
ഏറ്റവുംകൂടുതൽ സിനിമകൾ സംസ്ഥാന അവാർഡിനെത്തിയ വർഷമായിരുന്നു ഇത്തവണ -160 സിനിമകൾ. ഇതിൽനിന്ന് അന്തിമപട്ടികയിലെത്തിയ മുപ്പത്തിയെട്ടിൽ ഇരുപത്തിരണ്ടും നവാഗത സംവിധായകരുടേതാണ്. മലയാള സിനിമയുടെ ഭാവിക്ക് ആശാവഹമാണിതെന്ന് ജൂറി വിലയിരുത്തി. സിനിമകളിലൂടെ കടന്നുപോയപ്പോൾ അദ്ഭുതകരമായ അനുഭവങ്ങളാണുണ്ടായതെന്നു പറഞ്ഞ ജൂറിചെയർമാനും ഹിന്ദി സംവിധാനയകനുമായ സുധീർമിശ്ര മലയാളത്തെ പ്രശംസിക്കാനും മറന്നില്ല.
മമ്മൂട്ടി, പൃഥ്വിരാജ്, വിജയരാഘവൻ… മികച്ച നടനാവാൻ ജൂറിക്കുമുന്നിൽ പേരുകൾ നിരന്നു. ഒടുവിൽ ജൂറി ഏകകണ്ഠമായെത്തിയത് ഒറ്റപ്പേരിൽ -പൃഥ്വിരാജ്സുകുമാരൻ.
വ്യാഴാഴ്ച രാത്രിനടന്ന അവസാന ചർച്ചകളിലും മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു മുന്നിൽ. ഒടുവിൽ തീരുമാനം പൃഥ്വിക്ക് അനുകൂലം. അഭിപ്രായങ്ങൾ പലതുണ്ടായെങ്കിലും അന്തിമവിധി ഐക്യത്തോടെ എന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ പ്രധാനപ്രത്യേകത.
ആടുജീവിതത്തിലൂടെ പൃഥ്വിരാജും കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളിലൂടെ മമ്മൂട്ടിയും ഇഞ്ചോടിഞ്ചാണ് പോരാടിയത്. നജീബായി മാറിയ പൃഥ്വിരാജിന്റെ ശരീരഭാഷയും ചലനങ്ങളും അദ്ദേഹത്തെ തുണച്ചു. മികച്ച നടനാകാനുള്ള മുൻനിര പേരുകാരിൽ ആർക്കെങ്കിലും അഭിനയത്തികവിന്റെ പേരുപറഞ്ഞ് ജൂറിഅവാർഡ് എന്നപതിവ് വേണ്ടെന്നുവെക്കുകയും ചെയ്തു.
ആനന്ദ് മൊണാലിസ മരണവും കാത്ത് എന്ന സിനിമയിലെ മുഖ്യകഥാപാത്രവും നേരിലെ ജഗദീഷും ഉൾപ്പെടെ ഒട്ടേറെതാരങ്ങളുടെ പ്രകടനം ശ്രദ്ധേയമാണെന്നു ജൂറിയിൽ ചിലർ സൂചിപ്പിച്ചു. മികച്ച നടിക്കായി ഉർവശിക്കും ബീന ആർ. ചന്ദ്രനുമൊപ്പം പാർവതിയുടേയും അനശ്വരരാജന്റെയുമൊക്കെ പേരുയർന്നു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിക്കൊപ്പം പാർവതിക്കും പുരസ്കാരമുണ്ടാകുമെന്ന് മിക്കവരും പ്രതീക്ഷിച്ചു. വിദ്യാധരൻമാസ്റ്റർക്ക് ഗായകനുള്ള പുരസ്കാരം നൽകാമെന്ന ശ്രീവത്സൻ ജെ. മേനോന്റെ അഭിപ്രായം എല്ലാവരും അംഗീകരിക്കുകയായിരുന്നു. സിനിമകളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് രണ്ടുപ്രാഥമിക ജൂറികൾ വിലയിരുത്തിയ 30 ശതമാനത്തോളം സിനിമ അന്തിമ ജൂറിക്ക് അയയ്ക്കുന്ന രീതിയാണ് സമീപവർഷങ്ങളായി തുടരുന്നത്. ആദ്യസമിതികൾ തള്ളുന്ന സിനിമകൾ വേണമെങ്കിൽ അന്തിമജൂറിക്ക് വിളിച്ചുവരുത്തി കാണാൻ വ്യവസ്ഥയുണ്ട്.
ഇത്തവണ കണ്ണൂർ സ്ക്വാഡ്, ഗഗനചാരി, പൊമ്പളൈ ഒരുമൈ എന്നീ സിനിമകൾ ഇങ്ങനെ വിളിച്ചുവരുത്തിക്കണ്ടു. ചുരുക്കപ്പട്ടികയിൽപ്പെട്ട 35 സിനിമയ്ക്കൊപ്പം വിളിച്ചുവരുത്തിയ മൂന്നും ചേർത്ത് 38 ചിത്രങ്ങളാണ് അന്തിമജൂറി പരിശോധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]