
ഒരു ട്വീറ്റിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് തമിഴിലെ യുവനടൻ വിഷ്ണു വിശാൽ. അതിന് കാരണമായതാകട്ടെ രജനികാന്ത് ആരാധകരുടെ കൂട്ട സൈബർ ആക്രമണവും. ഒടുവിൽ ട്വീറ്റിൽ തിരുത്തൽ വരുത്തിയതോടെയാണ് താരത്തിന് അല്പമെങ്കിലും ശ്വാസം തിരിച്ചുകിട്ടിയത്.
രണ്ടുദിവസം മുമ്പ് കമൽഹാസനും ആമിർ ഖാനുമൊപ്പം നിൽക്കുന്ന ചിത്രം വിഷ്ണു വിശാൽ ട്വീറ്റ് ചെയ്തിരുന്നു. എല്ലാ പ്രിയപ്പെട്ടവരുമുള്ള പ്രിയപ്പെട്ട ചിത്രം, സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾകൊണ്ടും സൂപ്പർ സ്റ്റാറുകളാണ് എന്നായിരുന്നു ഈ ചിത്രത്തിന് വിഷ്ണു നൽകിയ തലവാചകം. എന്നാൽ ഈ കുറിപ്പ് രജനികാന്ത് ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. വിഷ്ണുവിനെതിരെ രജനി ആരാധകരിൽ നിന്ന് രൂക്ഷവിമർശനവും പരിഹാസങ്ങളും ഉയർന്നു. രജനികാന്ത് മാത്രമേ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹനായിട്ടുള്ളൂ എന്ന് അവർ വാദിച്ചു.
സൈബർ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തിൽ നിന്ന് സൂപ്പർ എന്ന വാക്ക് വിഷ്ണു വിശാൽ നീക്കംചെയ്തു. ഇതോടെയാണ് രജനി ആരാധകർ അടങ്ങിയത്. സ്റ്റാറും സൂപ്പർ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. രജനികാന്ത് ആരാധകരുടെ ആക്രമണത്തിൽ പോസ്റ്റ് എഡിറ്റ് ചെയ്യാൻ നിർബന്ധിതനായ വിഷ്ണുവിനെയോർത്ത് സഹതാപമുണ്ടെന്നായിരുന്നു വേറൊരു കമന്റ്.
അതേസമയം വിഷ്ണു പോസ്റ്റ് എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നഭിപ്രായപ്പെട്ട രജനികാന്ത് ആരാധകരുമുണ്ട്. മുതിർന്ന താരങ്ങളെ പൊതുവേ സൂപ്പർ സ്റ്റാറുകൾ എന്നുവിളിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.
ഇതിനുപിന്നാലെ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വിഷ്ണു തന്നെ രംഗത്തെത്തി. സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾകൊണ്ടും സൂപ്പർ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവർത്തിച്ചു. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ദുർബലനാണെന്ന് കരുതരുത്. സൂപ്പർ താരങ്ങളായ എല്ലാവരേയും താനിഷ്ടപ്പെടുന്നു. സൂപ്പർ സ്റ്റാർ പദവിയുള്ള ഒരാൾ മാത്രമേ ഉണ്ടാവൂ. എല്ലാവരെയും സ്നേഹിക്കുക, സ്നേഹം പ്രചരിപ്പിക്കുക. വെറുപ്പല്ല. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് വിഷ്ണു വിശാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വിക്രാന്താണ് മറ്റൊരു പ്രധാനവേഷത്തിൽ. ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന കഥാപാത്രമായി കാമിയോ വേഷത്തിൽ രജനികാന്തുമുണ്ട്. ലൈക്ക പ്രൊഡക്ഷൻസാണ് ലാൽ സലാം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]