്രാമിനെ കുറിച്ച് ആധികാരികമായി വിശദീകരിക്കാനാകുന്നത് പ്രൊഡ്യൂസര്‍ സുമേഷ്ലാലിനാണ്. മ്യൂസിക് മോജോയെ കുറിച്ചും അതിന്റെ ലേറ്റസ്റ്റ് സീസണിനെ കുറിച്ചും സുമേഷ്ലാല്‍ നല്കിയ അഭിമുഖം.
മ്യൂസിക് മോജോ സീസൺ 7 ലേക്കെത്തിയിരിക്കുന്നു. പത്ത് വർഷത്തോളമായി അതിന്റെ പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. കപ്പ ടിവിയുമായുള്ള ബന്ധത്തെക്കുറിച്ച്?
2013-ലാണ് കപ്പ ടിവിയുമായി സഹകരിക്കുന്നത്. സംഗീതവുമായി ബന്ധപ്പെട്ട് ഒരു സീരിയലൈസ്ഡ് പ്രോഗ്രാം ചെയ്യണമെന്നായിരുന്നു കിട്ടിയ നിര്‍ദേശം. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിനും മ്യുസീഷന്സിനും പരമാവധി സ്പേസ് നല്കുന്ന ഒരു പരിപാടിയാണ് കപ്പ മുന്നോട്ടുവെച്ചത്. പരിപാടിയില്‍നിന്നുള്ള സാമ്പത്തികലാഭത്തിനുപരിയായി കലാകാരന്മാര്ക്ക് അവസരമൊരുക്കുക എന്നതായിരുന്നു ചാനല്ഹെഡിന്റെ നയം. ഇപ്പോഴും ആ നയം തന്നെയാണ് കപ്പ തുടരുന്നത്. ഒരു സ്വകാര്യചാനലിന്റെ ടെക്നിക്കല്‍ വിങ്ങില്‍ 17 കൊല്ലം പ്രവര്‍ത്തിച്ചതിന് ശേഷമാണ് സംഗീതമേഖലയിലേക്ക് ഒരു പ്രൊഡ്യൂസറായി എത്തുന്നത്. റോസ്ബൗള്‍ എന്ന പരിപാടിയിലൂടെയായിരുന്നു അത്. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുമായി പരിചയബന്ധമുണ്ടായതും ഇക്കാലത്താണ്. കപ്പ ചാനലിന്റെ മെയിന്‍ ഷോ ആയിരുന്നു മ്യൂസിക് മോജോ. റോസ്ബൗള്‍ ചെയ്ത എക്സ്പീരിയന്‍സ് ഉണ്ടായിരുന്നതിനാല്‍ പുതിയൊരു പ്രോഗ്രാം ആരംഭിക്കുന്നത് തികച്ചും ആശങ്കാരഹിതമായിരുന്നു. അവിയല്‍ ബാന്‍ഡ്, ജോബ് കുര്യന്, നേഹ നായര്‍ തുടങ്ങിയ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിഷന്സുമായി റോസ്ബൗളിലൂടെ തന്നെ ബന്ധമുണ്ടായിരുന്നതിനാല്‍ അവരെയുള്‍പ്പെടെ മ്യൂസിക് മോജോയുടെ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാന്‍ പ്രയാസമുണ്ടായില്ല.
മ്യൂസിക് മോജോ സീസൺ 7 എന്തൊക്കെ മാജിക്കാണ് ആസ്വാദകർക്കായി ഒരുങ്ങിയിരിക്കുന്നത്?
കൊറോണവ്യാപനം മൂലം രണ്ട് കൊല്ലത്തോളം മ്യൂസിക് മോജോ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നുവെങ്കിലും ഏഴാമത്തെ സീസണ് കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായത്. സീസണ് 7ല്‍ അമ്പതോളം പാട്ടുകളാണ് കപ്പ ഒറിജിനല്‍സ് റിലീസ് ചെയ്യുന്നത്. മറ്റുസീസണുകളില് നിന്ന് വ്യത്യസ്തമായി ഇത്തവണ സിനിമാഗാനങ്ങളുള്പ്പെടെയുള്ള കവര്‍വേര്‍ഷനുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പുതിയ 50 ഗാനങ്ങളാണ് ഇത്തവണ മ്യൂസിക് മോജോയിലൂടെ എത്തുന്നത്. ആര്യ ദയാല്‍, ബാന്‍ഡ് രസിഗ, ബിനീത രഞ്ജിത്ത് മ്യൂസിക് കമ്പനി, ശ്രീനാഥ് നായര്‍ ലൈവ്, അമൃതം ഗമയ, ഐന്തിനായ്, ജാനകി ഈശ്വര്‍ ft. വര്‍ക്കി ആന്‍ഡ് ഫ്രണ്ട്സ്, സിദ്ധാര്‍ഥ് സുധി, മധുവന്തി നാരായണന് എന്നിവര്‍ പുതിയ സീസണില്‍ അതിഥികളായെത്തുന്നു. എല്ലാവരും പുതിയ പാട്ടുകളൊരുക്കി പരമാവധി സഹകരിച്ചു. മ്യൂസിക് മോജോയെ വെറുമൊരു പ്ലാറ്റ്ഫോമായല്ല ഈ കലാകാരന്മാര് നോക്കിക്കാണുന്നത്. അതിലുപരി തങ്ങളുടെ മാക്സിമം എഫര്‍ട്ടും ടാലന്റും മ്യൂസിക് മോജോയ്ക്കായി കടംനല്‍കാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതുവരെയുള്ള എല്ലാ സീസണിലും അങ്ങനെതന്നെയാണ്. പല ഭാഷകളിലുള്ള കലാകാരന്മാരെ മ്യൂസിക് മോജോയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള മ്യുസീഷന്‍സ് സംഗീതപ്രണയികള്ക്കായി കപ്പയുടെ പ്ലാറ്റ്ഫോമിലൂടെയെത്തിയിരുന്നു.
സ്വതന്ത്രസംഗീതമേഖല കേരളത്തിൽ അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്താണ് മ്യൂസിക് മോജോ എന്ന പ്ലാറ്റ്ഫോം കപ്പ കൊണ്ടുവന്നത്. പുതിയ സീസണിലെത്തി നിൽക്കുമ്പോൾ പ്രൊഡ്യൂസറെന്ന നിലയിൽ എന്താണ് തോന്നുന്നത്?
മ്യൂസിക് മോജോയുടെ പ്രാരംഭകാലത്ത് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് എന്നത് കേരളത്തില്‍ അത്ര പ്രചാരം നേടിയ മേഖലയായിരുന്നില്ല. എന്നാല്‍ സീനാകെ മാറി. ഒരുപക്ഷെ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക് ബാന്‍ഡുകള്‍ കേരളത്തിലേതാണ്. പുതുതലമുറയില്‍ ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കിന് ആരാധകരേറെയുണ്ട്. സിനിമാഗാനങ്ങള്‍ക്കൊപ്പം മറ്റ് ആല്‍ബങ്ങളേയും അവര്‍ ഏറ്റെടുക്കുന്നു. മ്യൂസിക് എന്നത് മാത്രമാണ് കേന്ദ്രം, അതില്‍ സിനിമാപ്പാട്ടെന്നോ ആല്‍ബം സോംഗെന്നോ ഉള്ള വേര്‍തിരിവ് ആസ്വാദകര്‍ ശ്രദ്ധിക്കുന്ന കാലം കടന്നുപോയിരിക്കുന്നു. സ്വതന്ത്രസംഗീതമേഖലയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ വികാസവും കൂടുതല്‍ പ്രേക്ഷകരേയും ശ്രോതാക്കളേയും ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കിലേക്ക് ആകര്‍ഷിക്കാനിടയാക്കി. മ്യൂസിക് മോജോ പോലുള്ള പ്രോഗ്രാമുകള്‍ അതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴും മ്യൂസിക് മോജോയുടെ മുന്സീസണുകള്ക്ക് യൂട്യൂബിലും മറ്റും വ്യൂവേഴ്സുണ്ട്. സ്പോട്ടിഫൈ പോലുള്ള ഓഡിയോ പ്ലാറ്റ്ഫോമുകളിലും റിപീറ്റ് വാല്യു കീപ് ചെയ്യാന്‍ മ്യൂസിക് മോജോയ്ക്ക് സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് മ്യൂസിക് മോജോയുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഏറ്റവും ആനന്ദം നല്‍കുന്നതും.
ഓരോ സീസണിനും വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്? എങ്ങനെയാണ് മ്യൂസിക് മോജോയിലെത്തുന്ന കലാകാരുടെ പ്രതികരണം?
നിരവധി സംഗീതപ്രതിഭകള്‍ ഇന്‍ഡിപെന്‍ഡെന്റ് മ്യൂസിക്കിലേക്ക് വരുന്നുണ്ട്. സിനിമാഗാനങ്ങള്‍ക്കൊപ്പം സ്വതന്ത്രസംഗീതത്തിനും അതിന്റേതായ സ്പേസ് ലഭിക്കുന്നതും കരിയര്‍ ഓപ്ഷനായി സ്വതന്ത്രസംഗീതരംഗത്തേക്ക് കടന്നുവരാന്‍ മ്യുസീഷന്‍സിന് പ്രോത്സാഹനം പകരുന്നു. ആർടിസ്റ്റ്സിന്റെ അവെയ്ലബിലിറ്റി അല്ല ആര്ടിസ്റ്റിനെ തിരഞ്ഞെടുക്കുക എന്നതാണ് മ്യൂസിക് മോജോയെ സംബന്ധിച്ച് ആദ്യത്തെ കടമ്പ. മ്യൂസീഷന്സിന്റെ സെലക്ഷന് കഴിഞ്ഞാല്‍ മൂന്ന്-നാല് മാസത്തെ സമയം അവര്‍ക്ക് നല്‍കും. അതിനുള്ളില്‍ അവര്‍ ഗാനങ്ങള്‍ സെറ്റ് ചെയ്ത് തരാറാണ് പതിവ്. അവരത് പൂര്‍ണമായും ആസ്വദിക്കുന്നുണ്ട്. സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ ഓരോ പാട്ടും ഏറ്റവും മികച്ചതാക്കാന്‍ അവര്‍ ശ്രമിക്കുന്നു, അതിനാല്‍ത്തന്നെ മികച്ച പ്രോഡക്ടാണ് നമുക്ക് ലഭിക്കുന്നത്. അവരും സാറ്റിസ്ഫൈഡ് ആകുന്നു, ഒപ്പം ആസ്വാദകരും. കോവിഡ് കാരണം മ്യൂസിക് മോജോയുടെ സീസണ് 6 ന് ശേഷം ഒരിടവേള വന്നിരുന്നു. സീസണ് 7ന്റെ ഷൂട്ട് കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. ചില സാങ്കേതികപ്രശ്നങ്ങള്‍ മൂലം സ്ട്രീമിങ് കുറച്ച് വൈകിയെന്നുമാത്രം. പക്ഷെ മ്യൂസിക് മോജോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ടെന്ന് സംഗീതപ്രേമികളുടെ പ്രതികരണത്തില്‍നിന്ന് മനസിലാക്കാന്‍ സാധിക്കാറുണ്ട്.
മ്യൂസിക് മോജോയുടേത് ഒരു ഇൻസ്റ്റുഡിയോ വിഷ്വലൈസേഷനാണല്ലോ, എന്തുകൊണ്ടാണ് മറ്റൊരു വിധത്തിലാകാമെന്ന് ചിന്തിക്കാത്തത്?
സ്റ്റുഡിയോയിൽ ആർട്ടിസ്റ്റ് പെർഫോം ചെയ്യുന്നതുപോലെത്തന്നെയാണ് ഗാനങ്ങളുടെ വിഷ്വലൈസേഷൻ ചെയ്തുവരുന്നത്. പാടുന്നയാളെ കാണുമ്പോൾ നമുക്ക് ആ പാട്ട് കൂടുതൽ എൻജോയ് ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഗാനമേളകൾ ഉൾപ്പെടെയുള്ള സ്റ്റേജ് ഷോകളിൽ കാഴ്ചക്കാർ കൂടുതൽ സജീവമാകുന്നത് ഉദാഹരണം. കൂടാതെ ഓരോ ഇൻസ്ട്രുമെന്റ് വായിക്കുന്നവരേയും ഫോക്കസ് ചെയ്യാനാകും. ഒരു പാട്ടെന്നത് ഒരു ടീംവർക്കാണ്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോത്തർക്കും അവരുടേതായ പ്രാധാന്യമുണ്ട്. ഒരോ ആർട്ടിസ്റ്റും ഇൻസ്ട്രുമെന്റ്സ് പ്ലേ ചെയ്യുമ്പോൾ അവരിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നതിലൂടെ അവരുടെ ഒരു വേർഷനും നമുക്ക് അനുഭവവേദ്യമാകുമെന്നതാണ് അതിന്റെ മെച്ചം. സിംഗറിനൊപ്പം മറ്റ് ആർടിസ്റ്റ്സിന്റേയും കമ്പൈൻഡ് കോൺട്രിബ്യൂഷനാണ് ഓരോ ഗാനവും. അതിനാൽ പങ്കാളികളാകുന്ന എല്ലാവരേയും വിഷ്വലിൽ കൊണ്ടുന്നാൽ കൂടുതൽ നന്നാകുമെന്ന് തോന്നി.
മ്യൂസിക് മോജോ എന്ന സംഗീതയാത്രയെ പ്രൊഡ്യൂസർ എന്ന നിലയിൽ സുമേഷ് ഏതുവിധത്തിലാണ് വിലയിരുത്തുന്നത്?
സ്വതന്ത്രസംഗീതമേഖലയില് പ്രവര്‍ത്തിക്കുന്നതും പുതിയതായി രംഗത്തെത്തിയതുമായ നിരവധി കലാകാരന്മാരെ സംഗീതപ്രേമികള്‍ക്കായി അവതരിപ്പിക്കാനായി എന്നതാണ് മ്യൂസിക് മോജോ എന്ന ജേണിയുടെ ഏറ്റവും വലിയ വിജയമെന്ന് കരുതാനാണിഷ്ടം. വൈറസ്, തൈക്കുടം ബ്രിഡ്ജ്, അമൃതം ഗമയ തുടങ്ങി മ്യൂസിക് മോജോയുമായി സഹകരിച്ച ഇന്‍ഡിപെന്‍ഡന്റ് ബാന്‍ഡുകളെല്ലാം മലയാളികള്‍ക്ക് ചിരപരിചതരും പ്രിയപ്പെട്ടവരുമായി മാറി. പുതിയ കലാകരന്മാര്ക്കൊപ്പം പ്ലേബാക്ക് സിംഗേഴ്സും മ്യൂസിക് മോജോയുടെ ഭാഗമായി. സിനിമാഗാനങ്ങളുടെ കവര്വേര്ഷനുകളും സ്വന്തമായി സൃഷ്ടിച്ച ഗാനങ്ങളുമായി സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ അവര്‍ വീണ്ടും വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടു. അക്കാരണത്താല്‍തന്നെ മ്യൂസിക് മോജോയുമായി സഹകരിക്കാന്‍ മ്യുസീഷന്‍സ് ഒരിക്കലും വിമുഖത കാണിച്ചിട്ടുമില്ല. അവര്‍ പൂര്‍ണമനസോടെ ഏറെ ആസ്വദിച്ചാണ് മ്യൂസിക് മോജോയില്‍ സഹകരിച്ചത്. ഓരോ സീസണിലും പുതുമുഖങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചിരുന്നു, അതുകൊണ്ടുതന്നെ പരിപാടിയില്‍ എപ്പോഴും പുതുമ നിലനിര്‍ത്താന്‍ സാധിച്ചു. അതാകാം ചിലപ്പോള്‍ മ്യൂസിക് മോജോയുടെ പത്തുവര്‍ഷത്തെ യാത്രയ്ക്ക് കാരണമായതും.