ഗീത എന്ന അംഗനവാടി ടീച്ചറായ സംഘര്‍ഷം നിറഞ്ഞ ജീവിതം പറഞ്ഞ തടവ് സിനിമയിലൂടെ ബീന ആര് ചന്ദ്രനെ തേടിയെത്തിയത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. രണ്ടുതവണ വിവാഹമോചിതയായ ഗീതയുടെ ജീവിതത്തിലൂടെയായിരുന്നു തടവ് സിനിമയുടെ സഞ്ചാരം. ഗീതയിലൂടേയും അവരുടെ അടുത്ത സുഹൃത്തുക്കളായ ഉമ, ഹംസ എന്നിവരിലൂടേയുമാണ് സിനിമ വികസിക്കുന്നത്. പ്രധാന കഥാപാത്രമായ ഗീതയെ അവതരിപ്പിച്ച ബീന ആര്. ചന്ദ്രന് ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതയുടെ ജീവിതത്തോടുള്ള തിരസ്കാര മനോഭാവവും പിന്നീടുണ്ടാകുന്ന മാറ്റങ്ങളുമാണ് ഒട്ടും ഏറാതെയും കുറയാതെയും അവര്‍ സ്ക്രീനിലെത്തിച്ചത്.
തടവ് സിനിമയുടെ നിരൂപണം വായിക്കാം..
പ്രാദേശികതയില്‍ ഊന്നിനില്ക്കുന്ന പശ്ചാത്തലം, പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങള്‍, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന പരിചരണം, സാധാരണമായിത്തുടങ്ങി അസാധാരണ സാഹചര്യങ്ങളിലേക്ക് വികസിക്കുന്ന കഥ. പല ഘടകങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് ഫാസില്‍ റസാഖിന്റെ ‘തടവ്’ എന്ന ആദ്യചിത്രം.
അംഗനവാടി ടീച്ചറായ ഗീതയുടെ കഥയാണ് ‘തടവ്’ പറയുന്നത്. രണ്ടുതവണ വിവാഹമോചിതയായ ഗീതയ്ക്ക് രണ്ട് പെണ്‍മക്കളുണ്ടെങ്കിലും ഒറ്റയ്ക്കാണ് താമസം. കലാതല്പരയാണെങ്കിലും ജീവിതാനുഭവങ്ങള്‍ അവരെ ഒരു കര്ക്കശക്കാരിയാക്കി മാറ്റിയിട്ടുണ്ട്. അയല്‍വാസിയും അധ്യാപികയുമായ ഉമയും ബാങ്ക് ജീവനക്കാരനായ ഹംസയുമാണ് അവരുടെ അടുത്ത സുഹൃത്തുക്കള്‍. ഗീതയുടെ എന്താവശ്യത്തിനും ഓടിയെത്തുന്നതും ഇവരാണ്.
സാമ്പത്തിക പരാധീനതകള്‍ വളരെ ഞെരുക്കുന്നുണ്ട് ഗീതയെ. മകളെ കൃത്യമായി ആശുപത്രിയില്‍ കാണിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഇളയ കുട്ടിയെ ഒപ്പം താമസിപ്പിക്കാനുള്ള അവസരം കൂടി അവര്‍ക്കില്ലാതാവുന്നത്. പിന്നീട് അംഗനവാടിയിലുണ്ടാകുന്ന പ്രശ്നങ്ങളും അസുഖവും അവരെ പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുന്നു. ഇതോടെ ഗീതയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കുറ്റകൃത്യത്തിന് പദ്ധതിയിടുകയാണ്.
ഗീതയും മക്കളും മുന്‍ ഭര്ത്താക്കന്മാരും സുഹൃത്തുക്കളുമൊക്കെ തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും വൈരവും പ്രണയവുമെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ തെളിമയോടെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അത്ര സാധാരണമല്ലാത്ത സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോഴും കഥാപാത്രങ്ങളെയും അവരുടെ ചെയ്തികളെയും വിശ്വസനീയമായി അവതരിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിലിനായി. ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കഥയിലുടനീളം നിലനിര്‍ത്തിയിരിക്കുന്ന കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ‘തടവി’ന്റെ മാറ്റ് കൂട്ടുന്നുണ്ട്.
അഭിനേതാക്കളുടെ കഥാപശ്ചാത്തലത്തില്‍ വേരൂന്നി നില്ക്കുന്ന പ്രകടനവും എടുത്തുപറയണം. പ്രധാന കഥാപാത്രമായ ഗീതയെ അവതരിപ്പിച്ച ബീന ആര്. ചന്ദ്രന് ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതയുടെ ജീവിതത്തോടുള്ള തിരസ്കാര മനോഭാവവും പിന്നീടുണ്ടാകുന്നമാറ്റങ്ങളും ഒട്ടും ഏറാതെയും കുറയാതെയും അവര്‍ സ്ക്രീനിലെത്തിച്ചിരിക്കുന്നു. ഉമയായി എത്തിയ അനിതയും ഹംസയെ അവതരിപ്പിച്ച സുബ്രഹ്മണ്യനും തുടങ്ങിയ താരങ്ങളെല്ലാം അഭിനയത്തില്‍ മികച്ചുനിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]