
അടുത്തകാലത്തായി ഇറങ്ങുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഉത്തരേന്ത്യയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മിക്കവാറും ചിത്രങ്ങളെല്ലാംതന്നെ പ്രാദേശിക മാര്‍ക്കറ്റിന് പുറമേ, പാന്‍- ഇന്ത്യന്‍ റീച്ച് ലക്ഷ്യംവെച്ചാണ് ഇപ്പോള്‍ നിര്‍മിക്കപ്പെടുന്നത്. ഇത്തരം ചിത്രങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വീകാര്യത ലഭിക്കുന്നതില്‍ വിതരണക്കാര്‍ക്കും വലിയ പങ്കുണ്ട്. ഏറ്റവും ഒടുവില്‍ തെലുങ്കില്‍നിന്നുള്ള അല്ലു അര്ജുന് ചിത്രം പുഷ്പ 2: ദി റൂളിന്റെ വിജയത്തോടെ ഇത്തരം വിതരണക്കാരുടെ പങ്കും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗവും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് അനില്‍ തഡാനി എന്ന ഡിസ്ട്രിബ്യൂട്ടറുടെ പേരും വലിയ രീതിയില്‍ ചര്‍ച്ചയായത്. ആരാണ് അനില്‍ തഡാനി?
പ്രമുഖ ബോളിവുഡ് നടി രവീണ ടണ്ഠന്റെ ഭര്‍ത്താവ് അനില്‍ തഡാനി ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടർമാരിൽ ഒരാളാണ്. സൗത്ത് ഇന്ത്യയില്‍നിന്നടക്കമുള്ള വലിയ പാന്‍- ഇന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യയിലെ തിയ്യേറ്ററുകളില്‍ എത്തിച്ചത് അനില്‍ തഡാനിയുടെ എ.എ. ഫിലിംസ് ആണ്. ഹിന്ദി, ഹിന്ദി ഡബ്ബ്ഡ് ചിത്രങ്ങളാണ് തഡാനിയുടെ എ.എ. ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ പുഷ്പ 2-വിന് വലിയ സ്വീകാര്യത ലഭിച്ചതില്‍ തഡാനിയുടെ എ.എ. ഫിലിംസിന് വലിയ പങ്കാണുള്ളത്.
1993-ല്‍ സ്ഥാപിക്കപ്പെട്ട എ.എ. ഫിലിംസ് അടുത്ത വര്‍ഷം യേഹ് ദില്ലഗി എന്ന ചിത്രത്തോടെയാണ് വിതരണരംഗത്തേക്ക് ഇറങ്ങുന്നത്. 2015 മുതല്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള ഹിന്ദി ഡബ്ബ്ഡ് ചിത്രങ്ങളും പ്രദര്ശനത്തിനെത്തിച്ചുതുടങ്ങി. എസ്.എസ്. രാജമൗലിയുടെ ബാഹുബലി: ദി ബിഗിനിങ് ആയിരുന്നു കമ്പനി പ്രദര്‍ശനത്തിനെത്തിച്ച ആദ്യ ഹിന്ദി ഡബ്ബ്ഡ് സൗത്ത് ഇന്ത്യന്‍ ചിത്രം. ബാഹുബലിയുടെ രണ്ടാംഭാഗം, കെ.ജി.എഫ്. ഒന്ന്, രണ്ട് ഭാഗങ്ങള്‍, പൃഥ്വിരാജ് നായകനായ ആടുജീവിതം, അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സലാര്‍ എന്നിവയും അനില്‍ തഡാനി വിതരണത്തിനെത്തിച്ച് വലിയ വിജയം നേടിയ ചിത്രങ്ങളാണ്. അതേസമയം, ആദിപുരുഷും ദേവരയുമടക്കം തഡാനി പ്രദര്ശനത്തിനെത്തിച്ചിട്ടും നോര്‍ത്ത് ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിയില്ല.
2003-ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അനില്‍ തഡാനിയും രവീണ ടണ്ഠനും പരിചയപ്പെടുന്നത്. ആ വര്‍ഷം അവസാനം ഇരുവരും തമ്മില്‍ വിവാഹം ഉറപ്പിച്ചു. തൊട്ടടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും ഉദയ്പുരില്വെച്ച് വിവാഹിതരായി. റാഷ തഡാനി, രണ്‍ബീര്‍വര്‍ധന്‍ എന്നിവരാണ് മക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]